സുഷിൻ ശ്യാമിന്റെ തമിഴ് അരങ്ങേറ്റം; സൂര്യ- ജിത്തു മാധവൻ ചിത്രം 'സീൻ' ആദ്യഗാനം 'ആതി ഇവ യാരാ' പുറത്ത്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സീൻ' എന്ന ചിത്രത്തിലെ ആദ്യഗാനം 'ആതി ഇവ യാരാ'യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ച് ആലപിച്ചത് രാജ് പ്രിയൻ ആണ്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
വമ്പൻ റിലീസായാണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ. 'ലുങ്കി ബോയ്‌സ്' ഫെയിം രാജ് പ്രിയൻ ശ്രദ്ധേയമായ സാന്നിധ്യമായി എത്തുന്നു എന്നതാണ് പുറത്തുവന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതും രാജ് പ്രിയൻ തന്നെയാണ്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'സീൻ'. 'ആതി ഇവ യാരാ'യുടെ ലിറിക്കൽ വീഡിയോയിൽ രാജ് പ്രിയന്റെ സാന്നിധ്യവും ഗാനത്തിന്റെ താളവും ചിത്രത്തിന്റെ എന്റർടെയ്ൻമെന്റ് സ്വഭാവത്തിലേക്കുള്ള സൂചന നൽകുന്നുണ്ട്. ആദ്യസിംഗിൾ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്കായുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്.
'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യതമിഴ് ചിത്രം കൂടിയാണ് 'സീൻ'. സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്‌റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐ.പി.എസ്. എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ഹിറ്റാണ് സൂര്യ ലക്ഷ്യമിടുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'സീനി'നുണ്ട്. മലയാളത്തിലെ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ആദ്യമായി തമിഴിൽ ഒന്നിക്കുകയാണ്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ- ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിങ് ഡയറക്ടർ: ഷിഫ്‌ന ബബിൻ പാക്കർ, വി.എഫ്.എക്‌സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ: ശബരി.
Content Highlights: Lyrical video of the first single 'Aathi Iva Yaara' from Suriya starrer 'Scene' released. The film marks music director Sushin Shyam's debut in Tamil cinema. Sung, written, and choreographed by Raj Priyan, known for 'Lungi Boys'. Directed by Jithu Madhavan after blockbusters 'Romancham' and 'Aavesham'. Produced by Jyotika and Suriya under 2D Entertainment and 2Kram Studios, releasing globally for Diwali on November 6.