'വിരൽ തൊടും...', നാരായണീന്റെ മൂന്നാണ്മക്കള്‍ സിനിമയിലെ രണ്ടാമത്തെ ഗാനമെത്തി; സംഗീതം രാഹുല്‍ രാജ്

നാരായണീന്റെ മൂന്നാണ്മക്കൾ പോസ്റ്റർ, ട്രെയിലറിൽനിന്ന്
നാരായണീന്റെ മൂന്നാണ്മക്കൾ പോസ്റ്റർ, ട്രെയിലറിൽനിന്ന്

മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, അടുത്തിടെ സൂപ്പര്‍ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കള്‍' സിനിമയിലെ പുതിയ ഗാനം പുറത്ത്. വിരല്‍ തൊടും... എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. എഴുതിയിരിക്കുന്നത് കെ.എസ്. ഉഷ. പാടിയിരിക്കുന്നത് ശ്രുതി ശിവദാസാണ്.

ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് സമര്‍ഥിക്കുന്ന ട്രെയിലര്‍ അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരുന്നു. മനോഹരമായ ഗാനവും മനസ്സ് തൊടുന്നതാണ്. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി 7-ന് തിയേറ്ററുകളിലെത്തും. 

തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍. കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിന്‍പുറത്തെ തറവാടുവീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തില്‍നിന്ന് ചില സാഹചര്യങ്ങളാല്‍ അന്യദേശത്തേക്ക് മാറിനിന്നിരുന്ന ഇളയ മകന്റെ കടന്നുവരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തില്‍ എത്തുന്നത്.

ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറില്‍നിന്ന് അറിയാനാകുന്നത്. നിര്‍മ്മാണം: ജോബി ജോര്‍ജ്ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: narayaneente moonnaanmakkal movie song out