സാംസ്‌കാരികത്തനിമയുള്ള വാണിജ്യ സിനിമകളും പ്രോത്സാഹിപ്പിക്കും - കൃഷ്ണകുമാർ

#ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ചൊവ്വാഴ്ച ചുമതലയേറ്റ ജി. കൃഷ്ണകുമാര്‍ മാതൃഭൂമി പ്രതിനിധി പ്രവീണ്‍ കൃഷ്ണനുമായി സംസാരിക്കുന്നു.
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സ്ഥാനമേറ്റശേഷം ഡല്‍ഹി റെയില്‍ഭവനില്‍നിന്ന് പുറത്തുവരുന്ന ജി. കൃഷ്ണകുമാര്‍. റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സ്ഥാനമേറ്റശേഷം ഡല്‍ഹി റെയില്‍ഭവനില്‍നിന്ന് പുറത്തുവരുന്ന ജി. കൃഷ്ണകുമാര്‍. റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തില്‍നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്

എൻ.എഫ്.ഡി.സി. (ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ) ചെയർമാനായി ചുമതല ഏറ്റെടുക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്ന് നടൻ കൃഷ്ണകുമാർ. ഹേമാമാലിനി, അനുപം ഖേർ, ഓംപുരി, രമേഷ് സിപ്പി തുടങ്ങിയ പ്രമുഖരാണ് മുൻപ് ഈ പദവിയിലിരുന്നത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എന്താണ്? കേരളത്തിൽനിന്നുള്ള ഒരു നടനും സിനിമാ പ്രവർത്തകനും മാത്രം.

കേരളത്തിനു പുറത്തുള്ളവർക്ക് എന്റെ പേര് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരും. വലിയ പദവിയാണിത്. മുൻപ് ഈ പദവിയിലിരുന്ന പലർക്കും തിരക്കുമൂലം മുഴുവൻ സമയം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ചുമതലയിൽ പൂർണമായി മുഴുകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച എൻ.എഫ്.ഡി.സി. ആസ്ഥാനമായ മുംബൈയിലേക്കുപോകും.

പ്രഥമ പരിഗണന എന്തായിരിക്കും?

എൻ.എഫ്.ഡി.സി. വലിയ സ്ഥാപനമാണ്. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ, നാഷണൽ ആർക്കൈവ്സ്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. സമാന്തര സിനിമയ്ക്ക് നൽകുന്ന പ്രാധാന്യത്തിനൊപ്പം സംസ്‌കാരികത്തനിമയുള്ള വാണിജ്യ/മുഖ്യധാരാ സിനിമയെയും പ്രോത്സാഹിപ്പിക്കണം.

വിവിധ പ്രാദേശിക ഭാഷാസിനിമകൾക്കും പരിഗണന നൽകും. കാര്യങ്ങൾ പഠിച്ചശേഷം ഒരു കലണ്ടറുണ്ടാക്കി അതിനനുസരിച്ച് മുന്നോട്ടുപോകും.

അവസരം കിട്ടാത്തതുകൊണ്ട് മുന്നോട്ടുവരാൻ കഴിയാത്ത കഴിവുള്ളവരുണ്ട്. അവരെ സഹായിക്കണം.

പ്രധാനമന്ത്രിയുടെ താത്പര്യത്തിലാണ് ഈ പദവിയിലെത്തിയതെന്നു പറയുന്നുണ്ടല്ലോ?

അതെ. പ്രധാനമന്ത്രി നേരിട്ടു താത്പര്യമെടുത്തതുകൊണ്ടാണ് എനിക്ക് ഈ പദവി ലഭിച്ചത്. അദ്ദേഹമർപ്പിച്ച വിശ്വാസത്തിൽ സന്തോഷവും നന്ദിയുമുണ്ട്. വാർത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവിന് നേരിട്ട് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.

കുറച്ചുമുമ്പ് താങ്കൾ കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നല്ലോ., ഇത്തരം ഒരു പദവി പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. അന്ന് പ്രധാനമന്ത്രിയെ കാണുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ക്ഷണപ്രകാരമായിരുന്നു സന്ദർശനം. . ആ കൂടിക്കാഴ്ചയിൽ സ്വച്ഛ്ഭാരതുമായി ബന്ധപ്പെട്ടകാര്യങ്ങൾ ചർച്ചാവിഷയമായി. മകൾ അഹാനയാണ് പ്രധാനമന്ത്രിയോട് ഇതേക്കുറിച്ച് ചോദിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പുനടക്കുന്നതിന് തൊട്ടുതലേന്നാണ് പുതിയ പദവിയിൽ നിയമിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്തതിൽ വിഷമമുണ്ടോ?

മത്സരിക്കാൻ കഴിഞ്ഞെങ്കിൽ സന്തോഷമാകുമായിരുന്നു. എന്നാൽ, മത്സരിക്കാൻ കഴിയാഞ്ഞതിൽ സങ്കടമില്ല. ഒരിടത്ത് നിരാകരിക്കപ്പെടുമ്പോൾ മറ്റൊരിടത്തേക്ക് നയിക്കപ്പെടും എന്നല്ലേ പറയുന്നത്. ഞാനതിൽ വിശ്വസിക്കുന്നു.

Content Highlights: Krishna Kumar assumes the role of NFDC Chairman in 2026., Focus on promoting both parallel and mainstream cultural cinema., Commitment to supporting talented filmmakers who lack opportunities., Direct reporting to Information and Broadcasting Minister Ashwini Vaishnaw., Alignment with Prime Minister's vision for cultural development.