ജെൻ്റിൽമാൻ 2 ഒരുക്കാൻ കെ.ടി. കുഞ്ഞുമോൻ, നായികാനിരയിലേക്ക് പ്രിയാലാലും

തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ബ്രഹ്മാണ്ഡ സിനിമയായിരുന്നു ' ജെൻ്റിൽമാൻ '. പിൽക്കാലത്ത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ.ടി.കുഞ്ഞുമോനായിരുന്നു സിനിമയുടെ നിർമ്മാതാവ്. ഈ സിനിമയുടെ രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരിൽ ഒരാളെക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. നടിയും നർത്തകിയുമായ പ്രിയാലാലാണ് ചിത്രത്തിലെ രണ്ടാമത്തെ നായിക.
'ജനകൻ' എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയാലാൽ. ഈ സിനിമ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവർ. ജെൻ്റിൽമാൻ 2-വിൻ്റെ ഷൂട്ടിംഗ് അടുത്ത് തന്നെ അറിയിക്കുമെന്നും സംവിധായകൻ, മറ്റ് അഭിനേതാക്കൾ എന്നിവരേ കുറിച്ചുള്ള സർപ്രൈസ് അറിയിപ്പുകളും നിർമ്മാതാവിൽ നിന്നും ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.
സംഗീത സംവിധായകനായി കീരവാണി, നായികമാരിൽ ഒരാളായി നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ തന്നെ കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. തമിഴിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്ന് എന്ന ഖ്യാതിക്കൊപ്പം ജെൻ്റിൽമാനിലൂടെ കുഞ്ഞുമോൻ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് ഷങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനേയും കൂടിയായിരുന്നു.
Content Highlights: Priyalal, KT Kunjumon, Gentleman 2 movie