ഇപ്പോൾ എന്തിനീ പാട്ടെന്ന ചോദ്യത്തിന് സിത്താരയുടെ മറുപടി ഈ പാട്ടാണ്; പ്രതിരോധമാണ് പ്രതിവിധി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ യുവ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍.സിത്താര പാടുന്ന ഓരോ ഗാനത്തിലും വ്യത്യസ്ത ശൈലി കൊണ്ടുവരികയും അതോടൊപ്പം തന്നെ വ്യത്യസ്തമായ ശബ്ദങ്ങളില്‍ പാടുകയും ചെയുന്നു. ലോക്ക് ഡൗണ്‍ വേളയിലും ജോലിചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടെ നാടിന്റെ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി രാപകല്‍ എന്നില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും മറ്റു പരിപാടികള്‍ എല്ലാം മാറ്റിവെച്ചുകൊണ്ട് നാടിനുവേണ്ടി വീട്ടിലിരിക്കാന്‍ തീരുമാനിച്ചവര്‍ക്കുമായി ഒരു കുഞ്ഞുപാട്ട് ഒരുക്കിയിരിക്കുകയാണ് സിത്താരയും ടീം മലബാറിക്കസും.
പ്രതിരോധത്തിന്റെ ഒരു ഗാനം എന്ന ചിന്തയിലേക്ക് വന്നത് എപ്പോഴാണ് ?
പ്രൊജക്റ്റ് മലബാറിക്കസ് എന്നാണ് എന്റെ ബാന്‍ഡിന്റെ പേര്. നിരന്തരം ഒന്നിച്ചു പ്രാക്റ്റീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് അതിനു കഴിയാതായി. മാത്രമല്ല പ്രോഗ്രാമുകളുടെ സീസണ്‍ ആയിരുന്നു. അതെല്ലാം ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു. നാടിന്റെ സുരക്ഷയ്ക്കായി എല്ലാവര്‍ക്കും അവരവരുടെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു. വീട്ടില്‍ ഇരുന്നുകൊണ്ടു എന്തു ചെയ്യാന്‍ പറ്റും എന്നാലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ഐഡിയ മനസ്സില്‍ വന്നത്. ടെക്‌നിക്കല്‍ ആയി ഒരുപാടു ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു.
ഗ്രൂപ്പില്‍ എല്ലാവരോടും ചര്‍ച്ച ചെയ്തശേഷം പുതിയ ചില അപ്ലിക്കേഷൻസ് കണ്ടെത്തുകയും അതുപയോഗിച്ചുകൊണ്ടു ഒരു കുഞ്ഞു പാട്ടുണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ ഒരു സമയത്തു ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയ്ക്ക് ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു തരത്തില്‍ പോസിറ്റിവിറ്റി കൊടുക്കുന്ന പാട്ടായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അടുത്ത സുഹൃത്തായ ഡോക്ടര്‍ മനു മഞ്ജിത്തിനെ വിളിക്കുന്നതും അദ്ദേഹം വളരെ പെട്ടന്ന് തന്നെ എനിക്ക് പാട്ടെഴുതി തരികയും ചെയ്തു. തുടര്‍ന്നു ബാന്‍ഡിലെ മറ്റംഗങ്ങളുമായി കൂടിയാലോചിച്ചു. അവര്‍ ഓരോരുത്തരും അവരവരുടെ വീട്ടില്‍ ഇരുന്നുകൊണ്ട് അവരവരുടെ ഭാഗങ്ങള്‍ ചെയ്യുകയും മിഥുന്‍ ആനന്ദ് എന്ന സൗണ്ട് എഞ്ചിനീയറുടെ സഹായത്തോടെ മിക്‌സ് ചെയ്തു. ഇതിനുവേണ്ട വിഷ്വല്‍സ് എല്ലാവരും അവനവന്റെ മൊബൈലുകളില്‍ സ്വയം എടുത്തു. വീഡിയോസ് എല്ലാം സ്ഥിരമായി എഡിറ്റ് ചെയ്യാറുള്ളത് അശ്വിന്‍ കൃഷ്ണയാണ്. അങ്ങനെ അശ്വിന്‍ തന്നെ ഈ വര്‍ക്കും എഡിറ്റ് ചെയ്തു. ഇങ്ങനെയാണ് ഞങ്ങളുടെ കുഞ്ഞു പാട്ടുണ്ടായത്
കൂടെയുണ്ടായിരുന്ന ബാക്കി ടീം അംഗങ്ങള്‍?
