'എം.എസ്. സുബ്ബലക്ഷ്മിയാവാൻ കർണാടക സംഗീതം പഠിക്കാനൊരുങ്ങുന്നു'; വെളിപ്പെടുത്തി രശ്മിക മന്ദാന

#മൂവീസ് ഡെസ്‌ക്
രശ്മിക മന്ദാന, എം.എസ്. സുബ്ബുലക്ഷ്മി | ഫോട്ടോ: എ.എഫ്.പി/ മാതൃഭൂമി
രശ്മിക മന്ദാന, എം.എസ്. സുബ്ബുലക്ഷ്മി | ഫോട്ടോ: എ.എഫ്.പി/ മാതൃഭൂമി

ഇതിഹാസ കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്രസിനിമയിൽ വേഷമിടുന്നതിനായി കർണാടക സംഗീതം പഠിക്കാൻ ഒരുങ്ങുകയാണെന്ന് നടി രശ്മിക മന്ദാന. ജീവിതത്തിൽ ഇതുവരെ പാടാൻ ശ്രമിച്ചിട്ടുപോലുമില്ലാത്ത തനിക്ക് വേഷം വലിയൊരു വെല്ലുവിളിയാണെന്ന് നടി പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും രശ്മിക മനസുതുറന്നത്. 'ഇതൊരു പ്രത്യേക സിനിമയാണ്. എനിക്ക് കർണാടക സംഗീതം പഠിച്ചു തുടങ്ങണം, വെറുതെ അഭിനയിച്ചുഫലിപ്പിക്കാൻ കഴിയില്ല. എനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവില്ല. ജീവിതത്തിൽ ഞാൻ ഇതുവരെ ശ്രമിക്കാത്ത ഒന്നാണ് പാട്ട്. വീട്ടിൽ ഞാൻ മൂളിപ്പാട്ടുപോലും പാടാറില്ല. ഇപ്പോൾ ഈ സിനിമയിൽ എനിക്ക് പാടുകയും മൂളുകയുമൊക്കെ വേണം. എനിക്ക് ഒരിക്കലും അതിന് കഴിയില്ലെന്നറിയാം, എങ്കിലും എം.എസ്. അമ്മയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു,' രശ്മിക പറഞ്ഞു.

കഥാപാത്രമാവാൻ സമീപിച്ചപ്പോൾ, തനിക്ക് തൊടാൻപോലും കഴിയാത്തത്ര ശക്തമായ കഥാപാത്രമാണിതെന്നാണ് മറുപടി നൽകിയതെന്ന് രശ്മിക കൂട്ടിച്ചേർത്തു. 'അവരുടെ ജീവിതം അത്രമേൽ മനോഹരമാണ്. വരുംതലമുറ അത് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. എന്റെ കഴിവിന്റെ പരമാവധി ഞാൻ സിനിമയ്ക്കായി നൽകും,' താരം വ്യക്തമാക്കി.

വിജയ് ദേവരകൊണ്ട നായകനായ 'കിങ്ഡം', നാനി ചിത്രം 'ജേഴ്‌സി' എന്നിവ ഒരുക്കിയ ഗൗതം തിന്നനൂരിയാണ് സുബ്ബുലക്ഷ്മിയുടെ ബയോപിക് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

1916 സെപ്റ്റംബർ 16-ന് മധുരയിൽ ജനിച്ച മധുര ഷൺമുഖവടിവ് സുബ്ബലക്ഷ്മി എന്ന എം.എസ്. സുബ്ബുലക്ഷ്മി 70 വർഷത്തോളം നീണ്ട സംഗീതജീവിതത്തിലൂടെ കർണാടക സംഗീതത്തിന്റെ മുഖമായി മാറി. 1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം അവരെ ആദരിച്ചു. ഭാരതരത്നം നേടുന്ന ആദ്യ സംഗീതജ്ഞയാണ് സുബ്ബലക്ഷ്മി. രമൺ മഗ്‌സസെ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സംഗീതജ്ഞ എന്ന ഖ്യാതിയും എം.എസ്. സുബ്ബലക്ഷ്മിക്കുണ്ട്.

Content Highlights: Rashmika Mandanna revealed she will learn Carnatic music to portray legendary singer M.S. Subbulakshmi in an upcoming biopic. Speaking in a YouTube interview, the actress admitted she has never sung before and called the role a major personal challenge. The biopic is directed by Gowtam Tinnanuri, known for Jersey and Kingdom, with music composed by Anirudh Ravichander. M.S. Subbulakshmi was the first musician to receive the Bharat Ratna and the Ramon Magsaysay Award.