ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നില്ലെന്ന് ദർശൻ; ജയിൽ സൂപ്രണ്ടിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

പവിത്ര ഗൗഡ, ദര്‍ശന്‍ | Photo: PTI
പവിത്ര ഗൗഡ, ദര്‍ശന്‍ | Photo: PTI

ബെംഗളൂരു: ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച് രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ. ഹർജിയിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ ബെംഗളൂരു സിറ്റി കോടതി ആവശ്യപ്പെട്ടു.

ജയിൽ മാന്വൽ അനുസരിച്ചുള്ള സൗകര്യങ്ങൾ ദർശന് അനുവദിച്ചുകൊടുക്കാൻ ഈ മാസം ഒൻപതിന് കോടതി ജയിൽ അധികൃതരോട് നിർദേശിച്ചിരുന്നു. കിടക്ക, തലയണ എന്നിവ അനുവദിക്കാനും ജയിൽ വളപ്പിലൂടെ നടക്കാൻ സൗകര്യമൊരുക്കാനും നിർദേശിച്ചു. തന്നെ ബല്ലാരി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദർശൻ നൽകിയ ഹർജിയിലായിരുന്നു കോടതി ഈ നിർദേശങ്ങൾ നൽകിയത്. കോടതി നിർദേശമുണ്ടായിട്ടും ഇതൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദർശൻ വീണ്ടും കോടതിയെ സമീപിച്ചത്. ഹർജി അടുത്തമാസം ഒൻപതിന് വീണ്ടും പരിഗണിക്കും.

ദർശന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതി റദ്ദാക്കിയതാണ്. തുടർന്നാണ് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞവർഷം അറസ്റ്റിലായപ്പോഴും ദർശനെ ആദ്യം ഈ ജയിലിലാണ് പ്രവേശിപ്പിച്ചത്.

ഇവിടെ ജയിൽ ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നൽകുന്നെന്ന് ആരോപണമുയർന്നതോടെ ബല്ലാരി ജയിലേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞവർഷം ജൂണിലാണ് രേണുകാസ്വാമി കൊലചെയ്യപ്പെട്ടത്. ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരെ കേസിൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Content Highlights: Actor Darshan, accused in the Renukaswamy murder case, has approached the Bengaluru court alleging lack of basic facilities in jail. Court orders jail superintendent to appear