വേദനിച്ചാണ് വേദിവിട്ടത്, ഇത് കത്തിക്കാന്‍ ആഗ്രഹമില്ല; അപമാനിതനായതില്‍ പ്രതികരിച്ച് ബിബിന്‍ ജോര്‍ജ്

Photo: Social Media, Mathrubhumi
Photo: Social Media, Mathrubhumi

തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമായ ഗുമസ്തന്റെ പ്രചാരണ പരിപാടികള്‍ക്കായി കോളേജില്‍ എത്തിയ നടൻ ബിബിന്‍ ജോര്‍ജ് അപമാനിക്കപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. കോളേജിൽവച്ച് അധ്യാപകരും ബന്ധപ്പെട്ട അധികൃതരും അപമാനിച്ച സംഭവത്തില്‍ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നടന്‍. മാഗസിന്‍ പ്രകാശനത്തിനായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബിബിന്‍ ജോര്‍ജ് അടങ്ങുന്ന ഗുമസ്തന്‍ ടീം വളാഞ്ചേരിയിലെ എം.ഇ.എസ്-കെ.വി.എം. കേളേജില്‍ എത്തിയത്. മാഗസിന്‍ പ്രകാശിപ്പിച്ചതിന് ശേഷം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെട്ടത്. 

കോളേജ് അധികൃതരുടെ പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നുവെന്നാണ് ബിബിന്‍ ജോര്‍ജ് പറഞ്ഞത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം വേദിയിലുണ്ടായിരുന്നു. വേദി വിട്ടുപോകണം എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നിയെങ്കിലും ഇനി അതിന്റെ പേരില്‍ കോളേജ് പ്രിന്‍സിപ്പാളിന് ഒരു ബുദ്ധിമുട്ട് ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ബിബിന്‍ അഭിപ്രായപ്പെട്ടത്. ആ കോളേജിലെ കുട്ടികള്‍ തന്നെ പ്രിന്‍സിപ്പാളിനെ തിരുത്തി കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിബിന്‍ ജോര്‍ജ് പറഞ്ഞു. 

എല്ലാ സിനിമകളുടെയും പ്രമോഷനായി കോളേജുകളില്‍ പോകാറുണ്ട്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അനുഭവം. പക്ഷെ, അത് കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ അത് വിശദീകരിക്കാന്‍ നില്‍ക്കാഞ്ഞതാണ്. എപ്പോഴും ഇവിടെ സംഭവിക്കുന്നത് എന്താണ്. എന്തെങ്കിലും ഇന്‍സിഡന്റ് ഉണ്ടാവും, നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കും, കുറെ ആളുകള്‍ പോയി അയാളെയും വീട്ടുക്കാരെയും തെറിപറയും. അതിന്റെ പുറകില്‍ വേറെയും രണ്ട് അഭിപ്രായങ്ങള്‍ വരും. ഇത് ഒരു മാര്‍ക്കറ്റിങ് രീതിയില്‍ എടുക്കുന്നില്ലെന്നും ബിബിന്‍ പറഞ്ഞു.

സത്യസന്ധമായി വിഷമമുണ്ടായ സംഭവം തന്നെയാണ്. അത് വെളിപ്പെടുത്തി ഒരു പ്രശ്‌നമാക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണ്. അതുകൊണ്ടുതന്നെ ഇവിടെയും അത് പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് വിട്ടുകളയുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ നമുക്ക് തിരുത്താന്‍ സാധിക്കില്ല. അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടാകണം. വേദനിച്ചുവെന്നുള്ളത് സത്യമാണ്. കൂടെ എല്ലാവരുമുണ്ടായിരുന്നു. ഞങ്ങള്‍ വേദിവിട്ടത് വിഷമിച്ചാണ്. ഇതിനുപിന്നാലെ പല ചാനലില്‍ നിന്നും എന്നെ വിളിച്ചിരുന്നു. എന്നാല്‍, അത് കത്തിക്കേണ്ടന്നായിരുന്നു തീരുമാനം. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വളാഞ്ചേരിയിലെ എം.ഇ.എസ്-കെ.വി.എം. കേളേജില്‍ എത്തിയത്. മാഗസിന്റെ  പ്രകാശനത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഗുമസ്തന്‍ എന്ന് ആര്‍പ്പുവിളിച്ചതിന് പിന്നാലെയാണ് ബിബിന്‍ ജോര്‍ജ് സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഉടന്‍ തന്നെ പ്രിന്‍സിപ്പാള്‍ ഇടപ്പെടുകയും പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ക്ഷണം ലഭിച്ചാണ് വന്നതെന്ന് ബിബിന്‍ പറഞ്ഞെങ്കിലും എത്രയും പെട്ടെന്ന് വേദി വിടണമെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം.

Content Highlights: Actor Bibin George Speaks Out on Humiliating Incident at College