ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയത് അഞ്ച് മണിക്കൂർ, ഭയാനകമായ അനുഭവമെന്ന് സൊണാലി കുൽക്കർണി

#മൂവി ഡെസ്ക്
സൊണാലി കുൽക്കർണി | ഫോട്ടോ: PTI
സൊണാലി കുൽക്കർണി | ഫോട്ടോ: PTI

മുംബൈയിൽനിന്ന് പുണെയിലേക്കുള്ള യാത്രാമധ്യേ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്കിൽ അകപ്പെട്ട അനുഭവം പങ്കിട്ട് നടി സൊണാലി കുൽക്കർണി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് താരത്തിന് ഈ ദുരനുഭവം ഉണ്ടായത്. റോഡിൽ വാഹനങ്ങൾ ഒരടി പോലും നീങ്ങാത്ത അവസ്ഥയിൽ മണിക്കൂറുകളോളമാണ് അവർക്ക് കുടുങ്ങിക്കിടക്കേണ്ടിവന്നത്. അത്യന്തം ഭയാനകമായ അനുഭവമെന്നാണ് സോണാലി ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.

മുംബൈയിലെ മാൻഖുർദ് പാലത്തിലാണ് സോണാലി അഞ്ചു മണിക്കൂറോളം ഒരേ സ്ഥലത്ത് കുടുങ്ങിപ്പോയത്. താൻ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ട നിരയാണെന്നും, ഒരടി പോലും മുന്നോട്ട് പോകാനോ പിന്നോട്ട് തിരിയാനോ കഴിയാത്ത വിധം നിസ്സഹായമായ അവസ്ഥയിലാണെന്നും അവർ വീഡിയോയിൽ പറഞ്ഞു. അഞ്ചു മണിക്കൂർ നേരം ഒരേ സ്ഥാനത്ത് തുടരേണ്ടി വരുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. സഹായത്തിനായി ട്രാഫിക് കൺട്രോൾ ടീമിനെ ബന്ധപ്പെട്ടപ്പോൾ, ക്ഷമയോടെ കാത്തിരിക്കാൻ മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.

കുരുക്ക് എപ്പോൾ തീരുമെന്ന കാര്യത്തിൽ ട്രാഫിക് വിഭാഗത്തിന് കൃത്യമായ ഉറപ്പൊന്നും നൽകാൻ കഴിഞ്ഞിരുന്നില്ലെന്ന് സൊണാലി പറഞ്ഞു. പോലീസുകാർക്ക് റോഡിന്റെ മറുവശത്തുനിന്നെങ്കിലും എത്താനാകുമോ എന്ന് അവർ വീഡിയോയിലൂടെ ആരായുകയും ചെയ്തു.

സൊണാലിയുടെ വീഡിയോ പുറത്തുവന്നതോടെ നിരവധി യാത്രക്കാർ തങ്ങൾക്കുണ്ടായ സമാനമായ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ബാന്ദ്ര-കുർള കോംപ്ലക്സിൽ (BKC) നിന്ന് വാശി പാലം വരെയുള്ള യാത്രയ്ക്ക് തനിക്ക് ഏഴ് മണിക്കൂർ വേണ്ടിവന്നുവെന്നും വഴിയിലുടനീളം ഒരു ട്രാഫിക് പോലീസ് പോലും ഉണ്ടായിരുന്നില്ലെന്നും ഒരാൾ കമന്റ് ചെയ്തു. മറ്റൊരു യാത്രക്കാരൻ താൻ മൂന്ന് മണിക്കൂർ കുരുക്കിൽപ്പെട്ട കാര്യം സൂചിപ്പിച്ചപ്പോൾ, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് ഇതൊക്കെയെന്ന് മറ്റു ചിലർ വിമർശിച്ചു.

ബോളിവുഡ്, മറാഠി സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സൊണാലി. 1992-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ചെലൂവി'യിലൂടെ 18-ാം വയസ്സിലാണ് അവർ അരങ്ങേറ്റം കുറിച്ചത്. മിഷൻ കാശ്മീർ, പ്യാർ ട്യൂൺ ക്യാ കിയാ, ദിൽ ചാഹ്താ ഹൈ, ടാക്സി നമ്പർ 9211, സിംഗം, ഛൈത്ര, പെൻഷൻ, ലവ്, സിത്താര തുടങ്ങിയ വിവിധ സിനിമകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Acclaimed actor Sonali Kulkarni shared a distressing video from the Mankhurd bridge after being stuck in a standstill traffic jam for over five hours while traveling to Pune, highlighting the deteriorating infrastructure and lack of on-ground assistance from traffic control.