ഒറ്റ വേദി, 140 ഭാഷയിലുള്ള ഗാനങ്ങൾ; ഇത് സുചേത 'പാട്ടും പാടി' നേടിയ ലോക റെക്കോർഡ്

10 ഭാഷകളിൽ പാട്ട് പാടാൻ കഴിയുമോ നിങ്ങൾക്ക്.., എന്നാൽ 140 ഭാഷകളിൽ പാട്ട് പാടാൻ കഴിയുന്ന 18 വയസ്സുകാരിയായ ഒരു കണ്ണൂർ സ്വദേശിയുണ്ടിവിടെ. ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ എന്ന മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിക് ഗാനമുൾപ്പെടെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി ഒറ്റ വേദിയിൽ 140 ബഹുഭാഷാ ഗാനങ്ങൾ ആലപിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ് ബഹുഭാഷ ഗായിക സുചേതാ സതീഷ്. യു.എൻ. കാലാവസ്ഥ സമ്മേളനത്തിന് (കോപ് 28- ദുബായ്) ഐക്യദാർഢ്യവുമായി അവതരിപ്പിച്ച കൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന സംഗീതപരിപാടിക്കാണ് പുതിയ ഗിന്നസ് റെക്കോർഡ്.
2023 നവംബർ 24-ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കാലാവസ്ഥ സമ്മേളന വേദിയിലാണ് ഒൻപത് മണിക്കൂർ നീണ്ട സംഗീത പരിപാടി അരങ്ങേറിയത്. കലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത 140 രാജ്യതലവന്മാരെ പ്രതിനിധീകരിച്ചാണ് 140 ഗാനങ്ങൾ സുചേത ആലപിച്ചത്. 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും ആണ് സംഗീതകച്ചേരി നടത്തിയത്. ജനുവരി അഞ്ചിനാണ് ഗിന്നസ് റെക്കോർഡ് പ്രഖ്യാപിച്ചത്. 121 ഭാഷകളിൽ കച്ചേരി അവതരിപ്പിച്ച പൂനെ വോക്കലിസ്റ്റ് മഞ്ജുശ്രീ ഓക്കിന്റെ റെക്കോർഡ് ഭേദിച്ചാണ് സുചേതയുടെ പുതിയ ഗിന്നസ് മധുരം. 2021-ൽ 120 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന് സുചേതയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു.
കണ്ണൂർ, എളയാവൂർ സ്വദേശികളും യു.എ.ഇ.യിൽ താമസിക്കുന്ന ഡോ. ടി.സി. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ്. ദുബായിയിൽ നോളജ് പാർക് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഡിജിറ്റൽ മീഡിയ വിദ്യാർഥിനിയാണ്. ആദ്യം പാടിയത് ഉത്തർപ്രദേശിലെ അവദി ഭാഷയിലെ ഗാനമായിരുന്നു. ഇന്ത്യയോടുള്ള ആദരസൂചകമായി ദേശഭക്തി ഗാനവും കൺസേർട്ടിൽ ആലപിച്ചിരുന്നു.
ബഹുഭാഷാ സംഗീതത്തോടാണ് താൽപര്യം
സംഗീതത്തെ മാത്രമല്ല വിവിധ ഭാഷകളിലെ സംഗീതത്തെയാണ് ഞാൻ പ്രണയിച്ചത്. പത്താം വയസ്സിൽ കേട്ട ജാപ്പനീസ് സംഗീതത്തിന്റെ മാസ്മരികത ഞാനറിയാതെ തന്നെ ഹൃദയത്തെ സ്പർശിച്ചിരുന്നെന്നാണ് സുചേത പറയുന്നത്. കൗതുകത്തിനാണ് ആ പത്തു വയസുകാരി യുമേയിതേ എന്ന് തുടങ്ങുന്ന ജാപ്പനീസ് ഗാനം പഠിച്ചത്. പിന്നീട് അന്നത് പാടിയ ഗായികനെ തന്നെ പാടി കേൾപ്പിച്ചപ്പോൾ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങൾ പഠിക്കാൻ ആരംഭിച്ചു. 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും ഈ യുവഗായിക പാട്ടു പാടും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഫ്രഞ്ച്, തമിഴ്, ടർക്കിഷ്, ജാപ്പനീസ് എന്നീ ഭാഷകൾ സുചേതയ്ക്ക് അറിയാം.
