ചോര തുടിക്കുന്ന വിപ്ലവഗാനം; എഴുതിയത് പി ഭാസ്‌കരൻ

വിശ്രുത വിപ്ലവഗാനങ്ങൾ അധികവും വയലാറിന്റേതാണ്: ബലികുടീരങ്ങളേ, സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ, സഖാക്കളേ മുന്നോട്ട്, നഷ്ടപ്പെടുവാൻ വിലങ്ങുകൾ, വിപ്ലവം ജയിക്കട്ടെ, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല, നക്ഷത്രങ്ങളേ സാക്ഷി.... എല്ലാം ചോര തുടിക്കുന്ന പാട്ടുകൾ.

സമരവീര്യം തിളച്ചുമറിയുന്ന ആ വയലാർ ഗാനങ്ങളുമായി ചേർത്തുവെക്കാവുന്ന ഒരു ഭാസ്‌കരരചനയുണ്ട് : 'ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നു, ഉയരുന്നു അവർ മണ്ണിൻ മോചന രണാങ്കണത്തിൽ പടരുന്നു....' പി ഭാസ്‌കരന്റെ സംവിധാനത്തിൽ 1969 ൽ പുറത്തുവന്ന 'മൂലധനം' എന്ന സിനിമക്ക് വേണ്ടി ദേവരാജൻ മാസ്റ്റർ സ്വരപ്പെടുത്തി യേശുദാസും സിഒ ആന്റോയും സംഘവും പാടിയ ഗാനം. ഏറെ പ്രിയപ്പെട്ട സമര ഗാനങ്ങളിലൊന്ന്.

ആദ്യം ആ ഗാനം കേട്ടത് 1970 കളിലെ ഒരു തിരഞ്ഞെടുപ്പുകാലത്താവണം. ചുണ്ടേൽ അങ്ങാടിയിൽ റോഡരികിൽ ഉയർത്തിക്കെട്ടിയ വേദിയിലെ മൈക്കിന് മുന്നിൽ നിരയായി നിന്നുകൊണ്ട് മുഷ്ടിചുരുട്ടി പാടുന്നു തേയിലത്തൊഴിലാളികളുടെ ഒരു ഗായകസംഘം. സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. മുഖ്യ ഗായകനായ താടിക്കാരന്റെ തീക്ഷ്ണമായ കണ്ണുകളാണ് ആദ്യകേൾവിയുടെ ഓർമ്മകൾക്കൊപ്പം മനസ്സിൽ തെളിയുക. ആത്മരോഷത്തിന്റെ കനലുകൾ എരിയുന്ന കണ്ണുകൾ. ആ കണ്ണുകളില്ലാതെ ആ പാട്ടുമില്ല എന്ന് തോന്നും ചിലപ്പോൾ.

ഗാനരംഗം സിനിമയിൽ കണ്ടത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്. കുറച്ചുകൂടി നന്നായി ചിത്രീകരിക്കാമായിരുന്നു ആ പാട്ട് എന്ന് തോന്നി അപ്പോൾ. ജയിലഴികൾക്കപ്പുറത്തു നിന്ന് പ്രേംനസീറും കൂട്ടാളികളും ചേർന്ന് മുഷ്ടി ചുരുട്ടി പാടുന്ന പാട്ട്. ഒരു വലിയ ജാഥ നയിച്ചുകൊണ്ട് പ്രേംനസീർ നടന്നുവരുന്ന ചിത്രമായിരുന്നു അതുവരെ ഗാനചിത്രീകരണത്തെ കുറിച്ചുള്ള സങ്കൽപ്പത്തിൽ.

പരാതിയില്ല. ഏത് പാട്ടും ഇഷ്ടപ്രകാരം മനസ്സിന്റെ തിരശ്ശീലയിൽ ചിത്രീകരിച്ചു കാണാമല്ലോ നമുക്ക്.

