ബോളിവുഡ് എന്നെ അർഹിക്കുന്നില്ല, തെലുങ്ക് വിട്ട് എവിടേക്കുമില്ല -മഹേഷ് ബാബു

മഹേഷ് ബാബു | ഫോട്ടോ: www.facebook.com/urstrulyMahesh/photos
മഹേഷ് ബാബു | ഫോട്ടോ: www.facebook.com/urstrulyMahesh/photos

നിരവധി ബോളിവുഡ് സിനിമകളിലേക്ക് ഓഫർ വന്നിരുന്നതായി തെലുങ്ക് നടൻ മഹേഷ് ബാബു. പക്ഷേ തന്നെ അവർ അർഹിക്കാത്തതിനാൽ അതൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നിർമിക്കുന്ന പുതിയചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല". മഹേഷ് ബാബു പറഞ്ഞു.

സിനിമകൾ ചെയ്ത് വളരുന്നതുമാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. എന്റെ സിനിമകൾ രാജ്യം മുഴുവൻ കാണണമെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. അതിപ്പോൾ സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്. അതിനിടെ മഹേഷ് ബാബു നായകനായ 'സർക്കാരു വാരി പാട്ട' റിലീസിന് തയ്യാറെടുക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.

Content Highlights: Actor Mahesh Babu about his bollywood entry, Major Movie Trailer Launch