'പോയി ഓസ്കർ കൊണ്ടുവാ എന്നുപറഞ്ഞു'; രജനിയെ കണ്ട് അനുഗ്രഹം വാങ്ങി ജൂഡ്

ജൂഡ് ആന്തണിയും രജനികാന്തും | ഫോട്ടോ: www.facebook.com/judeanthanyjoseph
ജൂഡ് ആന്തണിയും രജനികാന്തും | ഫോട്ടോ: www.facebook.com/judeanthanyjoseph

അടുത്ത ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി മാറിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ മറ്റൊരു സന്തോഷത്തിൽ നിൽക്കുകയാണ് ജൂഡും 2018 ടീമും. തിരുവനന്തപുരത്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സൂപ്പർ സ്റ്റാർ രജനികാന്തിനെ നേരിട്ടുകണ്ടിരിക്കുകയാണ് അവർ. ഈ സന്തോഷവാർത്ത ജൂഡ് ആണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

നിർമാതാക്കളായ വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് ജൂഡ് രജനിയെ സന്ദർശിച്ചത്. ​ഗംഭീര ചലച്ചിത്രാനുഭവമായിരുന്നു 2018 എന്ന് രജനികാന്ത് പറഞ്ഞതായി ജൂഡ് കുറിച്ചു. ഇതെങ്ങനെയാണ് ചിത്രീകരിച്ചതെന്ന് അദ്ദേഹം അദ്ഭുതപ്പെട്ടു. 2018 സിനിമയ്ക്ക് ഓസ്കർ ലഭിക്കാൻ തന്റെ പ്രാർഥന ഒപ്പമുണ്ടെന്നും പോയി ഓസ്കർ വാങ്ങി മടങ്ങിവന്നാൽ മതിയെന്ന് രജനികാന്ത് ആശംസിച്ചുവെന്നും ജൂഡ് ആന്തണി കുറിച്ചു.

‘‘തലൈവർ പറഞ്ഞു, “എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ ഇതെങ്ങനെയാണ് ഷൂട്ട് ചെയ്തത്? ആശ്ചര്യകരം തന്നെ.  പോയി ഓസ്കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട്’’.  ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇങ്ങനെയൊരു കൂടിക്കാഴ്ച സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും (സൗന്ദര്യ രജനികാന്ത്) നന്ദി.’’ ജൂഡ് ആന്തണി കുറിച്ചു.

രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങളും ജൂഡ് ആന്തണി പങ്കുവെച്ചിട്ടുണ്ട്. രജനികാന്തിന്റെ കാലിൽ വീണ് അനു​ഗ്രഹം വാങ്ങുന്നതിന്റെയും കെട്ടിപ്പിടിച്ചുനിൽക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. നേരത്തേ നടൻ ജയസൂര്യയും രജനികാന്തിനെ സന്ദർശിച്ചിരുന്നു.

ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് രജനികാന്ത് തിരുവനന്തപുരത്തെത്തിയത്.  ‘തലൈവർ 170’ എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിങ് എന്നിവരാണ് മറ്റുതാരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സം​ഗീതസംവിധാനം നിർവഹിക്കുന്നു.

Content Highlights: 2018 movie team visited rajinikanth, jude anthany joseph and rajinikanth, thalaivar 170