പി.ഭാസ്കരൻ

ഈണം ദേവരാജൻ മാസ്റ്ററുടേതായത് കൊണ്ടാവാം ടെലിവിഷൻ പരിപാടികളിലും റേഡിയോയിലും പലപ്പോഴും ഈ ഗാനത്തിന്റെ പിതൃത്വം വയലാറിന് കല്പിച്ചുനൽകാറുണ്ട് പലരും. ഭാസ്‌കരൻ-ദേവരാജൻ കൂട്ടുകെട്ടിന്റെ വിപ്ലവഗാനങ്ങൾ എണ്ണത്തിൽ കുറവുമാണല്ലോ. വരികളിലെ സമരവീര്യം ഈണത്തിലേക്ക് ആവാഹിക്കുകയായിരുന്നു മാസ്റ്റർ. വീറുറ്റ ഒരു മാർച്ചിംഗ് സോംഗിന്റെ താളമാണ് ഗാനത്തിന്. പല്ലവിയിലെ ആവേശലഹരി ചരണങ്ങളിലും അണയാതെ സൂക്ഷിക്കുന്നു ഗായകർ.

'വെടിവെച്ചാലവർ വീഴില്ല

അടിച്ചുടച്ചാൽ തകരില്ല

മജ്ജയല്ലിത് മാംസമല്ലിത്

ദുർജ്ജയ നൂതന ജനശക്തി...'

സമരവീര്യം തുടിക്കുന്ന വരികൾ വേറെയും എഴുതിയിട്ടുണ്ട് ഭാസ്‌കരൻ മാഷ്. 'ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തൻ ഉയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും' (വയലാർ ഗർജിക്കുന്നു) ഉദാഹരണം. ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടായിരുന്നു അത്. കാണുകെൻ കരവാൾ, വരുമോ രണഭൂമിയിൽ വരുമോ, മണ്ണു വെട്ടിപ്പിടിക്കാനും മനുജചൂഷണത്തിനും, വീറെഴുന്ന രക്തസാക്ഷി വീരരേ, ഒരേയണിയായ്... തുടങ്ങി വേറെയും ഗാനങ്ങൾ. ഇടക്കൊരു ഘട്ടത്തിൽ വിപ്ലവ പ്രസ്ഥാനവുമായി അകന്നെങ്കിലും സമരഗാനങ്ങൾ എഴുതിയും പാടിയും നടന്ന ഭൂതകാലത്തെയോർത്ത് ഒരിക്കലും പശ്ചാത്തപിച്ചില്ല അദ്ദേഹം.

'ഓരോ തുള്ളി ചോരയിൽ നിന്നും' എന്ന ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 'മൂലധനം' റിലീസായി നാല് വർഷത്തെ ഇടവേളക്കുശേഷം പുറത്തുവന്ന 'തനിനിറം' എന്ന പടത്തിൽ വീണ്ടും ഇടം പിടിച്ചു അത്; ഇത്തവണ ശീർഷക ഗാനമായി. രണ്ടു പടത്തിന്റെയും നിർമ്മാതാക്കൾ ഒന്നുതന്നെ: അസീം കമ്പനി.

എണ്ണത്തിൽ കുറവെങ്കിലും സിനിമക്ക് വേണ്ടി വേറെയും സമരഗാനങ്ങൾ രചിച്ചിട്ടുണ്ട് ഭാസ്‌കരൻ മാഷ്. 'രക്തസാക്ഷികൾ സിന്ദാബാദ്' എന്ന ചിത്രത്തിലെ 'കിഴക്കുപുലരി ചെങ്കൊടി പാറി കിളികൾ പാടീ രണഗീതി' എന്ന ഗാനം ഉദാഹരണം എംജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ഈ പാട്ടിന് ശബ്ദം പകർന്നത് യേശുദാസും എംജി ശ്രീകുമാറും. 'പൂജക്കെടുക്കാത്ത പൂക്കൾ' എന്ന ചിത്രത്തിലെ 'നവയുഗദിനകരൻ ഉണരട്ടെ' എന്ന ഗാനവും മറക്കാനാവില്ല. കെ രാഘവന്റെ ഈണത്തിൽ ഈ ഗാനം പാടിയത് അമ്പിളിയും പദ്മിനി വാര്യരും.

Content Highlights: Highlights P. Bhaskaran's often-overlooked contribution to Malayalam revolutionary music., Analyzes the iconic song 'Oru Thulli Chorayil' from the movie Mooladhanam., Discusses the collaboration between P. Bhaskaran and G. Devarajan Master., Explores the recurring usage of protest anthems in Malayalam cinema across different decades.