‘എന്തിനാണ് നീ ഇതുചെയ്തത്?, ആർക്കും വിശ്വസിക്കാനാവുന്നില്ല അപ്പൂസേ’; ഹരിമുരളിയെ ഓർത്ത് സീമാ ജി. നായർ

#Movies Desk
ഹരിമുരളി, ഹരിമുരളി ദിലീപിനൊപ്പം 'രസികന്‍' പോസ്റ്ററില്‍, സീമാ ജി. നായര്‍ | Photo: Special Arrangement, Facebook/ Seema G Nair
ഹരിമുരളി, ഹരിമുരളി ദിലീപിനൊപ്പം 'രസികന്‍' പോസ്റ്ററില്‍, സീമാ ജി. നായര്‍ | Photo: Special Arrangement, Facebook/ Seema G Nair

വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ നടൻ ഹരിമുരളിയെ അനുസ്മരിച്ച് നടി സീമാ ജി. നായർ. ഹരിമുരളി മിടുക്കനായ ബാലതാരമായിരുന്നുവെന്ന് നടി ഓർത്തു. ഹരിമുരളിയുടെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സീമാ ജി. നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

'പ്രശസ്ത നാടക- സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരിമുരളി അന്തരിച്ചു (അപ്പൂസ്). എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട്, ബാലതാരമായി. മിടുക്കനായ മോൻ, എന്തിനാണ് നീ ഇത് ചെയ്തത്, ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു. മുരളി ചേട്ടനെ വിളിച്ചപ്പോൾ സഹോദരിയാണ് ഫോൺ എടുത്തത്. സത്യമാണെന്ന് സ്ഥിരീകരിച്ചു. എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു. എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ബന്ധുക്കളും. എന്തോ മനസ്സ് പതറുന്നു, മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ. നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്രപേർ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു. ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ...', എന്നായിരുന്നു സീമാ ജി. നായരുടെ കുറിപ്പ്.

പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപ് നായകനായ ലാൽജോസ് ചിത്രം 'രസികനി'ലൂടെ ശ്രദ്ധേയനാണ് ഹരിമുരളി. സിനിമാ- സീരിയൽ- നാടക നടൻ പയ്യന്നൂർ മുരളി (കെ.യു. മുരളി)യുടേയും പ്രസന്നയുടേയും മകനാണ്. 'അണ്ണൻതമ്പി', 'മാടമ്പി', 'ഡോൺ', 'ഈ പട്ടണത്തിൽ ഭൂതം', 'ഉലകംചുറ്റും വാലിബൻ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടു. 'അമർ അക്ബർ ആന്റണി'യിൽ പൃഥ്വിരാജിന്റെ അനിയൻ കഥാപാത്രത്തേയും അവതരിപ്പിച്ചത് ഹരിമുരളിയായിരുന്നു.

Content Highlights: Actor Hari Murali found dead at his residence in Payyannur. Actress Seema G Nair shared a deeply emotional tribute on Facebook. Hari Murali was a well-known child artist who appeared in films like Rasikan and Amar Akbar Anthony. He was the son of prominent theatre and serial actor Payyannur Murali