ടൊറോന്റോ ചലച്ചിത്രമേളയിൽ ഇത്തവണ കൂടുതൽ ഇന്ത്യൻ ചിത്രങ്ങൾ

51-ാമത് ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയറുപതോളം ചിത്രങ്ങളുടെ പേരുകൾ പുറത്തുവന്നപ്പോൾ, ഇയൻ ബാവയുടെ 'സ്‌ട്രോങ് സൺ', ഡോ. റോഷൻ സേത്തിയുടെ 'ദ് സർജൻ', കാർത്തിക് സുബ്ബരാജിന്റെ 'ഡോറൊത്തി' സംജാദ് സംവിധാനം ചെയ്ത 'ഹാഫ്', തേജ റിയോയുടെ 'ആംഘ്' അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകോത്തര ആക്ഷൻ ത്രില്ലറുകളുടെ വിഭാഗമായ 'മിഡ്നൈറ്റ് മാഡ്നെസ്സി'ലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളിൽ മലയാള ചലച്ചിത്രലോകത്തിനു കിട്ടുന്ന ഏറ്റവും വലിയ ഒരു അംഗീകാരമാണ് 'ഹാഫ്'.
ക്ലാസിക് സിനിമകളുടെ വിഭാഗത്തിൽ അന്തരിച്ച വിഖ്യാത ചലച്ചിത്രകാരനായ ജോൺ എബ്രഹാമിന്റെ അവസാന ചിത്രമായ 'അമ്മ അറിയാൻ' 4K പതിപ്പ് പ്രദർശിപ്പിക്കപ്പെടുമ്പോൾ ലോകസിനിമാ ചരിത്രത്തിൽ മലയാളത്തിന്റെ സംഭാവന വീണ്ടും അംഗീകരിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിലും 'അമ്മ അറിയാൻ' അതിലെ പ്രധാന നടനായ ജോയ് മാത്യുവിന്റെയും ചിത്രസംയോജകയായ ബീന പോളിന്റെയും സാന്നിദ്ധ്യത്തിൽ ആഘോഷിക്കപ്പെട്ടിരുന്നു.
കാനഡയുടെ മാനിറ്റോബയിലെ വിനിപെഗിൽ താമസിക്കുന്ന ഇന്ത്യൻ വേരുകളുള്ള സംവിധായകനാണ് ഇയൻ ബാവ. മുമ്പ് ഹ്രസ്വചിത്രങ്ങളും വാർത്താസീരീസുകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 2020-ലെ 'സ്‌ട്രോങ് സൺ' എന്ന ഹ്രസ്വചിത്രത്തിന്റെ വികസിതപതിപ്പാണ് ഇപ്പോൾ ഇതേ പേരിൽത്തന്നെ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പിതാവിന്റെ വാർധക്യവിഷമതകൾ കണ്ട്, എല്ലാം ഉപേക്ഷിച്ച്, അദ്ദേഹത്തിന്റെ സഹായിയായി വീട്ടിലേയ്ക്ക് ഒതുങ്ങുന്ന ഒരു ബോഡി ബിൽഡറായ മകന്റെ വേഷത്തിൽ ചിത്രത്തിൽ വരുന്നത് മൻദീപ് സോധിയാണ്. അമൃത് പ്രഭാകർ പിതാവായി വേഷമിടുന്ന ചിത്രത്തിൽ മിഖെയ്ല കുരിംസ്‌കി, സുസാൻ പ്രിൻഗിൾ, യുവരാജ് സിങ് ദേശി, എറിക് അതാവലെ, ഒനാലി ആമെസ്, ക്രിസ്റ്റ്യൻ ജോർഡൻ എന്നിവരും അഭിനയിക്കുന്നു.
കാനഡയിലെ മറ്റു നഗരങ്ങളെയപേക്ഷിച്ച് ഇന്ത്യക്കാർ കുറവായ വിനിപെഗിലെ ചെറുപ്പകാലത്തെക്കുറിച്ച് ഇയൻ ബാവ പറയുന്നതിങ്ങനെ: 'ചുറ്റുവട്ടത്തിലും സ്‌കൂളിലുമൊക്കെയായി ഇന്ത്യക്കാർ വളരെ കുറവായിരുന്നതിനാലും കൂട്ടുകാരുടെ പരിഹാസങ്ങൾക്കിരയായിരുന്നതിനാലും പഠനകാലത്ത് ഞാൻ എന്റെ ഇന്ത്യൻ സ്വത്വം അങ്ങേയറ്റം മറച്ചുപിടിക്കാൻ ശ്രമിച്ചിരുന്നു. കാലം ചെല്ലുന്നതോടെ, അത് തെറ്റായിരുന്നെന്നും ഇന്ത്യൻ സംസ്‌ക്കാരം ഉയർത്തിപ്പിടിക്കേണ്ട ഒന്നാണെന്നും എനിക്ക് മനസ്സിലായി', ബാവ പറയുന്നു.
