ഹൃദയം തൊട്ട് 'കുളിർകാറ്റ്'; 'ഒഴിയാതെ'യിലെ മേതിൽ സതീശൻ-ബിജിബാൽ ഗാനം ആസ്വാദക ഹൃദയങ്ങളിലേക്ക്

തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന 'ഒഴിയാതെ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'കുളിർകാറ്റ് പാറിപ്പോയ്...' പ്രേക്ഷകമനസ്സുകളിൽ നൊമ്പരമായി പടരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അന്യായമായി തടവിലാക്കപ്പെട്ട നിഷ്‌കളങ്കരായ കുട്ടികളുടെയും അവരുടെ വേർപാടിൽ നീറുന്ന മാതാപിതാക്കളുടെയും കഥ പറയുന്ന ചിത്രത്തിലെ ഗാനം സിനിമ കണ്ടിറങ്ങുന്ന ഏതൊരാളെയും പിടിച്ചുലയ്ക്കുന്ന ഒന്നാണ്.
നാടോടി ഈണങ്ങളുടെ തനിമയോടെ പുറത്തിറങ്ങിയ 'ഓമ്പ്ര...' എന്ന ആദ്യഗാനം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തതെങ്കിൽ, അതിൽ നിന്നും വേറിട്ട വൈബിൽ തീവ്രമായ വിരഹവേദനയും നോവും പങ്കുവെക്കുന്നതാണ് പുതിയ ഗാനം. മേതിൽ സതീശന്റെ ആർദ്രവും കാവ്യഭംഗിയുമുള്ള വരികൾക്ക് ദേശീയ അവാർഡ് ജേതാവ് ബിജിബാൽ ഈണം പകരുകമാത്രമല്ല, ആത്മാവ് തൊട്ട ശബ്ദത്തിൽ ആലാപനം നിർവഹിക്കുകയും ചെയ്തിരിക്കുന്നു.
'വേരറ്റു മണ്ണിൽ വീഴും ഉയിരറ്റു പോകും കാലം...' എന്ന വരികൾ നീതിനിഷേധത്തിന്റെ ഇരകളായ ഒരു തലമുറയുടെ വേദന പൂർണമായും ആവാഹിക്കുന്നതാണ്. സിനിമ നൽകുന്ന വൈകാരിക തലത്തെ കൂടുതൽ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗാനത്തിന് സാധിക്കുന്നുണ്ട്. ഒഴിയാതെ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ രണ്ടു പാട്ടുകളിലൂടെ മലയാള സിനിമയിൽ പുതിയ ഗാനരചയിതാവ് അരങ്ങേറ്റം കുറിച്ചിരിക്കുന്നു.
ഫാറൂഖ് അബ്ദുൽ റഹിമാൻ സംവിധാനം ചെയ്ത ചിത്രം, ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെയും അതിൽ പൊലിഞ്ഞുപോയ സ്വപ്‌നങ്ങളെയും കുറിച്ച് ശക്തമായി സംസാരിക്കുന്നു. ഇൻസൈറ്റ് ദി ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തിയേറ്ററുകളിൽനിന്ന് ഇറങ്ങിപ്പോരുന്ന കാണികളുടെ മനസ്സിൽ ഒരു വലിയ ചോദ്യചിഹ്നമായും ഈണമായും 'കുളിർകാറ്റ്' അലയടിക്കുന്നു എന്നത് ഉറപ്പാണ്. സമീപകാല മലയാള സിനിമയിൽ നെഞ്ചോട് ചേർത്തുപിടിക്കാൻ പോന്ന മികച്ചൊരു ഗാനമായി 'കുളിർകാറ്റ് പാറിപ്പോയ്...' മാറിയിരിക്കുകയാണ്.
Content Highlights: The second song titled 'Kulirkaattu Paarippoy...' from the film 'Ozhiyaathe' has been released. Composed and sung by National Award winner Bijibal, the song captures the pain of innocent victims of the Emergency era. Written by acclaimed lyricist Methil Satheesan, marking his debut in Malayalam cinema with the film's tracks. Directed by Farooq Abdul Rahiman, 'Ozhiyaathe' explores the tragic events and lost lives during the 1976 Emergency. Produced by Methil Komalankutty under the banner of Insight The Creative Group.