പേരിനൊപ്പം നാടിനെ ചേർത്തുപിടിച്ച നടൻ; പൂജപ്പുര രവിയുടെ മേൽവിലാസം മാറുന്നു, ഇനി മറയൂർ പി.ഒ.

പൂജപ്പുര രവി മകൾ ലക്ഷ്മിക്കും കൊച്ചുമക്കളായ ഗായത്രി, മാധവ്, പ്രണവ് എന്നിവർക്കൊപ്പം ചെങ്കള്ളൂരിലെ വീട്ടിൽ, പൂജപ്പുര രവി | ഫോട്ടോ: മാതൃഭൂമി
പൂജപ്പുര രവി മകൾ ലക്ഷ്മിക്കും കൊച്ചുമക്കളായ ഗായത്രി, മാധവ്, പ്രണവ് എന്നിവർക്കൊപ്പം ചെങ്കള്ളൂരിലെ വീട്ടിൽ, പൂജപ്പുര രവി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മേൽവിലാസം മാറ്റാനൊരുങ്ങുകയാണ് പേരിനൊപ്പം നാടിനെ ചേർത്തുപിടിച്ച നടൻ പൂജപ്പുര രവി. നാടിനെയും ചെങ്കള്ളൂർ മഹാദേവരെയും എണ്ണമറ്റ സുഹൃത്ത് ബന്ധങ്ങളെയും വിട്ട് മറയൂരിന്റെ തണുപ്പിലേക്കാണ് അദ്ദേഹം പോകുന്നത്.

മകൾ ലക്ഷ്മിക്കും കുടുംബത്തിനുമൊപ്പം മൂന്നാറിനടുത്ത് മറയൂരിലാകും ഇനി താമസം. നാടകപ്രവർത്തകനായും സിനിമാ നടനായും നാടാകെ യാത്ര ചെയ്യുമ്പോഴും നാടിനെ പേരിൽ ചേർത്ത് ഒപ്പം കൊണ്ടുപോയി. തിരക്കുപിടിച്ച അഭിനയജീവിതത്തിലും പൂജപ്പുരയിൽ സാന്നിധ്യമറിയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

വീട്ടിൽ ഇല്ലെങ്കിൽ, അന്വേഷിച്ചെത്തുന്ന സിനിമാ, സീരിയൽ പ്രവർത്തർക്ക് അറിയാം പൂജപ്പുര രവി എവിടെയുണ്ടാകുമെന്ന്. ചെങ്കള്ളൂർ മഹാദേവ ക്ഷേത്രപരിസരത്തുണ്ടാകും അദ്ദേഹം. ആരോഗ്യം മോശമായതിനുശേഷമാണ് അമ്പലത്തിലേക്കുള്ള യാത്ര മുടങ്ങിയത്. രണ്ടുവർഷമായി വീടിനുള്ളിൽത്തന്നെയാണ് കഴിയുന്നത്.

നാടിനെ ഇത്രയേറെ സ്നേഹിക്കുന്ന രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിക്ക് മറയൂരിലെ തണുപ്പുമായും സാഹചര്യങ്ങളുമായും എങ്ങനെ പൊരുത്തപ്പെടുമെന്നറിയില്ല. മകൻ ഹരിയും മക്കളായ മാധവും പ്രണവും 19-ന് ഇംഗ്ലണ്ടിലേക്കു പോകുന്നതിനാലാണ് മകൾ ലക്ഷ്മിക്കൊപ്പം അദ്ദേഹം പോകുന്നത്. ഹരിയുടെ ഭാര്യ വൃന്ദ രണ്ടുമാസം മുമ്പ് ഇംഗ്ലണ്ടിലേക്കു പോയി.

ചെങ്കള്ളൂർ കൈലാസ് നഗറിലെ തറവാടും പിന്നീട് സ്വന്തമായി നിർമിച്ച വീടും പരിസരവും വിട്ടൊരു യാത്രക്കൊരുങ്ങുകയാണ് അദ്ദേഹം. ബന്ധുക്കളും വേണ്ടപ്പെട്ടവരും ചുറ്റുമുണ്ടെങ്കിലും ലക്ഷ്മിപ്രഭയെന്ന വീട്ടിൽ ഒറ്റയ്ക്കു താമസിക്കാനാകില്ല. ഭാര്യ തങ്കമ്മ ആറുവർഷം മുമ്പ് മരിച്ചു. മകൾ ലക്ഷ്മിയും മരുമകൻ ഹരിഹരാത്മജൻ നായരും 27 വർഷമായി മറയൂരാണ് താമസം. കൃഷിയും വിവിധ ബിസിനസുമായിക്കഴിയുന്ന അവർക്ക് തിരുവനന്തപുരത്തേക്ക് വരാനുമാകില്ല. തണുത്ത കാലാവസ്ഥ അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ലക്ഷ്മി. മകളെ കാണാൻ പോകുമായിരുന്നെങ്കിലും മറയൂരിൽ അധികം കഴിഞ്ഞിട്ടില്ലെന്ന് പൂജപ്പുര രവി. 21-നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.

കലാനിലയം നാടകങ്ങളിലെ സ്ഥിരം നടനായിരുന്നു രവീന്ദ്രൻ നായർ. നാടകസമിതിയിൽ ഇതേ പേരിൽ പലരുണ്ടായിരുന്നു. സമിതി ഉടമ കൃഷ്ണൻ നായർ രവിയെ അന്വേഷിച്ചാൽ ഉദ്ദേശിക്കുന്ന ആളാകില്ല മുന്നിലെത്തുന്നത്. ക്ഷമ നശിക്കുമ്പോൾ ‘ആ പൂജപ്പുരക്കാര’നെ വരാൻ പറയൂ എന്ന് അദ്ദേഹം പറയും. അങ്ങനെയാണ് പേരിനൊപ്പം നാടിനെക്കൂടിച്ചേർത്തത്.

സിനിമയിലും സീരിയലിലും എത്തിയപ്പോഴും കൃഷ്ണൻ നായർ നൽകിയ പേരിൽ അറിയപ്പെട്ടു. പല തലമുറകൾക്കൊപ്പം സിനിമയിൽ അഭിനയിച്ചു. വേലുത്തമ്പി ദളവയിലൂടെയാണ് സിനിമയിലെത്തിയത്. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക കൈയടക്കമുണ്ടായിരുന്നു.

2016-ൽ ഗപ്പി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. സിനിമയിലും സീരിയലിലുമായി പിന്നീട് അവസരങ്ങൾ തേടിയെത്തുന്നുണ്ട്. എന്നാൽ തന്റെ അനാരോഗ്യം മറ്റാർക്കും ബുദ്ധിമുട്ടാകരുതെന്ന നിർബന്ധമുള്ളതിനാൽ ഒക്കെയും വേണ്ടെന്നു വെച്ചുവെന്ന് പൂജപ്പുര രവി പറഞ്ഞു.

Content Highlights: actor poojappura ravi shifting to marayoor, poojappura ravi and family