അഭിരാമി സുരേഷിനെതിരെ സൈബറാക്രമണവും ലൈംഗികാധിക്ഷേപവും; വാക്കുകളേക്കാൾ വേദന ചിന്തകളുടെ അഭാവമെന്ന് താരം

#Entertainment Desk
അഭിരാമി സുരേഷ് സോഷ്യൽ മീഡിയാ പോസ്റ്റിൽ പങ്കുവെച്ച ചിത്രം, കഴിഞ്ഞദിവസം നടന്ന സംഗീതപരിപാടിയിൽ അഭിരാമി സുരേഷ് പാടുന്നു | Photos: instagram
അഭിരാമി സുരേഷ് സോഷ്യൽ മീഡിയാ പോസ്റ്റിൽ പങ്കുവെച്ച ചിത്രം, കഴിഞ്ഞദിവസം നടന്ന സംഗീതപരിപാടിയിൽ അഭിരാമി സുരേഷ് പാടുന്നു | Photos: instagram

പ്രമുഖ ഗായിക അഭിരാമി സുരേഷിനെതിരെ സൈബർ ആക്രമണം. കഴിഞ്ഞദിവസം നടന്ന അഭിരാമിയുടെ സംഗീതപരിപാടിയുടെ വീഡിയോകൾക്ക് താഴെ നിരവധി പേരാണ് ശാരീരികാധിക്ഷേപവും ലൈംഗികാധിക്ഷേപവും ഉൾപ്പെടെ നിറഞ്ഞ കമന്റുകളിട്ടത്. ഇതിനെതിരെ വൈകാരികമായ പോസ്റ്റുമായി അഭിരാമി സുരേഷ് രംഗത്തെത്തി. അധിക്ഷേപ വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത് ചിന്തകളുടെ അഭാവമാണെന്ന് ദീർഘമായ കുറിപ്പിൽ താരം കുറിച്ചു.

വ്യത്യസ്തമായ ആംഗിളുകളും മോശം റാമ്പ് ഷോട്ടുകളും താഴെയായി സ്ഥാപിച്ച ക്യാമറകളുമാണ് ഉണ്ടായിരുന്നതെന്ന് അഭിരാമി പറയുന്നു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ഷോ. രണ്ടര മണിക്കൂർ നേരം ആദ്യാവസാനം എല്ലാവരും സജീവമായിരുന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഇതിഹാസ താരമല്ല താൻ. താനൊരു പെർഫോമറാണ്. നൃത്തം ചെയ്യും. ആ നിമിഷത്തിനുവേണ്ടി ശരീരവും ശ്വാസവും സമർപ്പിക്കും. അതാണ് താൻ ചെയ്തത്. -അഭിരാമി പറഞ്ഞു.

Also Read: സൈബർ ആക്രമണം നടത്തുന്നവർക്ക് നൽകാം 'ജോൺ ഡോ ഇൻജങ്ഷൻ'; എന്താണ് അശോക് കുമാർ ഓർഡർ? അറിയാം

എന്നാൽ സോഷ്യൽ മീഡീയയ്ക്ക് വ്യത്യസ്തമായ മാനസികാവസ്ഥയാണ്. മറുവശത്തുള്ളവരോട് ഒട്ടും ദയയില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമന്റ് മതി. വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ടരീതിയിലും പറയാൻ കഴിയുക എന്ന മത്സരം. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിങ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് വിനോദം പോലെയാണ്. -അഭിരാമി സുരേഷ് തുടർന്നു.

Don’t Miss: 'അമ്മൂന് പറ്റിയ അബദ്ധം'; വാട്ട്‌സ്ആപ്പിലൂടെ 45,000 രൂപ പോയെന്ന് അമൃത സുരേഷ്, തട്ടിപ്പ് ഇങ്ങനെ-വീഡിയോ

'ഏറ്റവും വേദനിപ്പിക്കുന്നത് വാക്കുകളല്ല, മറിച്ച് ചിന്തകളുടെ അഭാവമാണ്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം ഇല്ല. നിറഞ്ഞ സദസ്സിന് മുന്നിൽ രണ്ടരമണിക്കൂർ ഒരാൾ ആടുകയും പാടുകയുമാണ്. ലൈവ് പരിപാടിയിൽ പിഴവുകൾ സംഭവിക്കും.' -അഭിരാമി കുറിച്ചു.

