അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 50 കോടി നേടിയ ചിത്രം; പവന്‍ കല്യാണിന്റെ 'ഒജി' തിയേറ്ററുകളില്‍

തെലുങ്ക് സൂപ്പര്‍താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'ഒജി' (ദേ കോള്‍ ഹിം ഓജി) പുറത്തിറങ്ങി.
ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ 'ഒജാസ് ഗംഭീര' എന്ന 'ഒജിയായ' പവന്‍ കല്യാണും, നെഗറ്റീവ് റോളില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. ആര്‍.ആര്‍.ആര്‍ നിര്‍മിച്ച ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡി.വി.വി. ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം സാഹോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് സുജീത്. റിലീസിനുമുന്നേ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 50 കോടി ഇതിനകം ഒജി നേടിക്കഴിഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രമെത്താന്‍ വൈകി. എ സര്‍ട്ടിഫിക്കറ്റാണ് ഒജിക്ക് ലഭിച്ചിരിക്കുന്നത്.
പ്രിയങ്ക മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജും, അര്‍ജുന്‍ ദാസും, ശ്രിയ റെഡ്ഡിയും, ഹരിഷ് ഉത്തമനും അഭിനയിക്കുന്നു. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തെലുങ്ക് ഭാഷക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
നവീന്‍ നൂലി എഡിറ്റിങ്, എ.എസ്. പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈന്‍. തമന്‍ ആണ് സംഗീതം. ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഹരീഷ് പൈയാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിന്‍ മണിയും. പി. ശിവപ്രസാദ് ആണ് കേരള പിആര്‍ഓ.
Content Highlights: Pawan Kalyan stars in OG, a high-octane action film directed by Sujeeth. Imran Hashmi plays the antagonist. Produced by DVV Entertainment.