'സൂര്യമാനസത്തിൽ ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ ഓർക്കുന്നു'; സൗകാർ ജാനകിയെ അനുസ്മരിച്ച് മമ്മൂട്ടി

അന്തരിച്ച വിഖ്യാത നടി സൗകാർ ജാനകിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. സൂര്യമാനസം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറയുന്നത്. മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് സൂര്യമാനസം എന്ന ചിത്രത്തിൽ സൗകാർ ജാനകി എത്തിയത്.
'ഇതിഹാസ താരം സൗകാർ ജാനകിയുടെ വിയോഗത്തിൽ ഹൃദയപൂർവ്വം അനുശോചനം രേഖപ്പെടുത്തുന്നു. 'സൂര്യമാനസം' എന്ന ചിത്രത്തിൽ അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞ മനോഹരമായ നിമിഷങ്ങൾ ഓർക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...' സൗകാർ ജാനകിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.
സൗകാർ ജാനകി അന്തരിച്ചു
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സൗകാർ ജാനകിയുടെ അന്ത്യം. 2022-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
1931 ഡിസംബർ 12-ന് ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ വെങ്കോജി റാവുവിന്റെയും സച്ചി ദേവിയുടെയും മകളായാണ് ജനനം. വളരെ ചെറുപ്പത്തിൽത്തന്നെ ജാനകി വിവാഹിതയായി. മദ്രാസ് ആകാശവാണിയിൽ ജോലി ചെയ്തിരുന്നു.
ഏഴുപതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിൽ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലായി 450-ലധികം സിനിമകളിൽ വേഷമിട്ടു. എൻ.ടി. രാമറാവു, നാഗേശ്വര റാവു, ശിവാജി ഗണേശൻ, എം.ജി.ആർ., പ്രേംനസീർ, വി.കെ. രാമസ്വാമി, നാഗേഷ് ശ്രീകാന്ത്, ജെമിനി ഗണേശൻ, രവിചന്ദ്രൻ, ഡോ. രാജ്കുമാർ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. 1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത ‘ഷാവുകരു’ എന്ന തെലുഗു ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ‘സൗക്കാർ’ ജാനകിയെന്ന വിളിപ്പേരുലഭിച്ചു.
1952-ൽ ‘വളയപതി’യിലൂടെ തമിഴിലും 1954-ൽ ‘ദേവകന്യക’യിലൂടെ കന്നഡയിലുമെത്തി. 1964-ൽ പ്രേംനസീറിനൊപ്പം ‘സ്കൂൾ മാസ്റ്റർ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം. ‘പപ്പു’ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ‘സൂര്യമാനസ’ത്തിൽ മമ്മൂട്ടിയുടെ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായുള്ള പ്രകടനം മലയാളികൾക്ക് മറക്കാനാവാത്തതായി.
ആദർശം, ഭാഗ്യചക്ര, ആദർശസതി, കന്യാദാനം, വെട്രിവീരൻ, നാഗദേവതൈ, ഭാഗ്യരേഖ, മന്നവൻ, നീതി, ദൈവം, കലിയുഗകണ്ണൻ, സ്വർഗത്തിൽ തിരുമണം, ബലിപീഠം, ദശാവതാരം, ഇദയ മലർ, വൈരാഗ്യം, ശിവ, ഗീതാഞ്ജലി, പുതുപുതു അർഥങ്ങൾ, തില്ലുമുള്ള് അഴകൻ, എതിർനീച്ചൽ, ഹേ റാം, അഭിമന്യു, സൗക്യം, തമ്പി തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയചിത്രങ്ങൾ.
തമിഴിൽ 2020-ൽ പുറത്തിറങ്ങിയ ‘ബിസ്കോത്ത്’ എന്ന സിനിമയും തെലുഗുവിൽ 2023-ൽ പുറത്തിറങ്ങിയ ‘അന്നി മഞ്ചി ശകുനമുലെ’യും ആണ് ജാനകിയുടെ അവസാനകാല ചിത്രങ്ങൾ. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം, കർണാടക സർക്കാരിന്റെ നന്തി അവാർഡ്, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പട്ടം, എം.ജി.ആർ. അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചു. ചാനൽ പരമ്പരകളിലും സജീവമായിരുന്നു. പരേതനായ ശങ്കരമഞ്ചി ശ്രീനിവാസ റാവുവാണ് ഭർത്താവ്. മൂന്നുമക്കളുണ്ട്.
Content Highlights: Actor Mammootty expressed deep condolences over the passing of legendary actress Sowcar Janaki, fondly recalling their iconic mother-son performance in the classic Malayalam film Sooryamanasam.