'ഓരോ കലാകാരനും അവരുടേതായ രീതിയിൽ നിലനിൽക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും അവകാശമുണ്ട്. സോഷ്യൽ മീഡിയ നിശബ്ദമായി ഒരു മാലിന്യക്കുഴിയായി മാറി. അവിടെ വിജയിക്കുക എന്നാൽ ഏറ്റവും മോശമായിരിക്കുക എന്നാണ്. നമ്മളെങ്ങനെ ഇവിടെയെത്തി എന്ന് സത്യമായും എനിക്കറിയില്ല.'

Also Read: 'മറ്റൊരാളുമായി പ്രണയത്തിൽ, ഭർത്താവിന് ജീവനാംശം കൊടുക്കണം'; മേരി കോമിനെതിരെ രൂക്ഷമായ സൈബർ ആക്രമണം

'ഇന്നലെ രാത്രി അതെനിക്ക് വലിയ ഭാരമായിമാറി. ഇന്ന് രാവിലെ എനിക്ക് രസകരവും അതേസമയം സങ്കടകരവുമായ ഒരു കാര്യം മനസിലായി. ഒരു കപ്പ് പോസിറ്റിവിറ്റി കൊണ്ട് കാട്ടുതീ കെടുത്താനാകില്ല. അതുകൊണ്ട്, ക്ഷീണിതയായി, ശ്വാസംമുട്ടി, നിശബ്ദയായി ഞാനൊരു വശത്തേക്ക് മാറിനിൽക്കുകയാണ്. അതിനെതിരെ പോരാടാതിരിക്കാൻ തീരുമാനിക്കുകയാണ്. കൂടുതൽ ദയ വേണ്ട ലോകത്ത് എങ്ങനെയോ നമ്മൾ കൂടുതൽ വെറുപ്പാണ് കൈമാറുന്നത്. ഒരുപക്ഷേ അതായിരിക്കാം തമാശ. ഒരുപക്ഷേ അതായിരിക്കാം കുറ്റസമ്മതം. അതങ്ങനെ തന്നെ ഇരിക്കട്ടെ.' -അഭിരാമി സുരേഷ് പറഞ്ഞു.

സോഷ്യൽ മീഡിയ ഏറെക്കാലമായി തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ അതൊരു ഡയറി പോലെയാണ്. സമൂഹത്തിനോ പ്രേക്ഷകർക്കോ ഞാൻ എന്ത് ദ്രോഹമാണ് ഞാൻ ചെയ്തതെന്നറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്. എന്നാൽ അതങ്ങനെയിരിക്കട്ടെ. കുടുംബമെന്നും സുഹൃത്തുക്കളെന്നും വിളിക്കാവുന്ന ചില മനുഷ്യരെ ലഭിച്ചതിൽ താൻ ഭാഗ്യവതിയാണ്. പ്രതിസന്ധികളിൽ ചേർത്തുപിടിച്ചവർ. എല്ലാവർക്കും ആ അനുഗ്രഹം ഇല്ല. -അഭിരാമി പറഞ്ഞു.

Don’t Miss: മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മി ഉൾപ്പെടെയുള്ളവരോട് ബഹുമാനം- മല്ലിക സുകുമാരൻ

വിദ്യാർഥിയോ പ്രൊഫഷണലോ കലാകാരനോ ആരോ ആകട്ടെ നിങ്ങൾ, പെൺകുട്ടിയോ ട്രാൻസ്‌ജെൻഡറോ ആകട്ടെ, അതൊന്നുമല്ലെങ്കിൽ വെറുമൊരു മനുഷ്യനായാൽ പോലും നിങ്ങൾ അധിക്ഷേപങ്ങൾ അർഹിക്കുന്നില്ല. ഏത് സാഹചര്യത്തിലും. ആരെങ്കിലും നിങ്ങളെ താഴോട്ട് വലിക്കാൻ ശ്രമിക്കുമ്പോൾ ഓർമിക്കുക, അവർ നിങ്ങളുടെ പ്രഭ കെടുത്താനായി അവരുടെ ഊർജവും സമയവും ചെലവഴിക്കുകയാണ്. അതിൽ വീണുപോകരുത്. നിങ്ങളുടെ നിലനിൽപ്പിന് അവരുടെ അംഗീകാരം ആവശ്യമില്ല. -അഭിരാമി സുരേഷ് പറഞ്ഞു.

നിരവധി പേരാണ് അഭിരാമിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് കമന്റുകളിട്ടിരിക്കുന്നത്. ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി.

Content Highlights: Singer Abhirami Suresh voiced her pain over relentless cyberattacks and sexual harassment following a recent live show. She slammed the toxic trend of body shaming on social media, stating that the lack of empathy and "absence of thought" hurts more than the cruel words themselves.