ഉണ്ണി മുകുന്ദൻ കരിയർ തകർക്കാൻ ശ്രമിക്കുന്നു, അവരുടെ മാസ്റ്റർ പ്ലാൻ ഉടൻ പുറത്താകും -അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കറിനുപിന്നാലെ നടൻ ഉണ്ണി മുകുന്ദനെതിരെ രൂക്ഷവിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരു സിനിമയുടെ വിജയത്തിനായി രാപ്പകൽ അധ്വാനിച്ച അണിയറപ്രവർത്തകരുടെ കരിയർ തകർക്കാൻ ഉണ്ണി മുകുന്ദൻ നടത്തുന്ന നീക്കങ്ങൾ ഒട്ടും ശരിയല്ലെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അഭിലാഷ് പിള്ള വ്യക്തമാക്കി. സിനിമയുടെ വിജയം സ്വന്തം അക്കൗണ്ടിൽ എഴുതുകയും പരാജയത്തിന്റെ ഭാരം സംവിധായകന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന നടന്റെ രീതി അംഗീകരിക്കാനാവില്ല. വിഷ്ണുവിന്റെ പുതിയ തമിഴ് സിനിമ മുടക്കാൻ പോലും ഉണ്ണി മുകുന്ദൻ പരോക്ഷമായി ചരടുവലിച്ചുവെന്നും ഇതിനായി ആസൂത്രിതമായ പിആർ വേട്ടയാടലാണ് നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
"സിനിമയുടെ പ്രമോഷന് വേണ്ടി ഞങ്ങൾ പലപ്പോഴും പിആർ ടീമുകളെ സമീപിക്കാറുണ്ട്. അവർ ചോദിക്കുന്ന പൈസ കൊടുത്തിട്ടാണ് ഞങ്ങൾ സിനിമയുടെ കാർഡുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടുന്നത്. അതേ പിആർ ടീമുകൾ കഴിഞ്ഞ രണ്ടു ദിവസമായി ഞങ്ങളെ തകർക്കാൻ എടുക്കുന്ന 'നല്ല ജോലി' ഞങ്ങൾ കാണുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിൽ കണ്ട വാർത്ത, 'മാളികപ്പുറം' സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നാണ്. സത്യം പറഞ്ഞാൽ ഇത് കണ്ട് ഷോക്ക് ആയി ഇരിക്കുകയാണ് ഞാൻ. ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും പരാജയപ്പെട്ടവയ്ക്ക് വേറെ സംവിധായകരുണ്ടാവുകയും ചെയ്യുന്ന ഈ ട്രെൻഡ് എന്താണെന്ന് എനിക്കറിയില്ല.
ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഇവിടെ ഇല്ലാതാക്കുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകുന്ദനാണ് സിനിമ ചെയ്തതെന്നും പറഞ്ഞ് വലിയ പിആർ വർക്ക് നടക്കുകയാണ്. ഉണ്ണി മുകുന്ദന് ‘സുമതി വളവി’ലെ റോൾ എന്തെന്നു ഞാൻ പറയാം. ഈ സിനിമയുടെ ഷൂട്ടിനു മുന്നേ മുരളിച്ചേട്ടൻ എന്നെ വിളിച്ചു, ‘എടാ ചെറിയൊരു പ്രശ്നമുണ്ട്. എന്നെ ഉണ്ണി വിളിച്ചു,നിങ്ങൾ ഈ സിനിമ ചെയ്യരുത്, അവന് സംവിധാനം അറിയില്ലെന്നു’ പറഞ്ഞു. ചേട്ടാ, അങ്ങനെ പറയരുത്, ഉണ്ണി മാത്രമല്ലല്ലോ, ‘മാളികപ്പുറത്തി’ൽ അഭിനയിച്ച വേറെ എത്രയോ പേരെ വേണമെങ്കിലും വിളിച്ചു ചോദിച്ചുകൊള്ളാൻ ഞാൻ മറുപടിയായി പറഞ്ഞു. അതിൽ വർക്ക് ചെയ്ത ഒന്നു രണ്ടു പേരെ അവിടെ വെച്ച് തന്നെ വിളിച്ചു. അസൂയയുടെ പേരിൽ ചിലപ്പോൾ പറഞ്ഞതാകുമെന്ന് ചേട്ടൻ തന്നെ പറഞ്ഞു.
ഈ പ്രശ്നം നടക്കുന്നതിനിടെ ഉണ്ണി, മുരളിച്ചേട്ടനെ വിളിച്ചെന്നും അടുത്ത സിനിമയ്ക്ക് ഡേറ്റ് കൊടുത്തെന്നും അറിയാൻ കഴിഞ്ഞു. അത് നല്ലൊരു കാര്യം. പക്ഷേ അങ്ങനെയാണെങ്കിൽ ‘മാളികപ്പുറ’ത്തിന്റെയും ‘മാർക്കോ’യുടെയും ഇടയിൽ ഇറങ്ങിയ സിനിമകളുണ്ട്, അതിൽ നഷ്ടം വന്ന സിനിമകളുണ്ട്, അതിന്റെയും നിർമാതാക്കൾ ഇവിടെയുണ്ട്. അവരുടെയും വീട്ടിൽ ചെല്ലണം ഉണ്ണി, അവർക്കും ഡേറ്റ് കൊടുക്കണം.
ഈ സംവിധായകനെ വെച്ച് സിനിമ ചെയ്യരുത്, ഇയാൾക്ക് പണിയറിയില്ല, എന്റെ പൈസ പോയി എന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയ ആക്രമണം നടക്കുകയാണ്. വിഷ്ണു ഇരുന്നല്ല ‘മാളികപ്പുറ’ത്തിന്റെ മിക്സിങ് ചെയ്തതെന്ന് വരുത്തിത്തീർക്കാൻ പിആർ വർക്ക് നടക്കുന്നുണ്ട്. സത്യത്തിൽ ഫൈറ്റ് സീക്വൻസ് ചെയ്യാൻ വേണ്ടി മാത്രമാണ് ഉണ്ണി വന്നതെന്ന് മിക്സിങ് എൻജിനീയർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ, വേണു കുന്നപ്പിള്ളി, മുരളി കുന്നുംപുറം ഈ കോമ്പിനേഷൻ നല്ലതാണ്, ഇവർ ഒന്നിച്ചൊരു സിനിമ വരട്ടെ, അത് സൂപ്പർഹിറ്റ് ആകും. കാരണം അവരുണ്ടാക്കുന്ന പിആർ പ്ലാനിങ് അത്രയും വ്യക്തമാണ്. ഇതിന്റെ പിന്നിലെ മാസ്റ്റർ പ്ലാനിങ് ഉടൻ പുറത്തുവരും."– അഭിലാഷ് പിള്ള പറഞ്ഞു.
Content Highlights: In a fiery press conference in Kochi, scriptwriter Abhilash Pillai accused actor Unni Mukundan of orchestrating a character assassination campaign against director Vishnu Sasi Shankar and taking sole credit for the success of Malikappuram while blaming others for failures.