ഷൂട്ടിങ്ങിനിടെ ബോട്ടപകടം, നടനും ഗായകനുമായ വിജയ് ആന്റണിക്ക് പരിക്ക്

വിജയ് ആന്റണി | ഫോട്ടോ: www.facebook.com/vijayantonyofficial/photos
വിജയ് ആന്റണി | ഫോട്ടോ: www.facebook.com/vijayantonyofficial/photos

പുതിയ ചിത്രമായ പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടനും ​ഗായകനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. മലേഷ്യയിൽ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി.എസ്. അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു. 

മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരം​ഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നെന്ന് അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാ​ഗമാണിത്. ശശിയാണ് ആദ്യഭാ​ഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആ​ഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സം​ഗീതസംവിധാനവും നിർമാണവും.

ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോ​ഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. തമിളരസൻ, അ​ഗ്നി സിറകുകൾ, കാക്കി, കൊലൈ, രത്നം, മഴൈ പിടിക്കാത മനിതൻ എന്നിവയാണ് വിജയ് ആന്റണിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: actor singer vijay met with a boat accident in malaysia, pichaikkaran 2