ഈ പാട്ട് കമ്പോസ് ചെയ്തത് ഞാന്‍ തന്നെ. ബാക്കി കൂടെ ഉണ്ടായിരുന്നവരെല്ലാം പ്രൊജക്റ്റ് മലബാറിക്കസ് എന്ന എന്റെ ബാന്‍ഡിലെ അംഗങ്ങളാണ്. കീബോര്‍ഡ് ശ്രീനാഥ് നായര്‍, ഗിത്താര്‍ ലിബോയ് പ്രൈസ്‌ലിയും വിജോ ജോബും, അജയ് കൃഷ്ണന്‍ ആണ് ബേസ് ഗിറ്റാര്‍ വായിച്ചത്. മിഥുന്‍ പോള്‍ ആണ് ഡ്രംസ്. ഞങ്ങളോടൊപ്പം ഉള്ള മറ്റൊരു ആര്‍ട്ടിസ്‌റ് ആണ് സുനില്‍. അദ്ദേഹം ആ സമയത്തു ജപ്പാനിലായതുകൊണ്ടു ഞങ്ങളോടൊപ്പം പങ്കുച്ചേരാന്‍ കഴിഞ്ഞില്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ശൈലജ ടീച്ചറോടൊപ്പം നിന്നു പാടിയപ്പോള്‍ ഉണ്ടായിരുന്ന മാനസികാവസ്ഥ ?
ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചെലവഴിച്ചത്. വീടുകളില്‍ ഇരുന്നുകൊണ്ടല്ലേ സാധാരണ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേള്‍ക്കുന്നതും അറിയുന്നതുമെല്ലാം. ഇതു പക്ഷെ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു നേര്‍കാഴ്ച്ച പോലെയായിരുന്നു എനിക്ക്. കാസര്‍ക്കോട് മുതല്‍ തിരുവനതപുരം വരെയുള്ള ആരോഗ്യപ്രവര്‍ത്തകരും ഒപ്പം ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അടക്കം ആരോഗ്യ വകുപ്പില്‍ ഉള്ള എല്ലാവരും ഒത്തുചേര്‍ന്ന് സൂം വഴി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയായിരുന്നു.
മാനസികമായി വളരെ അധികം പ്രതിസന്ധികള്‍ അനിഭവിക്കുന്നവരാണ് മിക്കവരും ഒപ്പം തന്നെ പരസ്പരം പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുകയും ആശ്വാസം നല്‍കുകയും ചെയ്യുന്നു. ശൈലജ ടീച്ചര്‍ ഓരോരുത്തര്‍ക്കും നേരിട്ട് നല്‍കുന്ന ധൈര്യം ഞാന്‍ അന്ന് നേരിട്ട് കണ്ടതാണ്. ശരിക്കും അവര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നു അവരുടെ മുഖങ്ങളില്‍ നിന്നും കണ്ടു മനസിലാക്കാന്‍ കഴിഞ്ഞു. എന്റെ സുഹൃത്തായ ഡോ. അഭിലാഷ് ആണ് ഇങ്ങനെ ഒരു അവസരം എനിക്ക് ഒരുക്കിത്തന്നത്. ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു നിമിഷമായിരിക്കും അത്.
ലോക്ക്ഡൗണ്‍ സമയത്തെ മറ്റു ആക്ടിവിറ്റീസ് എന്തൊക്കെയാണ് ?
പ്രധാനമായും പാട്ടു പ്രാക്റ്റീസ് ചെയ്യും ,അതോടൊപ്പം തന്നെ ഒന്നു രണ്ടു മണിക്കൂര്‍ ടിക്ക് ടോക്കിലും മറ്റും സജീവമാകും.വീട്ടില്‍ അമ്മയും ഞാനും മോളും മാത്രമാണ്. ഭര്‍ത്താവ് ഡോക്ടറാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അദ്ദേഹം മാറിത്താമസിക്കുകായാണ്. അച്ഛന്‍ ദുബായിലായതുകൊണ്ടുള്ള ഒരു ആശങ്ക ഞങളുടെ കുടുംബത്തിലും ഉണ്ട്. പിന്നെ ലൈവില്‍ പോകും. ലോക്ക്ഡൗണ്‍ സമയത്തു ആദ്യമായി ലൈവില്‍ വന്നത് മാതൃഭൂമിക്ക് വേണ്ടിയായിരുന്നു.
മുഖ്യമന്ത്രി കലാകാരന്മാരെ കൂടി പരിഗണിച്ചതില്‍ സന്തുഷ്ടയാണോ ?
