ചേട്ടൻ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്, 35 വർഷം അദ്ദേഹത്തോടൊപ്പം ജീവിക്കാനായതിൽ സന്തോഷം -സുചിത്ര

ന്യൂഡൽഹി: മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഭാര്യ സുചിത്ര. ഇതൊരു മറക്കാനാവാത്ത നിമിഷമാണെന്ന് അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണ്. കേരളത്തിന് വിലമതിക്കാനാവാത്ത, അഭിമാനനിമിഷമാണിതെന്നും സുചിത്ര കൂട്ടിച്ചേർത്തു.
മോഹൻലാൽ രാഷ്ട്രപതിയുടെ കയ്യിൽനിന്ന് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങിയത് വലിയ സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു. എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചപ്പോൾ താനും എഴുന്നേറ്റുനിന്ന് അതുപോലെ ചെയ്തു. തീർച്ചയായും ദൈവാനുഗ്രഹമുണ്ട്. ചേട്ടൻ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓർക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ലെന്നും സുചിത്ര പറഞ്ഞു.
“സിനിമയിൽ വന്നിട്ട് അദ്ദേഹം അൻപതാം വർഷത്തിലേക്ക് അടുക്കുകയാണ്. അതിൽ 35 വർഷവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണ്. എന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഇത് ആഘോഷിക്കുകയാണ്.’’–സുചിത്ര മോഹൻലാലിന്റെ വാക്കുകൾ.
Content Highlights: Suchitra expresses joy over Mohanlal receiving the Dadasaheb Phalke Award, calling it a proud moment for Kerala