മൂന്നാം വയസു മുതൽ കൂടെ കൂട്ടിയ സംഗീതം
ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ സുചേത വളർന്നതും പഠിച്ചതും ഒക്കെ യു.എ.ഇ.യിലായിരുന്നു. മൂന്നാം വയസുമുതലാണ് കർണാട്ടിക് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് കർണാട്ടിക് സംഗീതവും പഠിക്കാനാരംഭിച്ചു. ഇപ്പോൾ വെസ്റ്റേൺ വോക്കൽസും പഠിക്കുന്നുണ്ട്. ചലച്ചിത്ര പിന്നണി ഗായികയും സംസ്ഥാന അവാർഡ് ജേതാവുമായ ആശ ജി. മേനോനാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ ഗുരു. സംഗീതസംവിധായകനായ ജെറി അമൽദേവ് ഹിന്ദുസ്ഥാനിയും പഠിപ്പിക്കുന്നുണ്ട്. പാട്ടിൽ മാത്രമല്ല, പഠനത്തിലും സുചേത മിടുമിടുക്കിയാണ്. 2014 ൽ ദുബായ് സർക്കാരിന്റെ അക്കാർഡിമിക് എക്സൽസിനുള്ള ഷെയ്ക്ക് ഹംദാൻ അവാർഡ് സുചേതയ്ക്ക് ലഭിച്ചിട്ടുണ്ട്.
അൽപ്പം 'കടുപ്പം' ജർമ്മൻ, ഇന്ത്യൻ ഭാഷകൾ 'നിസാരവും'
പഠിച്ചെടുക്കാൻ അൽപ്പം പ്രയാസം തോന്നിയിട്ടുള്ളത് ജർമ്മൻ ഭാഷയാണ്. എന്നാൽ ഇന്ത്യൻ ഭാഷകൾ എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുമെന്നും സുചേത പറയുന്നു. ഭൂട്ടാനീസ് ഭാഷയോട് ഒരു വൈകാരിക അടുപ്പം തോന്നിയിട്ടുണ്ട്. ഭൂട്ടാനീസ് ഭാഷയിൽ മൂന്ന് സംഗീതക്കച്ചേരികൾ നടത്തിയിട്ടുണ്ട്. പാട്ട് ഇഷ്ടപ്പെട്ടാൽ ഒരു മണിക്കൂറിനുള്ളിൽ ഏത് ഭാഷയിലുള്ള പാട്ടുകളും പഠിച്ചെടുക്കാൻ സാധിക്കുമെന്നും അല്ലെങ്കിൽ ഒരു ദിവസത്തിലധികം വേണ്ടി വരുമെന്ന് യുവഗായിക പറഞ്ഞു. ആമീർ പള്ളിക്കൽ സംവിധാനം ചെയ്ത ആയിഷ എന്ന മലയാളം സിനിമയിൽ അറബിക് ഭാഷയിലുള്ള ഗാനവും ആലപിച്ചിരുന്നു. ദുബായിലും അബുദാബിയിലും കച്ചേരികൾ നടത്തിയിട്ടുണ്ട്. മാർച്ചിൽ തിരവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും പ്രകടനം നടത്താൻ തയ്യാറെടുക്കുന്നുണ്ടെന്നും സുചേതയുടെ അച്ഛനായ ഡോ. ടി.സി. സതീഷ് പറഞ്ഞു.
വയസ്സ് 18, ലോക റെക്കോർഡുകൾ നാല്
2018-ൽ 12 -ാം വയസ്സുള്ളപ്പോൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ദൈർഘ്യമേറിയ സംഗീതകച്ചേരിയിൽ ഏറ്റവും അധികം ഭാഷകളിൽ പാട്ട് പാടിയതിനും 102 ഭാഷകളിൽ ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയ കുട്ടിയ്ക്കുള്ള ബഹുമതിയായാണ് അമേരിക്കൻ വേൾഡ് റെക്കോർഡ് അക്കാദമിയുടെ രണ്ട് അവാർഡുകൾ ലഭിച്ചത്. 2021-ൽ 120 ഭാഷകളിൽ സംഗീതമാലപിച്ച് ആദ്യത്തെ ഗിന്നസ് പുരസ്കാരം നേടി. 2024 ജനുവരിയിലാണ് പുതിയ ഗിന്നസ് റെക്കോർഡ് സുചേതയെ തേടിയെത്തിയത്. നാല് അവാർഡുകളും ലഭിച്ച പരിപാടികൾക്ക് വേദിയായത് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയമായിരുന്നു.
Content Highlights: singer suchetha satish new world record, suchetha satish 140 songs in a single stage