ഓരോ കേള്‍വിയിലും മനം കവരുന്ന പാട്ട്; 'രാജാസാബി'ലെ 'സഹാനാ സഹാനാ...' സെക്കന്‍ഡ് സിംഗിള്‍ പുറത്ത്

#Movies Desk
'ദ രാജാസാബി'ലെ സഹാനാ സഹാനാ ഗാനരംഗത്തില്‍നിന്ന്‌ | Photo: Screen grab/ YouTube: T-Series Malayalam
'ദ രാജാസാബി'ലെ സഹാനാ സഹാനാ ഗാനരംഗത്തില്‍നിന്ന്‌ | Photo: Screen grab/ YouTube: T-Series Malayalam

കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'സഹാനാ...സഹാനാ...' എന്ന പ്രണയഗാനം ഓരോ കേള്‍വിയിലും ഇഷ്ടം കൂടുന്ന രീതിയിലുള്ളൊരു ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. പ്രഭാസും നിധി അഗര്‍വാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീത സംവിധായകന്‍ തമന്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഡി ധീരജ്, തമന്‍ എസ്, ശ്രുതി രഞ്ജനി എന്നിവര്‍ ചേര്‍ന്നാണ്. ഗാനം എഴുതിയിരിക്കുന്നത് നിര്‍മ്മല്‍ എം.ആര്‍. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

സൂപ്പര്‍സ്വാഗില്‍ കിടിലന്‍ സ്‌റ്റൈലില്‍ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളില്‍ ആവേശപ്പെരുമഴ തീര്‍ത്ത 'റിബല്‍ സാബ്' എന്ന ഗാനത്തിന് പിന്നാലെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍- ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയ്‌ലര്‍ സൂചന നല്‍കിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിര്‍മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ചിത്രം. ബിഗ് ബജറ്റ് ചിത്രമായ 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്റസിയും റൊമാന്‍സും കോമഡിയും മനംമയക്കുന്ന വിഎഫ്എക്‌സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയ്‌ലറും ഏവരിലും രോമാഞ്ചം തീര്‍ക്കുകയുണ്ടായി.

ബോക്‌സ് ഓഫീസ് വിപ്ലവം തീര്‍ത്ത 'കല്‍ക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്തൊരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ള പുതുപുത്തന്‍ ലുക്കിലുമാണ് ചിത്രത്തില്‍ പ്രഭാസിനെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്', 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ്‌ലൈനുമായാണ് എത്തുന്നതെന്നതിനാല്‍ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന 'രാജാസാബ്' പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ഹൊറര്‍ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മാതാവ്. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനി നിര്‍വഹിക്കുന്നു.

ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിങ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ്.എന്‍.കെ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Rebel Star Prabhas’ “The Raja Saab” Unveils Beautiful Melody ‘Sahana Sahana’