അറിവിന്റെ ശബ്ദം ഉയർന്നു കേട്ടാൽ മാത്രം മതി എനിക്ക്, എൻജോയ് എഞ്ചാമി വിവാദത്തിൽ ധീ

ധീ | ഫോട്ടോ: www.instagram.com/dhee___/
ധീ | ഫോട്ടോ: www.instagram.com/dhee___/

വൈറൽ ​ഗാനമായ എൻജോയ് എഞ്ചാമി എന്ന​ ഗാനം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ​ഗാനത്തിന്റെ യഥാർത്ഥ അവകാശിയാര് എന്ന തർക്കങ്ങൾക്കിടയിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഈ ​ഗാനം ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ​ഗായിക ധീ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പാട്ടുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം അവർ തുറന്നുപറഞ്ഞിരിക്കുന്നത്.

തങ്ങൾ മൂവരും ഒരുപോലെ ആ പാട്ടിന് അവകാശികളാണെന്ന് ധീ അഭിപ്രായപ്പെട്ടു. ​ഗാനരചയിതാവ്, ​ഗായകൻ എന്ന നിലയിൽ അറിവിനും സം​ഗീത സംവിധായകൻ, നിർമാതാവ് എന്ന രീതിയിൽ സന്തോഷ് നാരായണനും താൻ ക്രെഡിറ്റ് നൽകുമെന്നും അവർ പറഞ്ഞു. കിട്ടുന്ന എല്ലാ വേളകളിലും ഇവർ രണ്ടുപേരേക്കുറിച്ചും, പ്രത്യേകിച്ച് അറിവിനേക്കുറിച്ച് അഭിമാനത്തോടെ ‍താൻ പറയാറുണ്ട്. ഒരിക്കൽപ്പോലും എൻജോയ് എഞ്ചാമിയിലെ ഇവർ രണ്ടുപേർക്കുമുള്ള പ്രാധാന്യം കുറച്ചുകാണിക്കുകയോ ​ഗൗരവം കുറച്ചുകാണിക്കുകയോ ചെയ്തിട്ടില്ലെന്നും ധീ എഴുതി.

അറിവിന്റെ ശബ്ദം ഉയർന്നുകേട്ടാൽ മാത്രം മതി തനിക്കെന്ന് ധീയുടെ കുറിപ്പിലുണ്ട്. പാട്ടിന് കിട്ടുന്ന എല്ലാ വരുമാനവും ഉടമസ്ഥാവകാശവും തങ്ങൾ മൂന്നുപേർക്കും തുല്യമാണെന്നും പറഞ്ഞുകൊണ്ടാണ് ​ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്. ചെന്നൈയിൽ കഴിഞ്ഞയാഴ്ച തുടങ്ങിയ ചെസ് ഒളിമ്പ്യാഡിന്റെ ഭാ​ഗമായി ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും 'എൻജോയ് എഞ്ചാമി' പ്രകടമുണ്ടായിരുന്നു. ഇവർക്കൊപ്പം ​ഗായകനായ അറിവ് ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. 

എൻജോയ് എഞ്ചാമിയുടെ രചനയിൽ തന്നെയാരും സഹായിച്ചില്ലെന്ന് അറിവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം താനാണ് ​ഗാനത്തിന്റെ സം​ഗീതസംവിധായകനും നിർമാതാവും എന്നുപറഞ്ഞ് സന്തോഷ് നാരായണൻ രം​ഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണിപ്പോൾ ഈ വിഷയത്തിൽ ​ഗായിക ധീയുടെ വിശദീകരണവും വന്നിരിക്കുന്നത്.

Content Highlights: singer dhee about enjoy enjami ownership issue, santhosh narayanan tweet, arivu instagram post