എ.ആർ. റഹ്‌മാന്റെ സംഗീതം; രാംചരൺ ചിത്രം 'പെദ്ധി'യിലെ 'മസാ മസാ' ഗാനം പുറത്ത്

തെലുങ്ക് സൂപ്പർതാരം രാംചരൺ നായകനാവുന്ന പാൻ- ഇന്ത്യൻ ചിത്രം 'പെദ്ധി'യിലെ 'മസാ മസാ' ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എ.ആർ. റഹ്‌മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂരും ആലപിച്ചത് ഭരത് കെ. രാജേഷുമാണ്.
ജൂൺ നാലിന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കഴ്‌സ്, സുകുമാർ റൈറ്റിങ്‌സ് എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രമായ 'പെദ്ധി' അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായ രാംചരണിന്റെ മാസ് ഗുസ്തി രംഗങ്ങളുടെ മേക്കിങ് ദൃശ്യങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനായി രാംചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനത്തിനായി അദ്ദേഹം എടുത്ത പ്രയത്‌നവും വീഡിയോയിൽ കാണാൻ സാധിക്കും. അടുത്തിടെ ചിത്രത്തിലെ 'ഹെല്ലല്ലല്ലോ' എന്ന ഗാനവും പുറത്തുവരികയും മികച്ച പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു. നായകനായ രാംചരൺ, ശ്രുതി ഹാസൻ, ജാൻവി കപൂർ എന്നിവരുടെ ഗംഭീരമായ നൃത്തമായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. എ.ആർ. റഹ്‌മാൻ ഈണം നൽകി പുറത്തുവന്ന, ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങൾ ആഗോള തലത്തിൽ സൂപ്പർഹിറ്റുകളായി മാറിയിരുന്നു. കൂടാതെ, അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്ലറും വമ്പൻ പ്രേക്ഷക പ്രതികരണം നേടി യൂട്യൂബിൽ തരംഗമായി മാറി.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാംചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാംചരൺ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും കഥാഗതിയിൽ നിർണായകമായ സ്ഥാനമുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന, രാംചരണിന്റെ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.
ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ- ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
രചന, സംവിധാനം: ബുചി ബാബു സന, അവതരണം: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്‌സ്, നിർമാണം: വെങ്കട സതീഷ് കിലാരു, ബാനർ: വൃദ്ധി സിനിമാസ്, കോ- പ്രൊഡ്യൂസർ: ഇഷാൻ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി.വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം: രത്‌നവേലു, സംഗീതം: എ.ആർ. റഹ്‌മാൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
Content Highlights: Lyrical video of 'Masa Masa' song from the movie Peddi released. Music composed by Oscar-winner AR Rahman. Global theatrical release scheduled for June 4. Features Ram Charan in a mass wrestling-themed role. Pan-Indian production featuring a star-studded cast including Janhvi Kapoor and Shiva Rajkumar