'വേൾഡ്സ് ബെസ്റ്റ്', 'എ നൈസ് ഇൻഡ്യൻ ബോയ്' എന്നീ ചിത്രങ്ങൾ ചെയ്തിട്ടുള്ള റോഷൻ സേത്തി ബോസ്റ്റണിൽ റേഡിയേഷൻ ഒങ്കോളജിസ്റ്റ് ആയിരുന്നു. അദ്ദേഹം തന്നെ തിരക്കഥയെഴുതിയ മെഡിക്കൽ ഡ്രാമയിൽ ഓസ്‌കർ പുരസ്‌കാരജേതാവായ മിഷേൽ യോ ആണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.
കീർത്തി സുരേഷ് നായികയായ 'ഡോറൊത്തി' കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ സിനിമയാണ്. സംഗീതചക്രവർത്തിയായ ഇളയരാജയുടെ സംഗീതം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. സനന്ത്, റിഷികാന്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ വരുന്നത്.
സംജാദിന്റെ സംവിധാനത്തിൽ അമല പോൾ, അബ്ബാസ്, രഞ്ജിത്ത് സജീവ്, ശ്രീകാന്ത് മുരളി, ഐശ്വര്യ രാജ് തുടങ്ങിയവർ അഭിനയിക്കുന്ന 'ഹാഫ്', ഏറ്റവും മികച്ച ആക്ഷൻ ഡ്രാമകളടങ്ങുന്ന മിഡ്നൈറ്റ് മാഡ്‌നെസ് വിഭാഗത്തിൽ ഇദംപ്രഥമമായി ഇടം പിടിക്കുന്ന മലയാളചിത്രമാണ്. ഹോളിവുഡ് സിനിമകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിർമാണമാണ് ചിത്രത്തിന്റേത്. പി.കെ.സജീവ്, ആൻ സജീവ് എന്നിവർ ചേർന്നു നിർമിച്ചിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും പ്രവീൺ വിശ്വനാഥുമാണ്. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്.
ലണ്ടനിൽ താമസമാക്കിയ, നാഗാലൻഡ് സ്വദേശിയായ തേജാ റിയോയുടെ ആദ്യചിത്രമായ 'ആംഘ്' മികച്ച 12 ചിത്രങ്ങൾ മാത്രമുള്ള പ്ലാറ്റ്ഫോം വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. തൊണ്ണൂറോളം രാജ്യങ്ങളിൽനിന്നു വന്ന നാലായിരത്തിലധികം ചിത്രങ്ങളിൽ നിന്നാണ് ഇവ പരിഗണിക്കപ്പെട്ടത്. 1960-കളിൽ അമേരിക്കയിൽനിന്ന് ഒരു മിഷനറി നാഗാലൻഡിൽ പ്രവർത്തിക്കാനെത്തുമ്പോൾ ഒരു കോണ്യാക് ഗോത്രത്തലവൻ അനുഭവിക്കേണ്ടിവരുന്ന സ്വത്വപ്രതിസന്ധികളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ഇൻഡോ-കനേഡിയൻ സംവിധായകനായ റിച്ചി മേത്തയുടെ 'ഫൂലൻ' മുമ്പേ തന്നെ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനിയും 220-ൽ അധികം ചിത്രങ്ങളുടെ പേരുകൾ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരുന്നുണ്ട്.
സെപ്റ്റംബർ 10 മുതൽ 20 വരെ 27 വേദികളിലായി നടക്കുന്ന ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ 5000-ത്തോളം ചലച്ചിത്രപ്രവർത്തകരും 1,500-ഓളം മാധ്യമപ്രവർത്തകരുമുൾപ്പടെ അഞ്ചു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: 51st TIFF 2026 features major Indian film representation., Malayalam film 'Half' selected for the prestigious Midnight Madness category., Restored 4K version of John Abraham's 'Amma Ariyan' to be screened., Works by directors Ian Bawa, Roshan Sethi, and Karthik Subbaraj highlighted., Festival to host 500,000 attendees across 27 venues in September 2026