‘എന്റെ ആയുസ്സിൽനിന്നും 10 വർഷം അച്ഛന് നൽകാൻ സാധിച്ചിരുന്നെങ്കിൽ’; വൈകാരിക കുറിപ്പുമായി ശന്തനു

#മൂവി ഡെസ്ക്
ശന്തനുവും ഭാ​ഗ്യരാജും | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ശന്തനുവും ഭാ​ഗ്യരാജും | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി

തമിഴ് സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ വേർപാട് ചലച്ചിത്ര ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ജൂൺ 27-ന് ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു 73-കാരനായ അദ്ദേഹത്തിന്റെ അന്ത്യം. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ മകനും നടനുമായ ശന്തനു ഭാഗ്യരാജ് പങ്കുവെച്ച വൈകാരികമായ കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

പിതാവിന്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികാഘോഷ വേളയിലെ ഒരു പഴയ വീഡിയോ ആണ് ശന്തനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ആയുസ്സിൽ നിന്നും 10 വർഷം അച്ഛന് നൽകാൻ സാധിച്ചിരുന്നെങ്കിൽ അദ്ദേഹം ഇനിയും ഒരുപാട് സിനിമകൾ ചെയ്യുമായിരുന്നു എന്ന് ശന്തനു വീഡിയോയിൽ പറയുന്നുണ്ട്.

"എനിക്ക് സാധിക്കുമെങ്കിൽ, എന്റെ ജീവിതകാലത്തിലെ 10 വർഷം എന്റെ പിതാവിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾ ഇനിയും 10 വർഷവും അതിൽ കൂടുതലും സിനിമകൾ ചെയ്യേണ്ടതുണ്ട്. ഇനിയും നിരവധി കഥകൾ നിങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഒരു ആരാധകൻ എന്ന നിലയിലും ഒരു വിദ്യാർത്ഥി എന്ന നിലയിലും, ഞാൻ അത് കാണാനും പഠിക്കാനും ആഗ്രഹിക്കുന്നു." ശന്തനുവിന്റെ വാക്കുകളിങ്ങനെയായിരുന്നു. അപ്പ, എനിക്ക് അതിന് സാധിച്ചിരുന്നെങ്കിൽ എന്ന അടിക്കുറിപ്പോടെയാണ് ശന്തനു ഈ വീഡിയോ പങ്കുവെച്ചത്.

ഭാഗ്യരാജിന്റെ മകളും ഫാഷൻ ഡിസൈനറുമായ ശരണ്യ ഭാഗ്യരാജും അച്ഛന്റെ ഓർമ്മകളിൽ വിതുമ്പുന്ന പോസ്റ്റുമായി എത്തി. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും തന്റെ കുഞ്ഞിനൊപ്പമുള്ള ഭാഗ്യരാജിന്റെ നിമിഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ മൊണ്ടാഷ് ആണ് ശരണ്യ പങ്കുവെച്ചത്. തിരക്കുകൾക്കിടയിലും തങ്ങൾക്കിടയിലുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ. അച്ഛന്റെ ഫോണിൽ നിന്നുള്ള നിരവധി മിസ്സ്ഡ് കോളുകളെക്കുറിച്ചും ശരണ്യ ഹൃദയസ്പർശിയായി കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഭാഗ്യരാജിന് വിട

ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന്‌ ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1980-കളിലും 90-കളിലും തമിഴ് സിനിമയിൽ വൻ ഹിറ്റുകളായി മാറിയ കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഭാഗ്യരാജ്. 25 സിനിമകൾ സംവിധാനം ചെയ്തു. 75-ലേറെ സിനിമകളിൽ അഭിനയിച്ചു. ഒട്ടേറെ തിരക്കഥകളെഴുതി. സംഗീതവും ചിത്രസംയോജനവും നിർവഹിച്ചു. തുടർച്ചയായി പത്ത് സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനെന്ന റെക്കോഡിനും ഉടമയാണ്.

കുട്ടിക്കാലത്തെ നാടകാഭിനയവും എം.ജി.ആർ. ആരാധനയുമാണ് സിനിമയിലേക്കെത്തിച്ചത്. പ്രമുഖ സംവിധായകൻ ഭാരതിരാജയ്‌ക്കൊപ്പം ‘16 വയതിനിലേ’ എന്ന സിനിമയിൽ സംവിധാന സഹായിയായി തുടക്കം. ഒപ്പം ചെറിയ വേഷവും. ഭാരതിരാജയുടെ തന്നെ ‘കിഴക്ക് പൂക്കും റെയിലി’ലൂടെ തിരക്കഥാ-സംഗീത സംവിധാന സഹായിയും ‘സിഗപ്പു റോജാക്കളുടെ’ സംഭാഷണരചയിതാവുമായി. 1979-ൽ ‘സുവരില്ലാത സിത്തിരങ്കൾ’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. മൗനഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, ഡാർലിങ് ഡാർലിങ്, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, സുന്ദര കാണ്ഡം, രാസുകുട്ടി തുടങ്ങി ഒട്ടേറെ ഹിറ്റുകളൊരുക്കി. പലതിലും ഭാഗ്യരാജ് തന്നെ നായകൻ.

‘മിസ്റ്റർ മരുമകൻ’ എന്ന മലയാള സിനിമയിലും അഭിനയിച്ചു. ‘സിദ്ദു പ്ലസ് ടു’ ആണ് അവസാനം സംവിധാനം ചെയ്ത സിനിമ. ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഉർവശിയെ അഭിനയരംഗത്തെത്തിച്ചത് ഭാഗ്യരാജാണ്. തെലുഗു, ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ടെലിവിഷൻ പരമ്പരകളും ഒരുക്കി. 1983-ൽ ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരവും 2014-ൽ സിമ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും നേടി. ഒട്ടേറെ നോവലുകൾ രചിച്ചു. ‘ഭാഗ്യ’ എന്ന വാരികയുടെ പത്രാധിപരുമായിരുന്നു.

ഭാഗ്യരാജിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്തു. ഏതാനും വർഷം മുൻപുതന്നെ തന്റെ കണ്ണുകൾ ദാനംചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിരുന്നു. അതുപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ നഗരത്തിലെ ഒരു ആശുപത്രിക്ക് ദാനം ചെയ്തു. അന്തരിച്ച നടി പ്രവീണയാണ് ആദ്യ ഭാര്യ. പിന്നീട് തമിഴ്-മലയാളം ചിത്രങ്ങളിലെ മുൻ നായിക പൂർണിമയെ വിവാഹം ചെയ്തു.

Content Highlights: Days after legendary Tamil filmmaker K Bhagyaraj was laid to rest with full state honors in Chennai, his children—actor Shanthnu Bhagyaraj and fashion designer Saranya Bhagyaraj—have moved netizens to tears with deeply personal and emotional social media tributes dedicated to their late father.