'ഒരു സ്‌നേഹമഴയായ്'... ശ്രദ്ധനേടി ഗസല്‍ഗാനം

ശശികലാദേവി എഴുതി അർച്ചന തോപ്പില്‍ ആലപിച്ച 'ഒരു സ്നേഹമഴയായ്...' എന്ന ഗസല്‍ഗാനം ശ്രദ്ധനേടുന്നു. സ്റ്റീവ് മാത്തൻ സംഗീതമൊരുക്കിയിരിക്കുന്ന ഈ മ്യൂസിക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
അര്‍ച്ചന തോപ്പിൽ നിര്‍മ്മിച്ച് ഉദയരാജ് തോപ്പിൽ ചിത്രീകരിച്ച ഈ മ്യൂസിക് വീഡിയോയിൽ ദേവിശ്രീ ജയരാജ് അഭിനയിച്ചിരിക്കുന്നു. ജയരാജ് ടി.ജി, സുജിത്ത് ബി.എസ്, ശ്രീമോള്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
'ചിലപ്പോഴെങ്കിലും യാദൃഛികമായി വന്നു ഭവിക്കുന്ന ചില സംഭവങ്ങൾ ഒരതിശമായി പരിണമിക്കാറുണ്ട്. ശാന്തസുന്ദരമായ റിട്ടയർമെന്റ് ജീവിതത്തിനു കൂട്ടായി ചെറുപ്പകാലത്തെ സർഗ്ഗാത്മകത വീണ്ടും എന്നെ തേടി വന്നു. അങ്ങനെ വീണ്ടും ഞാനൊരു എഴുത്തുകാരിയായി. ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നതിനാൽ എഴുതുന്നത് ഈംഗ്ലീഷ് ഗഥ്യകാവ്യങ്ങളുമായി. ഫെയ്സ്ബുക്കിൽ തുറന്ന ക്രിയേറ്റീവ് പേജിൽ കുത്തിക്കുറിക്കുന്ന കാവ്യശകലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. സുമനസ്സുകളുടെ പ്രോത്സാഹനങ്ങൾ പ്രചോദനങ്ങളുമായി. അങ്ങനെ ഇരിക്കെ സ്റ്റീവ് എന്ന പേരുള്ള ഒരപരിചിതൻ മലയാളം ഗസലുകൾ എഴുതിക്കൂടേ എന്ന് മെസഞ്ചറിൽ ചോദിച്ചു. (അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്റ്റീവ് മാത്തൻ എന്ന പ്രശസ്ത സംഗീതസംവിധായകൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.) മലയാളത്തിൽ ഗസൽ എഴുതേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ച് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല. നഷ്ടപ്രണയത്തെക്കുറിച്ച് ആത്മഗതം പറയുന്നതുപോലെ എന്തെങ്കിലും കുത്തിക്കുറിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുമൂന്നു തിരുത്തലുകൾക്കൊടുവിൽ മനോഹരമായ ഒരു കവിത രൂപപ്പെട്ടുവന്നു. ഏതാണ്ട് ഇതേ സമയത്താണ് ഒരു നിമിത്തം പോലെ ഓസ്ട്രേലിയയിലെ ബ്രിസ്ബണിൽ നിന്നും അർച്ചന തോപ്പിൽ എന്ന ഗായിക സ്റ്റീവിന്റെ ഒരു ഗസൽ ആലപിക്കണം എന്ന ആഗ്രഹത്തോടെ അദ്ദേഹത്തെ സമീപിക്കുന്നത്. ഞാനെഴുതിയ വരികൾ അർച്ചനയ്ക്കും ഇഷ്ടമായി. അങ്ങനെ ആ വരികൾക്ക് സംഗീതം നൽകി അദ്ദേഹം അർച്ചനയെ പഠിപ്പിച്ചു. അങ്ങനെ ആദ്യമായി ഞാനെഴുതിയ മലയാള കവിത സ്റ്റീവ് മാത്തന്റെ അനിതരസാധാരണമായ സംഗീതസംവിധാനത്തിൽ അർച്ചന തോപ്പിൽ ഹൃദ്യമായി ആലപിച്ച് സഹോദരൻ ഉദയരാജ് തോപ്പിലിന്റെ ദൃശ്യസാക്ഷാത്കാരത്തോടെ "ഒരു സ്നേഹമഴയായ്" എന്ന ശീർഷകത്തിൽ പ്രേക്ഷകസമക്ഷം സമർപ്പിതമായിരിക്കുന്നു' ശശികലാ ദേവി പറഞ്ഞു.
Content Highlights: Oru Snehamazhayay, gazal musical video