30 ദിവസം പൂർണവിശ്രമം, ആരോഗ്യനില മെച്ചപ്പെടുന്നു; ആശ്വാസവാക്കുകൾക്ക് നന്ദി- സി. ഷുക്കൂർ

തന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ പ്രതികരണവുമായി നടനും അഭിഭാഷകനുമായ സി. ഷുക്കൂർ. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ശാരീരക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സതേടിയ തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഷുക്കൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. ആരോഗ്യവിദഗ്ധരുടെ അഭിപ്രായപ്രകാരം 30 ദിവസം പൂർണവിശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം, സഹോദരൻ മുനീർ അൽവഫയാണ് ഷുക്കൂറിനെ സ്‌ട്രോക്കിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പങ്കുവെച്ചത്.
ജനുവരി 26-ന് പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെത്തുടർന്ന് കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു മുനീർ അൽവഫ സാമൂഹികമാധ്യമങ്ങളിലെ വീഡിയോയിൽ അറിയിച്ചത്. പെട്ടെന്നുതന്നെ ചികിത്സലഭ്യമായതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെങ്കിലും ഇടതുഭാഗത്ത് ചെറിയ ബുദ്ധിമുട്ടുണ്ടെന്നും മുനീർ പറഞ്ഞു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനംചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടേയാണ് അഡ്വ. ഷുക്കൂർ സിനിമയിൽ താരമായത്. അഭിഭാഷകൻ കൂടിയായ ഷുക്കൂർ, ഭാവന നായികയായ 'അനോമി'യിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. എംജി സർവകലാശാല മുൻ പ്രൊ- വൈസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമപഠനവകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂർ ആണ് ഭാര്യ.
അഡ്വ. സി. ഷുക്കൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു.
2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ്ണവിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയംനിറഞ്ഞ നന്ദി.
Content Highlights: Actor and lawyer C. Shukkoor provides an update on his health following a stroke. He is recovering well and advised 30 days of complete rest. Thanks to medical experts and fan support