2008-ൽ കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതംമേനോൻ 4.25 കോടി നൽകണമെന്ന് ഹൈക്കോടതി

#സ്വന്തം ലേഖകൻ
ഗൗതം മേനോന്‍ | Photo: Mathrubhumi
ഗൗതം മേനോന്‍ | Photo: Mathrubhumi

ചെന്നൈ: സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. പ്രതിവർഷം 12 ശതമാനം പലിശനിരക്കിൽ 2010 മുതൽക്കുള്ള 4.25 കോടി രൂപ ഗൗതംമേനോനും അദ്ദേഹത്തിന്റെ പങ്കാളിത്തസ്ഥാപനവും തിരിച്ചടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കോടതി ഫീസായി 9.57 ലക്ഷവും അഭിഭാഷക ഫീസായി 2.5 ലക്ഷവും ഉൾപ്പെടെ 12 ലക്ഷം രൂപ ചെലവുകൾക്കായി നൽകണം.

എൽറെഡ് കുമാർ എന്നയാളുടെ ആർ.എസ്. ഇൻഫോടെയ്ൻമെന്റ് എന്ന നിർമാണ കമ്പനിക്ക് 4.25 കോടി നൽകാൻ നേരത്തേ സിംഗിൾ ജഡ്ജി ഉത്തരവിട്ടതിനെതിരേയാണ് ഗൗതംമേനോനും അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഫോട്ടോൺ ഫാക്ടറിയും 2022 മേയ് മാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരുടെ ബെഞ്ച് ഗൗതം മേനോന്റെ ഹർജി തിങ്കളാഴ്ച തള്ളി.

കരാർ ഉറപ്പിച്ചിരുന്ന ’പ്രൊഡക്ഷൻ നമ്പർ 6’ എന്ന പേരിടാത്ത സിനിമ ഗൗതംമേനോൻ പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് 2013-ലാണ് ആർ.എസ്. ഇൻഫോടെയ്ൻമെന്റ് ഹൈക്കോടതിയെ സമീപിച്ചത്. 2008 നവംബർ 27-ന്‌ കരാർ ഒപ്പുവെച്ചപ്പോൾ നിർമാണച്ചെലവുകൾക്കായി ആർ.എസ്. ഇൻഫോടെയ്ൻമെന്റ് ഫോട്ടോൺ ഫാക്ടറിക്ക് 13.5 കോടി നൽകാൻ സമ്മതിച്ചു. 2008 ഡിസംബർ പത്തിന് നിർമാണം തുടങ്ങി 2009 ഏപ്രിൽ അഞ്ചിനകം പൂർത്തിയാക്കണമെന്നു കരാറിലുണ്ടായിരുന്നു. നിശ്ചിതസമയത്തിനകം സിനിമ പൂർത്തിയാക്കിയില്ലെങ്കിൽ ഫോട്ടോൺ ഫാക്ടറി പ്രതിവർഷം 24 ശതമാനം പലിശസഹിതം 13.5 കോടി തിരികേ നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.

തുടർന്ന് ആർ.എസ്. ഇൻഫോടെയ്ൻമെന്റ് ഫോട്ടോൺ ഫാക്ടറിക്ക് ഗഡുക്കളായി 4.25 കോടി നൽകിയെങ്കിലും സിനിമയുടെ നിർമാണം ആരംഭിച്ചില്ല. 2010 ഫെബ്രുവരി 12-ന് സിനിമ പൂർത്തിയാക്കാൻ കൂടുതൽസമയം അനുവദിക്കാമെന്ന് വാദി സമ്മതിച്ചു. എന്നാൽ വർഷങ്ങളായി അത് സംഭവിക്കാത്തപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി 2013-ൽ കോടതിയിലെത്തുകയായിരുന്നു.

Content Highlights: Madras High Court dismissed Gautham Menon's appeal regarding a 2008 film contract. The director must repay Rs 4.25 crore with 12% annual interest since 2010. Additional costs of Rs 12 lakh for court and lawyer fees were imposed. The dispute originated from an uncompleted film project titled 'Production No. 6'