ഗായിക ചിന്മയി ഇരട്ടക്കുട്ടികളുടെ അമ്മയായി, കുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യില്ലെന്ന് കുറിപ്പ്

പ്രശസ്ത ഗായിക ചിന്മയി ശ്രീപദ അമ്മയായി. ഇരട്ടക്കുട്ടികൾക്കാണ് ഗായിക ജന്മം നൽകിയത്. സാമൂഹിക മാധ്യമത്തിലൂടെ അവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരാൺകുട്ടിയും പെൺകുട്ടിയുമാണെന്ന് അവർ അറിയിച്ചു.
നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. അദ്ദേഹവും ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ദ്രിപ്താഹും ഷർവാസും. ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഗർഭാവസ്ഥയിലാണെന്ന് പറയാതിരുന്നതിനും ചിത്രങ്ങൾ പങ്കുവെയ്ക്കാത്തതെന്താണെന്നുമുള്ള ചോദ്യങ്ങൾക്കമുള്ള ഉത്തരം എന്ന രീതിയിലാണ് ചിന്മയി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വളരെയടുത്ത കുറച്ചുപേർക്കേ കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ. കാരണം ഞാൻ സ്വയം സംരക്ഷിക്കുന്നയാളാണ്. കുട്ടികളുടെ ചിത്രങ്ങൾ കുറച്ചധികം നാളത്തേക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യില്ലെന്നും അവർ പറഞ്ഞു.
2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.
Content Highlights: singer chinmayi sripada gives birth to twins, chinmayi and rahul ravindran