പ്രശാന്തിന് വീണ്ടുമൊരു അഭിമാന നേട്ടം, സന്തോഷം പങ്കുവെച്ച് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച് നടി ലെന. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങ്ങിൽ പ്രശാന്ത് ബാലകൃഷ്ണൻ എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ചുവെന്ന വിവരമാണ് ലെന അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ലെനയുടെ പ്രതികരണം.
പ്രശാന്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന വീഡിയോയും ലെന പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പ്രശാന്തിന് പ്രശംസകളുമായി എത്തുന്നത്.
ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു ലെനയുടേയും പ്രശാന്തിന്റേയും വിവാഹം. ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു തൻ്റെ വിവാഹം കഴിഞ്ഞ കാര്യം ലെന അറിയിച്ചത്.
“പ്രധാനമന്ത്രി ഗഗൻയാൻ സംഘത്തെപ്പറ്റി രാജ്യത്തോട് പ്രഖ്യാപിക്കുന്നതുവരെ പ്രശാന്തിന്റെ കാര്യം എനിക്ക് ആരോടും പറയാൻ കഴിയുമായിരുന്നില്ല. പ്രോട്ടക്കോൾ പ്രശ്നങ്ങളായിരുന്നു കാരണം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നത് “, ലെന അന്ന് വെളിപ്പെടുത്തി.
മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെപ്പറ്റി ലെന പറഞ്ഞ വീഡിയോ കണ്ടാണ് തന്നെ പ്രശാന്ത് വിളിച്ചതെന്നും പരിചയപ്പെട്ടപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ വൈബിൽ ഉള്ളവരാണെന്ന് മനസ്സിലായി എന്നും ലെന പറഞ്ഞിരുന്നു. കുടുംബങ്ങൾ ആലോചിച്ചാണ് തങ്ങൾ വിവാഹത്തിലെത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlights: actor lena shares husband prashanth balakrishnans achievement