‘ചതിയനെന്ന് വിശേഷിപ്പിച്ചു, ഫേക്ക് ഐഡികളിൽനിന്ന് കടുത്ത സൈബർ ആക്രമണം’; കുറിപ്പുമായി അഭിലാഷ് പിള്ള

'സുമതി വളവ്' ചിത്രവുമായി ബന്ധപ്പെട്ട് നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടിരുന്നുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഫേക്ക് ഐഡികളിൽനിന്ന് കൂട്ടമായ ആക്രമണമാണെന്നും അഭിലാഷ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ കുറിച്ചു. അഭിലാഷ് പിള്ളയ്ക്ക് എതിരായും നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ചുമുള്ള സാമൂഹികമാധ്യമ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് അഭിലാഷിന്റെ പ്രതികരണം.
'കഴിഞ്ഞ നാല് വർഷമായി സിനിമ മേഖലയിൽ എഴുത്തുകാരനായി പ്രവർത്തിക്കുന്ന ഞാൻ ഈ കാലയളവിൽ സ്വപ്രയത്‌നവും ദൈവാനുഗ്രഹവുംകൊണ്ട് ആറുസിനിമകൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ആ സിനിമകളെ ഇഷ്ടപ്പെട്ടവരും, അതിലെ ആശയങ്ങളെ അംഗീകരിക്കാത്തവരും ഉണ്ടാകാം. അവരൊക്കെയും മാനിച്ചുകൊണ്ടാണ് ഞാൻ ഇന്നും മുന്നോട്ട് പോകുന്നത്. 'സിനിമ' എന്നത് എനിക്ക് ഒരു തൊഴിൽ മാത്രമല്ല, എന്റെ സന്തോഷവും കൂടിയാണ് അതുകൊണ്ടുതന്നെ അതിനെ ഞാൻ ഒരിക്കലും പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടിട്ടില്ല. എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും നിങ്ങളുമായി പങ്കുവെക്കുന്ന ഒരാളാണ് ഞാൻ', അഭിലാഷ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ കുറിച്ചു.
'കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിച്ച 'സുമതി വളവ്' സിനിമയുടെ പ്രൊഡ്യൂസറുടെ ഒരു വീഡിയോ എന്നെ ഏറെ ഞെട്ടിച്ചു. സിനിമ പൂർത്തിയാക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ഞാൻ നൽകിയപ്പോഴാണ്, അദ്ദേഹം എന്നെ ഒരു ചതിയനായി വിശേഷിപ്പിച്ചത്. അദ്ദേഹം പിന്നീട് അത് ഒരു കൈ അബദ്ധമായി പറഞ്ഞ് പിൻവലിച്ചെങ്കിലും, അതിലൂടെ എനിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതാണ്. സിനിമ പൂർത്തിയാക്കാൻ പലരോടും സഹായം അഭ്യർഥിച്ച് പണം കണ്ടെത്തി നൽകിയ സമയത്ത്, ഞാൻ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു എന്ന സത്യത്തെ ഓർക്കുമ്പോൾ, ഇന്ന് എന്നെക്കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു'. അഭിലാഷ് കുറിച്ചു.
'എനിക്ക് പറയാനുള്ള എല്ലാം പ്രസ് മീറ്റിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യാതൊരു പരിശോധനയും നടത്താതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്കും, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ എന്നെ അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അതിൽ എടുത്ത് പറയേണ്ട കാര്യം കൂട്ടമായി ഫേക്ക് ഐഡികളിൽനിന്നുണ്ടായ കടുത്ത അക്രമണമാണ്. ഇത്തരം സാഹചര്യത്തിൽ, ഞങ്ങൾക്കെതിരെ നടന്നത് പോലെ പി.ആർ. നൽകാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാൽ, ഞാൻ പൂർണ വിശ്വാസത്തോടെ നിയമപരമായ മാർഗം സ്വീകരിച്ച് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ്', അഭിലാഷ് വ്യക്തമാക്കി.
'ചുറ്റും നിൽക്കുന്ന എല്ലാവരെയും കുടുംബമായും സുഹൃത്തുക്കളായുംകണ്ട എനിക്ക് ഈ ദിവസങ്ങൾ ഒരു തിരിച്ചറിവായിരുന്നു. ഒരു പ്രശ്‌നം വരുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവ്. കൂടെനിന്ന എല്ലാവർക്കും നന്ദി. വിമർശനങ്ങളെയും കാമ്പുള്ള എതിർശബ്ദങ്ങളെയും പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നു. തെറ്റുകൾ ഉൾകൊണ്ട് കൂടുതൽ മികച്ച സിനിമകൾ ഉണ്ടാക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നിലുള്ള വഴി. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും അഭ്യർഥിക്കുന്നു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രം'- തിരക്കഥാകൃത്ത് കൂട്ടിച്ചേർത്തു.
Content Highlights: Screenwriter Abhilash Pillai reports coordinated cyber attacks from fake IDs. The controversy stems from producer Murali Kunnumpurath's public allegations regarding the movie Sumathi Valavu. Abhilash clarifies that he helped raise funds to complete the film and denies claims of being a 'cheat'. Pillai confirms he is taking legal action against the defamatory campaigns. The writer emphasizes his commitment to cinema over financial gain and clarifies he has no political affiliations