'കലണ്ടറി'ലെ പാട്ട് 4K-യില്‍; വീണ്ടും ട്രെന്‍ഡായി ഓലിക്കര സോജപ്പന്‍

#Movie Desk
പൃഥ്വിരാജ് പച്ചവെള്ളം തച്ചിന് എന്ന പാട്ടില്‍ | Photo: Screen grab/ YouTube: Evergreen Movie Songs
പൃഥ്വിരാജ് പച്ചവെള്ളം തച്ചിന് എന്ന പാട്ടില്‍ | Photo: Screen grab/ YouTube: Evergreen Movie Songs

സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി കലണ്ടര്‍ എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച 'ഓലിക്കര സോജപ്പന്‍' എന്ന കഥാപാത്രം. 2009-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരുപാട്ട് 4K-യില്‍ പുറത്തിറങ്ങിയതോടെയാണ് ട്രോളുകളിലും മറ്റും 'സോജപ്പന്‍' നിറഞ്ഞത്.

ബാബു ജനാര്‍ദനന്‍ എഴുതി മഹേഷ് സംവിധാനംചെയ്ത ചിത്രമാണ് 'കലണ്ടര്‍'. നവ്യ നായര്‍, സെറീന വഹാബ് എന്നിവര്‍ക്കുപുറമേ പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തി. മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ചിത്രത്തില്‍ സോജപ്പന്‍, നവ്യാ നായര്‍ അവതരിപ്പിക്കുന്ന കൊച്ചുറാണിയുമായി പ്രണയത്തിലാവുകയും ഒരു ആക്‌സിഡന്റില്‍ മരിക്കുകയുംചെയ്യുന്നു. ചിത്രത്തില്‍ സോജപ്പന്റെ കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുന്ന പാട്ടാണ് കഴിഞ്ഞദിവസം 4K-യില്‍ വീണ്ടുമിറങ്ങിയത്. 'പച്ചവെള്ളം തച്ചിന് സോജപ്പന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഫ്‌സല്‍ യൂസഫ്.

പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളുമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ചിത്രത്തിലെ പല ഭാഗങ്ങളും നേരത്തേ തന്നെ ട്രോളുകളും മീമുകളുമായി സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പാട്ടിന്റെ രസകരമായ വരികളും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

Content Highlights: Relive Prithviraj Sukumaran`s iconic `Olikkara Sojappan` character from the movie Calendar, as the song is re-released in stunning 4K and goes viral on social media