ഫോണിൽ ഫോട്ടോയെടുക്കാറില്ല, എല്ലാ മാസവും വൈഫൈ പാസ്‌വേഡ്‌ മാറ്റും, കാരണം ആ പേടി -നാഗാർജുന

#മൂവി ഡെസ്ക്
നാ​ഗാർജുന അക്കിനേനി | ഫോട്ടോ: Facebook
നാ​ഗാർജുന അക്കിനേനി | ഫോട്ടോ: Facebook

ഫോൺ ഉപയോഗിക്കുമ്പോൾ താൻ സ്വീകരിക്കുന്ന മുൻകരുതലുകളെക്കുറിച്ച് സംസാരിച്ച് തെലുങ്ക് സൂപ്പർതാരം നാഗാർജുന അക്കിനേനി. തന്റെ ഫോണിൽ ചിത്രങ്ങളൊന്നും സൂക്ഷിക്കാറില്ലെന്നും ഇടയ്ക്കിടെ പാസ്‌വേഡുകൾ മാറ്റാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വെള്ളിയാഴ്ച ഹൈദരാബാദിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ (ടി.ജി.സി.എസ്.ബി) 'സുരക്ഷ കാ തിരംഗ' സൈബർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാറില്ലെന്ന് നാഗാർജുന വ്യക്തമാക്കി. കൂടാതെ, ഹാക്കിങ് തടയുന്നതിനായി തന്റെ ഫോൺ പാസ്‌വേഡുകൾ ഓരോ 15 ദിവസം കൂടുമ്പോഴും മാറ്റാറുണ്ട്. വീട്ടിലെ വൈഫൈ പാസ്‌വേഡ് ഓരോ മാസമോ അല്ലെങ്കിൽ രണ്ടു മാസം കൂടുമ്പോഴോ മാറ്റാറുണ്ട്. സെലിബ്രിറ്റിയായ തനിക്ക് ഇത്രയധികം ശ്രദ്ധിക്കേണ്ടതുണ്ടെങ്കിൽ, നിരപരാധികളായ മുതിർന്ന പൗരന്മാർക്ക് നേരെ ഇത്തരം ഹാക്കർമാർ എന്തൊക്കെ ചെയ്യുമെന്ന് തനിക്ക് ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം നാലുവർഷംമുൻപ് വന്ന ഒരു തട്ടിപ്പ് ഫോൺ കോളിന് ശേഷമാണ് താൻ ഇത്രയധികം ജാഗ്രത പുലർത്താൻ തുടങ്ങിയതെന്ന് താരം വെളിപ്പെടുത്തി. "ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒരാൾ എന്നെ വിളിച്ചു. 'നിങ്ങൾക്ക് ഓഹരികളിലും ഇക്വിറ്റികളിലും നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടോ?' എന്ന് ചോദിച്ചു. സാധാരണയായി എന്റെ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരാണ് വിളിക്കാറുള്ളത്, എന്നാൽ ഇത് മറ്റൊരു കോളായിരുന്നു. ഈ കാര്യം മാർക്കറ്റ് ചെയ്യുന്നതിൽ അവൻ വളരെ മിടുക്കനായിരുന്നു, ഒടുവിൽ ഞാൻ വഴങ്ങാത്തപ്പോൾ, അവൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. എന്നെ മിടുക്കനെന്ന് വിളിക്കുകയും ചെയ്തു." ആ രീതി തനിക്ക് സംശയാസ്പദമായി തോന്നിയെന്ന് നാഗാർജുന പറയുന്നു.

തന്റെ ഒരു ബന്ധുവിന് നേരിടേണ്ടി വന്ന 'ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ചും' നാഗാർജുന പരിപാടിയിൽ സംസാരിച്ചു. പോലീസിന്റെ യൂണിഫോം ധരിച്ച ഒരാൾ ആ ബന്ധുവിനെ വീട്ടിൽ വെച്ച് 6 മുതൽ 7 മണിക്കൂർ വരെ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചു. എന്നാൽ ഭാഗ്യവശാൽ ആ ബന്ധു സൈബർ ക്രൈം വിഭാഗത്തെ വിളിച്ചതിനാൽ വലിയ അപകടം ഒഴിവായെന്നും നാഗാർജുന പറഞ്ഞു.

കസ്റ്റംസിൽ നിന്നാണെന്ന് വ്യാജേന തനിക്കും ഇത്തരം ഫോൺ കോളുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "കസ്റ്റംസിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ആളുകളിൽ നിന്നും, ഇറാനിലേക്ക് ഞാൻ ഒരു പാർസൽ അയച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടും എനിക്ക് ഇത്തരം കോളുകൾ വന്നിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. താൻ ഇറാനിലേക്ക് സംശയാസ്പദമായ ഒരു പാർസൽ അയച്ചിട്ടുണ്ടെന്നും അതിൽ മയക്കുമരുന്നുകൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് പോലീസ് വകുപ്പിൽ നിന്ന് കോൾ വരുമെന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഫോണിൽ തുടരുവാൻ അവർ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനുഷ്, രശ്മിക മന്ദാന, ജിം സർഭ് എന്നിവർക്കൊപ്പം ശേഖർ കമ്മുലയുടെ 'കുബേര' എന്ന ചിത്രത്തിലും രജനികാന്ത്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ലോകേഷ് കനകരാജിന്റെ 'കൂലി' എന്ന ചിത്രത്തിലുമാണ് അദ്ദേഹം കഴിഞ്ഞവർഷം അഭിനയിച്ചത്. കൂടാതെ, തന്റെ മകൻ അഖിൽ അക്കിനേനിയുടെ തിരിച്ചുവരവ് ചിത്രമായ 'ലെനിൻ' ഈ വർഷം അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. രാ കാർത്തിക് സംവിധാനം ചെയ്യുന്ന നാഗാർജുനയുടെ നൂറാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

Content Highlights: Speaking at the Telangana Cyber Security Bureau's awareness event, actor Nagarjuna revealed that fear of hacking forces him to keep zero photos on his phone and frequently change passwords, while also recounting a digital arrest scam involving a relative.