'എന്റെ പട്ടട കാണാൻ പോലും നീ വരരുത് എന്നാണ് എന്നോട് സന്തോഷേട്ടൻ അവസാനമായി പറഞ്ഞത്’; വൈകാരിക കുറിപ്പ്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിലാണ് മലയാള സിനിമാലോകം. ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച സന്തോഷ് നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയും ഓർമകൾ പങ്കുവെച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമത്തിൽ കുറിപ്പുകൾ പങ്കുവെച്ചത്. വായിക്കുന്നവരുടെ ഹൃദയം തകർക്കുന്നൊരു കുറിപ്പിലൂടെ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ കടുത്ത ദുഃഖം പങ്കുവെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ.
താനുമായി അടുത്ത സൗഹൃദമുള്ളയാളായിരുന്നു സന്തോഷ് നായരെന്ന് സിദ്ധു പറയുന്നു. വർഷങ്ങളായി തന്റെ നാടായ ഗുരുവായൂരിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു തെറ്റിദ്ധാരണ കാരണം അദ്ദേഹം താനുമായി പിണങ്ങുകയും തന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 'എന്റെ പട്ടട കാണാൻ പോലും നീ വരരുത്' എന്നാണ് അദ്ദേഹം തന്റെ ഫോണിലേക്ക് അവസാനം അയച്ച ശബ്ദസന്ദേശമെന്നും അതൊരു അറംപറ്റിയ വാക്കായി ഇപ്പോൾ തോന്നുന്നുവെന്നും സിദ്ധു പനയ്ക്കൽ പറഞ്ഞു.
സിദ്ധു പനയ്ക്കലിന്റെ കുറിപ്പ്
വളരെ സങ്കടകരമായ ഒരു വാർത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയത്. നടൻ സന്തോഷേട്ടന്റെ മരണം. സന്തോഷേട്ടനുമായി 38 വർഷത്തെ പരിചയമുണ്ട്. ഞാൻ വർക്ക് ചെയ്ത കുറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറേ വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ഇരിങ്ങാ പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്.
ഏകദേശം 10 മാസങ്ങൾക്ക് മുൻപ് രാത്രി 10 മണി കഴിഞ്ഞ സമയത്ത് എനിക്കൊരു ഫോൺ വന്നു. ഒരു പ്രൊഡക്ഷൻ കമ്പനിയിൽ നിന്നാണ്. സന്തോഷേട്ടനെ പരിചയമുണ്ടോ എന്നാണ് ചോദ്യം. പരിചയമുണ്ടെങ്കിൽ അദ്ദേഹത്തെ ഒന്ന് വിളിച്ച് ഒരു കാര്യം ചോദിക്കണം എന്ന് എന്നെ ഏൽപ്പിച്ചു.
ആ കമ്പനിയുടെ ഒരു ഷൂട്ടിംഗ് നടക്കുകയാണ്. വരാമെന്ന് ഏറ്റിരുന്ന ആർട്ടിസ്റ്റിനു പെട്ടെന്ന് വരാൻ പറ്റാത്ത ആവുകയും നാളെ ഷൂട്ടിംഗ് നടക്കണമെങ്കിൽ മറ്റൊരാളെ കണ്ടെത്തുകയും വേണം. അവർ ആലോചിച്ചപ്പോൾ സന്തോഷേട്ടൻ ആണ് അതിനു പറ്റിയ ആൾ. അവർ വിളിച്ചു പക്ഷേ ഫോൺ എടുക്കുന്നില്ല. അതാണ് എന്നെ ആ ദൗത്യം ഏൽപ്പിച്ചത്.