എല്ലാ ദിവസവും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാക്കായിരുന്നു അത്. ആളുകളുടെ മനസ്സില്‍ കലാകാരന്മാര്‍ എപ്പോഴും വളരെ പകിട്ടാര്‍ന്ന ജീവിതം നയിക്കുന്നവരായിട്ടാണ്. അതായത് സിനിമാലോകം, അല്ലെങ്കില്‍ സിനിമാലോകത്തെ ചില പ്രമുഖരെ മാത്രമേ അവര്‍ കലാകാരന്മാരായി കണക്കാക്കിയിട്ടുള്ളൂ. അതിലും എത്രയോ ഇരട്ടി ആളുകളാണ് കല ഉപജീവനമാക്കിയവര്‍. അത് ശാസ്ത്രീയ സംഗീത മേഖലയിലാണെങ്കിലും ക്ഷേത്രകലകളില്‍ ആണെങ്കിലും മിമിക്രി, ചിത്രകലാ, ശില്പകലാ, തുടങ്ങി ഒരു വലിയ ശൃംഖല തന്നെയുണ്ട്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ജോലികള്‍ സീസണലാണ്. പ്രത്യേകിച്ചും ഈ ഉത്സവകാലങ്ങളില്‍ ആണ് അവരുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് സ്വരുക്കൂട്ടുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി അവരുടെ ഈ സമയം പ്രകൃതിയെടുത്തു എന്ന് തന്നെ പറയാം.
അതില്‍ നിന്നും എങ്ങനെയൊക്കെയോ തിരിച്ചുവരുമ്പോഴാണ് ഈ ഒരു സീസണ്‍ മുഴുവനായി അവര്‍ക്കില്ലാതായത്. അത് അവര്‍ക്കുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ അവരെ അടുത്തറിയുന്നവര്‍ക്കേ അറിയുള്ളൂ. കലാകാരന്മാരുടെ ഇടയില്‍ തന്നെ സാമ്പത്തികമായി ഭേദപ്പെട്ടവര്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്‌നങ്ങള്‍. കാരണം തൊഴിലാണ് ഇല്ലാത്തവാവുന്നത്. ഇനി കൊറോണയില്‍ നിന്നും വിമുക്തമായി നമ്മുടെ നാട് തിരികെ വന്നാല്‍ പോലും സിനിമാ മേഖല അടക്കമുള്ള കലാരംഗം തുടര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ വളരെയധികം സമയമെടുക്കും. അതുവരെ കാത്തിരിക്കാനുള്ള കരുതിയിരിപ്പില്ലാത്തവരാണ് ഭൂരിഭാഗം കലാകാരന്മാരും. അതിനു സര്‍ക്കാരിന്റെ പക്ഷത്തു നിന്നും ഒരു നടപടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. കേട്ടപ്പോള്‍ വളരെയധികം സന്തോഷമായി.
ഈ സമയത്താണോ നിങ്ങളുടെ പാട്ടും കൂത്തും എന്നു ചോദിച്ചവരോട്.?
ഞങ്ങളും ദിവസക്കൂലിക്കാരാണെന്നും മാനസിക പിരിമുറുക്കത്തില്‍ ജീവിക്കുന്ന ഈ ദിവസങ്ങളില്‍ മനസികോല്ലാസത്തിനു പറ്റുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം ഈ കളിയാക്കുന്ന പാട്ടു തന്നെയാണ്.
ഈ സമയത്തു നൃത്തത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
എന്നത്തേയും പോലെ പ്രാക്റ്റീസ് ചെയ്യാറുണ്ട് . ഒരുപാടു ഒഴിവു ദിനങ്ങള്‍ കിട്ടി അത് പരമാവധി ഉപയോഗപ്പെടുത്താം എന്നൊക്കെ തുടക്കത്തില്‍ തോന്നിയിരുന്നു. എന്നാല്‍ എല്ലാ ആളുകളെയും പോലെ തന്നെ ഒരു അനശ്ചിതത്വം അല്ലെങ്കില്‍ ഉള്ളില്‍ ഒരു നേര്‍ത്ത സങ്കടം. ഇനിയെന്താവുമെന്ന് അറിയാത്ത ഒരു അവസ്ഥ. അങ്ങനെയാണ് എന്റെ ദിവസങ്ങളും കടന്നുപോകുന്നത്. എനിക്ക് മാത്രമായിട്ട് ഒരു സന്തോഷമില്ല. യഥാര്‍ഥത്തില്‍ ഞാന്‍ സന്തോഷവതിയാവാണെങ്കില്‍ എന്റെ ചുറ്റുമുള്ളര്‍ക്കു സന്തോഷം ഉണ്ടാകണം. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം സമൂഹം മുഴുവന്‍ സന്തോഷവാന്മാരാവുമ്പോഴേ നമുക്കും മുന്‍പോട്ടുപോവാന്‍ കഴിയു.
അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് ഈ ഒരു ദുരിതത്തില്‍ നിന്നും മോചനം ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
Content Highlights: Project Malabaricus new song against corona
Content Highlights: