പാര്‍വതിക്കൊപ്പം ജയറാം, ചുള്ളനായി റഹ്‌മാന്‍, മീനയും ലിസിയും ശോഭനയും ഒപ്പം; വീണ്ടും ഒത്തുകൂടി താരങ്ങള്‍

റഹ്‌മാനും ജയറാം പാര്‍വതിയും ലിസ്സിയും 80's റീയൂണിയനില്‍ | Photo: Facebook/ Rahman
റഹ്‌മാനും ജയറാം പാര്‍വതിയും ലിസ്സിയും 80's റീയൂണിയനില്‍ | Photo: Facebook/ Rahman

ദക്ഷിണേന്ത്യന്‍ സിനിമയിലെ 80-കളിലെ താരങ്ങള്‍ വീണ്ടും ഒത്തുകൂടി. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്‍ രാജ്കുമാര്‍ സേതുപതിയുടെ ചെന്നൈയിലെ വസതിയിലാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒത്തുചേര്‍ന്നത്. പുലിത്തോല്‍ ഡിസൈനായി വരുന്ന വസ്ത്രങ്ങളായിരുന്നു ഒത്തുകൂടലിന് താരങ്ങള്‍ അണിഞ്ഞത്. ശനിയാഴ്ചയായിരുന്നു 80's സ്റ്റാര്‍സ് റീയൂണിയന്‍.

ചിരഞ്ജീവി, വെങ്കടേഷ്, ജാക്കി ഷ്‌റോഫ്, ശരത് കുമാര്‍, രാജ്കുമാര്‍ സേതുപതി, ജയറാം, റഹ്‌മാന്‍, നദിയ മൊയ്തു, സുഹാസിനി, ശോഭന, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലിസ്സി, മേനക, പ്രഭു, പാര്‍വതി ജയറാം, മീന, രേവതി അടക്കം നിരവധി താരങ്ങള്‍ പങ്കെടുത്തു. ചെന്നൈയിലെ പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന പരിപാടി മാറ്റിവെച്ചിരുന്നു. ഇത്തവണ, വലിയ പരിപാടികള്‍ മാറ്റി കേവലം താരങ്ങളുടെ ഒത്തുചേരല്‍ മാത്രമായി ചടങ്ങ് ലളിതമാക്കി.

ആകെ 31 പേര്‍ പങ്കെടുത്തു. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ സജീവസാന്നിധ്യങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളാണ് പങ്കെടുത്തത്. താരങ്ങള്‍ ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പുതുക്കി.

12 വര്‍ഷത്തോളമായി കൂട്ടായ്മ നടന്നുവരാറുണ്ടെന്ന് രേവതി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. രാജ്കുമാര്‍ സേതുപതിയും ഭാര്യ ശ്രീപ്രിയയും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. താരസംഗമത്തിന്റെ ആശയം ലിസിയുടേതും ചുക്കാന്‍ പിടിച്ചത് സുഹാസിനിയുമാണ്. ഇതിന് മുമ്പ് 2022-ല്‍ മുംബൈയിലായിരുന്നു ഒത്തുചേരല്‍.

Content Highlights: Iconic 80s South Indian stars like Jayaram, Rahman, Meena, Shobana, and Lissy reunited in Chennai. A nostalgic gathering filled with cherished memories