പുതിയ വീട്ടിലേക്ക് മാറി, പിന്നാലെ ദേശീയ പുരസ്കാരം; ഇരട്ടി സന്തോഷത്തിൽ സെന്ന ഹെഗ്ഡേ

സെന്ന ഹെഗ്‌ഡെ കാഞ്ഞങ്ങാട് തോയമ്മലിലെ പുതിയവീട്ടിൽ സുഹൃത്തുക്കൾക്കും വളർത്തുനായ മാക്സിനുമൊപ്പം സന്തോഷംപങ്കിടുന്നു |ഫോട്ടോ: എൻ. രാമനാഥ്‌ പൈ \ മാതൃഭൂമി
സെന്ന ഹെഗ്‌ഡെ കാഞ്ഞങ്ങാട് തോയമ്മലിലെ പുതിയവീട്ടിൽ സുഹൃത്തുക്കൾക്കും വളർത്തുനായ മാക്സിനുമൊപ്പം സന്തോഷംപങ്കിടുന്നു |ഫോട്ടോ: എൻ. രാമനാഥ്‌ പൈ \ മാതൃഭൂമി

കാഞ്ഞങ്ങാട്‌: കാസർകോട്ടെ ഭാഷയും സംസ്കാരവും വെള്ളിത്തിരയിൽ അടയാളപ്പെടുത്തി സെന്ന ഹെഗ്‌ഡെ സംവിധാനംചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ ദേശീയ അവാർഡിലും തിളങ്ങി. സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിലെ മികച്ച രണ്ടാമത്തെ സിനിമ ദേശീയതലത്തിൽ മികച്ച മലയാള സിനിമയായതോടെ ഇരട്ടിസന്തോഷത്തിലാണ് അണിയറപ്രവർത്തകർ. കുവൈത്ത്‌ വിജയന്റെയും കുടുംബത്തിന്റെയും കഥ ജൂറിയുടെ പ്രശംസ ഏറ്റുവാങ്ങി.

വലിയ ബഹളങ്ങളൊന്നുമില്ലാതെ ഒ.ടി.ടി.യിൽ പുറത്തിറങ്ങിയ ചിത്രം പെട്ടെന്നായിരുന്നു കേരളമാകെ ചർച്ചാവിഷയമായത്. കാഞ്ഞങ്ങാട് തോയമ്മലിലെ ‘വില്ലാ മാക്സ്’ എന്ന പുതിയവീട്ടിൽ സുഹൃത്തുക്കൾക്കും വളർത്തുനായ മാക്സിനുമൊപ്പം സമയംചെലവഴിക്കുമ്പോഴാണ് സെന്ന അവാർഡ് വിവരമറിയുന്നത്. പുതിയവീട്ടിലേക്കുള്ള മാറ്റത്തോടൊപ്പം ദേശീയപുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സെന്ന.

മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ക്യാപ്ഷനോടെ ഇറങ്ങിയ സിനിമ കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചത്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച നിരൂപകപ്രശംസ നേടിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള പുതുമുഖങ്ങളാണ് സിനിമയിൽ വേഷമിട്ടത്.

മനോജ്‌, അനഘ നാരായണൻ, അജിഷ പ്രഭാകരൻ, സുനിൽ സൂര്യ, ഉണ്ണിമായ നാലപ്പാടം, രഞ്ജി കാങ്കോൽ, സി. നാരായണൻ, മാതൃഭൂമി ക്ലബ്ബ്‌ എഫ്.എം. ആർ.ജെ. അനുരൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സെന്നയും ക്യാമറാമാനായ ശ്രീരാജ് രവീന്ദ്രനും ചേർന്നാണ് തിരക്കഥയൊരുക്കിയത്. സംസ്ഥാനപുരസ്കാരത്തിൽ മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും സെന്നയ്ക്ക് ലഭിച്ചിരുന്നു. കന്നഡയിലെ പ്രമുഖ നിർമാതാക്കളായ പുഷ്കർ ഫിലിംസാണ് ചിത്രം നിർമിച്ചത്

Content Highlights: 68th national film awards, thinkalazhcha nishchayam, director senna hegde