അക്കാദമി ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് രാം ചരണും, കയ്യടിയുമായി ആരാധകർ

രാംചരൺ തേജ | ഫോട്ടോ: എ.പി
രാംചരൺ തേജ | ഫോട്ടോ: എ.പി

ന്യൂഡല്‍ഹി: തെലുങ്കു സിനിമാ താരം രാം ചരണിനെ ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് (എം.പി.എ.എസ്.). ജൂനിയര്‍ എന്‍.ടി.ആറിനെ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആഴ്കള്‍ക്കുള്ളിലാണ് പുതിയ പ്രഖ്യാപനം. ലഷാന ലിഞ്ച്, വിക്കി ക്രൈപ്സ്, ലൂയിസ് കൂ ടിന്‍-ലോക്, കേകേ പാമര്‍, ചാങ് ചെന്‍, സകുറ ആന്‍ഡോ, റോബര്‍ട്ട് ഡേവി എന്നിവരും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.

'' സൂക്ഷ്മമായ  ചിത്രീകരണത്തിലൂടെയും  ആധികാരികതയോടുള്ള അര്‍പ്പണത്തിലൂടെയും ഹൃദയവും മനസും കീഴടക്കുന്ന കഥാപാത്രങ്ങളെ ഈ അഭിനേതാക്കള്‍ നമുക്ക് സമ്മാനിക്കുന്നു. കലാവിഷ്‌ക്കാരത്തിലുള്ള അവരുടെ വൈദഗ്ധ്യം സാധാരണ നിമിഷങ്ങളെ അസാധാരണമായ സിനിമാറ്റിക് അനുഭവങ്ങളാക്കി മാറ്റുന്നു. അക്കാദമിയുടെ ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് ഈ പ്രഗത്ഭരായ കലാകാരന്മാരെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.'' അക്കാദമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ആർ.ആർ.ആറിൽ മറ്റൊരു സുപ്രധാനവേഷത്തിലെത്തിയ ജൂനിയർ എൻ.ടി.ആർ നേരത്തേ ആക്ടേഴ്സ് ബ്രാഞ്ചിനൊപ്പം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ രാംചരണിനേയും ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്തത്. രാംചരണും ജൂനിയർ എൻ.ടി.ആറും ഉൾപ്പെടെ 398 പേർക്കാണ് അക്കാദമിയിൽ ചേരാനായി ക്ഷണം ലഭിച്ചത്. ഇതിൽ കലാകാരന്മാരും എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നുണ്ട്. ആർ.ആർ.ആർ ടീമിൽ നിന്ന് ​ഗാനരചയിതാവ് ചന്ദ്രബോസ്, സം​ഗീത സംവിധായകൻ എം.എം. കീരവാണി, ഛായാ​ഗ്രാഹകൻ കെ.കെ. സെന്തിൽകുമാർ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ എന്നിവർക്കും അക്കാദമിയിൽ നിന്ന് ക്ഷണമുണ്ടായിരുന്നു. 

നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ച് മാസങ്ങള്‍ക്കുള്ളിലാണ് ജൂനിയര്‍ എന്‍.ടി.ആറിനും രാം ചരണിനും ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

Content Highlights: academy welcomes ram charan to member class of actors