‘നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ല, അവർ ചിത്രത്തിൽ പോലുമില്ല’; വ്യക്തത വരുത്തി ‘ആട് 3’ സംവിധായകൻ

'ആട് 3'യുമായി ബന്ധപ്പെട്ട് ഏറെക്കാലമായി സാമൂഹികമാധ്യമങ്ങളിൽ തുടരുന്ന പ്രചാരണങ്ങളിൽ വ്യക്തതവരുത്തി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ചിത്രത്തിൽ നടി നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ലെന്ന് സംവിധായകൻ വ്യക്തമാക്കി. നിഖിലയുടെ ഐറ്റം ഡാൻസ് ചിത്രത്തിലുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടന്നിരുന്നു.
ചിത്രത്തിന്റെ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സംവിധായകൻ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. നേരത്തെ, മറ്റൊരു വാർത്താസമ്മേളനത്തിലും സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
'നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ലേയില്ല. നിഖില ചിത്രത്തിൽ പോലുമില്ല. അതെങ്ങനെയാണ് ആ വാർത്ത വന്നതെന്ന് എനിക്കറിയില്ല. ഒരു സുപ്രഭാതത്തിൽ സാമൂഹികമാധ്യമങ്ങളിൽ മുഴുവൻ, ‘നിഖില വിമൽ ആട് 3-യിൽ ഐറ്റം ഡാൻസ് കളിക്കുന്നു’ എന്ന്. രാവിലെ ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ കുറേ ടാഗും ഷെയറും. എനിക്ക് ഒന്നും മനസിലായില്ല', ചോദ്യത്തിന് മറുപടിയായി മിഥുൻ പറഞ്ഞു.
'വേറെ ബഹളങ്ങളിൽ ആയതുകൊണ്ട് അതിന് മറുപടി കൊടുക്കാൻ പോയില്ല. ഐറ്റം ഡാൻസുണ്ട്. ഐറ്റം ഡാൻസ് അല്ല, 'ആടി'ന്റെ കോൺസെപ്റ്റ് പ്രകാരം ഡാൻസുണ്ട്. കിഡ്സ് ഫ്രണ്ട്ലി- ഫാമിലി പടം ആണല്ലോ, അപ്പോൾ ഡാൻസുണ്ട്. പക്ഷേ, നിഖിലയല്ല. അങ്ങനെ സർപ്രൈസിങ് ആയിട്ടുള്ള ആളൊന്നുമല്ല. വേദികയാണ് കളിക്കുന്നത്. വേദിക നല്ല ഡാൻസറാണ്', മിഥുൻ കൂട്ടിച്ചേർത്തു.
ചിത്രത്തിൽ മമ്മൂട്ടിയോ മോഹൻലാലിന്റെ വോയ്സ് ഓവർ നരേഷനോ ഇല്ലെന്നും ചോദ്യത്തിന് മറുപടിയായി സംവിധായകൻ വ്യക്തമാക്കി.
Content Highlights: Director Midhun Manuel Thomas officially denied Nikhila Vimal's presence in Aadu 3. Clarified that there is no item dance featuring Nikhila Vimal. Confirmed Vedike will perform the dance sequence in the film. Dismissed rumors regarding Mammootty or Mohanlal's voice-over participation