500 പേർ, ജോലി മൈനസ് 12 ഡിഗ്രിയിൽ, വിജയ് എന്ന സഹോദരൻ; 'ലിയോ' ഷൂട്ടിങ് അനുഭവവുമായി മിഷ്കിൻ

മിഷ്കിൻ, വിജയ് | ഫോട്ടോ: www.instagram.com/directormysskin/, സ്ക്രീൻ​ഗ്രാബ്
മിഷ്കിൻ, വിജയ് | ഫോട്ടോ: www.instagram.com/directormysskin/, സ്ക്രീൻ​ഗ്രാബ്

പ്രഖ്യാപിച്ച നാൾ മുതലേ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ. പുറത്തുവരുന്ന ഓരോ വാർത്തകൾക്കും വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ. കശ്മീരിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ലിയോയേക്കുറിച്ച് പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ മിഷ്കിൻ.

ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ ലിയോ അനുഭവങ്ങൾ മിഷ്കിൻ ഓർത്തെടുത്തത്. വിജയ്, മറ്റ് അണിയറപ്രവർത്തകർ എന്നിവരേക്കുറിച്ചെല്ലാം ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്.  കശ്മീരിലെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയിലേക്ക് വരികയാണെന്ന് പറഞ്ഞുകൊണ്ടാണ് മിഷ്കിന്റെ കുറിപ്പ് ആരംഭിക്കുന്നത്. 500 പേരടങ്ങുന്ന സംഘം മൈനസ് 12 ഡി​ഗ്രിയിലാണ് തന്റെ രം​ഗങ്ങൾ പൂർത്തിയാക്കിയത്. സംഘട്ടനസംവിധായകരായ അൻബറിവ് അത്യുജ്ജ്വലമായ ഒരു ആക്ഷൻരം​ഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"അസിസ്റ്റന്റ് ഡയറക്ടർമാരുടെ കഠിനാധ്വാനവും അവരെന്നോട് കാണിച്ച സ്നേഹവും കണ്ട് ഞാൻ ഞെട്ടിപ്പോയി. കൊടുംതണുപ്പിനെ സാഹസികമായി നേരിട്ടുകൊണ്ടാണ് നിർമാതാവ് ലളിത് ഒപ്പംചേർന്ന് പ്രവർത്തിക്കുന്നത്. എന്റെ അവസാനഷോട്ട് പൂർത്തിയായശേഷം സംവിധായകൻ ലോകേഷ് കനകരാജ് എന്നെ ആലിം​ഗനം ചെയ്തു. ഞാനദ്ദേഹത്തിന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. പ്രിയസഹോദരൻ വിജയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എന്നോട് പ്രകടിപ്പിച്ച വിനയവും സ്നേഹവും ഒരിക്കലും മറക്കില്ല. ലിയോ വൻവിജയമാകും." മിഷ്കിൻ എഴുതി.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.

Content Highlights: actor director mysskin about leo movie, vijay, lokesh kanagaraj, sanjay dutt, trisha