പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് ചോദ്യം; 'വെറുതേ ഇരുന്നോണം നിങ്ങൾ' എന്ന് വേടൻ, ഒഴിഞ്ഞുമാറി

തൃശ്ശൂർ: കേരളത്തിൽ പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് റാപ്പർ വേടൻ. സർക്കാരിനെക്കുറിച്ച് എന്തെങ്കിലും പറയാൻ സമയമായിട്ടില്ല. ഇപ്പോൾ ഭരണത്തിൽ കയറിയിട്ടേയുള്ളൂവെന്നും വേടൻ പറഞ്ഞു. തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ കാവൽ കൂട്ടായ്മ സന്ദർശിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വേടൻ.
'ഭയങ്കര ജനാധിപത്യ മര്യാദയോടെ ആണ്ടിൽ ഒരിക്കൽ നടക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. ജനങ്ങൾക്ക് ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും പറയാൻ അധികം സമയമായിട്ടില്ല. ഇപ്പോൾ ഭരണത്തിൽ കയറിയിട്ടേയുള്ളൂ. സമയം കൊടുക്കൂ. നല്ലതുതന്നെ നടക്കും. സമയം കൊടുത്തേ പറ്റൂ. ദക്ഷിണേന്ത്യയിൽ മൊത്തമായി വലിയ രാഷ്ട്രീയമാറ്റം നടന്നിരിക്കുകയാണ്', ചോദ്യത്തിന് വേടൻ മറുപടി നൽകി.
'ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യങ്ങളല്ല', എന്നായിരുന്നു എൽഡിഎഫിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തോടുള്ള വേടന്റെ പ്രതികരണം.
പിന്നാലെയാണ് പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് ചോദ്യമുയർന്നത്. 'വെറുതേ ഇരുന്നോണം നിങ്ങൾ' എന്നുപറഞ്ഞ് വേടൻ ഒഴിഞ്ഞുമാറുകയായിരുന്നു.
Content Highlights: Rapper Vedan stated in Thrissur that it is too early to evaluate the newly elected UDF government in Kerala as they have just assumed power. While visiting the 'Kaval Koottayma' in Adat Grama Panchayat, he emphasized that voting is a democratic process and the public must give the new government time to perform.