ഞാൻ വിളിച്ചു രാത്രി പത്തരയ്ക്ക് സന്തോഷേട്ടൻ ഫോൺ എടുത്തു. ഞാൻ കാര്യം പറഞ്ഞു. ഞാൻ വർക്ക് ചെയ്യുന്ന സിനിമയല്ല. സന്തോഷേട്ടനെ അവർ വിളിച്ചിട്ട് എടുക്കുന്നില്ല അതുകൊണ്ട് എന്നെ ഏൽപ്പിച്ചതാണ്. ഞാൻ ആ കമ്പനിയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന് നമ്പർ കൊടുക്കും അവർ വിളിക്കും. കാര്യങ്ങൾ നിങ്ങൾ തമ്മിൽ സംസാരിച്ചോളൂ. നാളെ ഷൂട്ടിംഗ് ആയതുകൊണ്ട് ഇന്ന് തന്നെ പുറപ്പെടേണ്ടി വരും. അദ്ദേഹം സമ്മതിച്ചു. ഞാൻ ആ പ്രോഡക്ഷൻ എക്‌സിക്യൂട്ടീവിന് നമ്പർ കൊടുക്കുകയും ചെയ്തു.
പിറ്റേന്ന് ഉച്ചയോടു കൂടി എനിക്ക് സന്തോഷേട്ടന്റെ രണ്ട് ശബ്ദ സന്ദേശങ്ങൾ ആണ് വരുന്നത്. അതിൽ ഒന്ന് ഇങ്ങനെയായിരുന്നു. 'നീ ഇനി എന്നെ വിളിക്കരുത് നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു'
രണ്ടാമത്തെ ശബ്ദ സന്ദേശം കേട്ടപ്പോൾ എനിക്ക് നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി. അത് ഒരു അറം പറ്റിയ വാക്കായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.
'എന്റെ പട്ടട കാണാൻ പോലും നീ വരരുത്. എന്നെ ആക്കാൻ വേണ്ടി വിളിക്കരുത്.'
ഇതെന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ആ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെ വിളിച്ചു. അയാൾ പറഞ്ഞു ഞങ്ങൾ ഇന്നലെ സന്തോഷേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പുറപ്പെടാൻ റെഡിയുമായിരുന്നു. വേറെയും ചില കാരണങ്ങൾ കൊണ്ട് പിറ്റേന്ന് ആ ഷൂട്ടിംഗ് നടത്താൻ പറ്റാതെ വന്നു. അത് സന്തോഷേട്ടനെ അറിയിക്കുകയും ചെയ്തു.
സന്തോഷേട്ടനെ കളിയാക്കാൻ വേണ്ടി ആ രാത്രി വിളിച്ചതാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്ന് തോന്നുന്നു. ഞാൻ വർക്ക് ചെയ്യാത്ത എനിക്കൊരു ബന്ധവുമില്ലാത്ത സിനിമ. ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാൻ പോയതാണ് ഞാൻ. അത് സന്തോഷേട്ടനെ കളിയാക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു.
ഞാനുമായി നല്ല സൗഹൃദമുള്ള ആളായിരുന്നു അദ്ദേഹം. വർഷങ്ങളായി അദ്ദേഹം എന്റെ നാടായ ഗുരുവായൂരിൽ ആണ് താമസിക്കുന്നത്. കുറച്ചുകാലമായി അദ്ദേഹം ഞാൻ വർക്ക് ചെയ്യുന്ന സിനിമയിൽ അഭിനയിച്ചിട്ടെങ്കിലും ഗുരുവായൂരിൽ വച്ച് പലപ്പോഴും കാണാറുണ്ട്. നല്ല പരിചയമുള്ള ഒരാൾ വെറും തെറ്റിദ്ധാരണയുടെ പേരിൽ എന്റെ പട്ടട കാണാൻ പോലും നീ വരരുത് പറഞ്ഞപ്പോൾ അത് എനിക്ക് വലിയ സങ്കടമായി.
അതിനുശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇന്നലെ ഈ വാർത്ത കേട്ടപ്പോൾ എന്റെ വാട്‌സാപ്പിൽ കിടക്കുന്ന ആ വോയിസ് ഞാൻ ഒന്നുകൂടി കേട്ടു.
ഇന്ന് ഞാൻ ഗുരുവായൂർ ഉണ്ട്. ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല. കാണാൻ പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല.
അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Content Highlights: The Malayalam film industry is in shock following the death of actor Santhosh Nair in a car accident. Production controller Sidhu Panakkal shared a moving tribute, revealing a painful misunderstanding that left them estranged. Nair's final voice message to Sidhu, telling him not to attend his funeral, has left the latter devastated.