‘നീ പോയാൽ ഞങ്ങളെന്ത് ചെയ്യും?’ വിരമിക്കരുതെന്ന് അരിജിതിനോട് ആമിർ

#Movie Desk
Photo:  Screengrab Aamir Khan Talkies
Photo: Screengrab Aamir Khan Talkies

ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച യുവഗായകൻ അരിജിത് സിങ് ചലച്ചിത്ര പിന്നണി ഗാനരംഗത്തുനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുതിർന്ന ബോളിവുഡ് താരം ആമിർ ഖാൻ അരിജിത് സിങ്ങിനെ കാണുകയും തീരുമാനം പിൻവലിച്ച് തിരികെയെത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മകൻ ജുനൈദ് ഖാൻ പ്രധാനവേഷത്തിലെത്തുന്ന ഏക് ദിൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള ടൈറ്റിൽ ട്രാക്ക് റെക്കോർഡ് ചെയ്യുന്നതിനായി ആമിർ അരിജിത് സിങ്ങിന്റെ സ്വദേശമായ മുർഷിദാബാദിലെത്തിയിരുന്നു. ഇതിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോകളിൽ പിന്നണി ഗാന രംഗം വിടരുതെന്ന് ആമിർ അപേക്ഷിക്കുന്നതും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം കാണാം.

നീ ഒരു പ്രോജക്ടും ഏറ്റെടുക്കുന്നില്ലേ? കുറച്ചുനാളത്തേക്ക് നീ ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുകയാണോ അതോ ഹിന്ദി സിനിമകൾക്ക് സിങ്ങിനെ വേണമെന്ന് നീ ആഗ്രഹിക്കുന്നില്ലേ? ഇങ്ങനെ ചെയ്യരുത്, നമ്മൾ എന്ത് ചെയ്യും? തുടർന്ന് അരിജിത് ആമിറിന്റെ കാലിൽ തൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി വീഡിയോയിൽ കാണാം. ഏക് ദിൻ എന്ന ടൈറ്റിൽ ട്രാക്ക് പശ്ചാത്തലത്തിൽ ഇട്ടുകൊണ്ടാണ് വീഡിയോ.

അരിജിത് സിങ്ങിന്റെ നാട്ടിൽ ആമിർ ഖാൻ സമയം ചെലവഴിക്കുന്നതും പട്ടം പറത്തുന്നതും, ചെസ് കളിക്കുന്നതും പാട്ടുകൾ പാടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ആമിർ ഖാൻ തന്റെ ടീമംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും അരിജിത് അവർക്ക് ഭക്ഷണം വിളമ്പുന്നതും കാണാം.

ശേഷം അരിജിത്തിനോടും ഭാര്യയോടും ആമിർ സംസാരിച്ചു. ആമിറിനെ സ്കൂട്ടറിലിരുത്തി സഞ്ചരിച്ചു. ഇതെല്ലാം ആമിർ ഏറെ ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. മനോഹരമായ നിമിഷങ്ങൾക്ക് ആമിർ അരിജിത്തിനോട് നന്ദിപറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീണ്ടും കാൽ തൊട്ട് വന്ദിക്കാൻ നോക്കുന്ന അരിജിത്തിനെ ആമിർ പിടിച്ചുയർത്തുകയും ചെയ്യുന്നു.

ഏക് ദിൻ

സുനിൽ പാണ്ഡെ സംവിധാനം ചെയ്ത ഈ പ്രണയചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മൻസൂർ ഖാൻ, ആമിർ ഖാൻ, അപർണ പുരോഹിത് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സായ് പല്ലവിയും ജുനൈദ് ഖാനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 2016-ൽ പുറത്തിറങ്ങിയ വൺ ഡേ എന്ന തായ് സിനിമയുടെ റീമേക്കാണിത്. രാം സമ്പത്ത് സംഗീതം നൽകിയ ചിത്രം മേയ് 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: Aamir Khan Meets Arijit Singh: Bollywood Superstar Requests Singer to Reconsider Retirement.