പ്രണയസങ്കൽപത്തിലെ ഭയപ്പെടുത്തുന്ന മാറ്റങ്ങൾ; മൃദുല വാര്യരുടെ 'വെടിയേറ്റു വീഴുന്ന പ്രണയം' ശ്രദ്ധേയമാകുന്നു

മധു വാസുദേവൻ, മൃദുല, സച്ചിൻ ശങ്കർ
മധു വാസുദേവൻ, മൃദുല, സച്ചിൻ ശങ്കർ

മൃദുല വാര്യർ ആലപിച്ച 'വെടിയേറ്റു വീഴുന്ന പ്രണയം' എന്ന കവിത ശ്രദ്ധ നേടുന്നു. പുതിയ കാലത്തിന്റെ പ്രണയസങ്കൽപ്പങ്ങളിൽ ഉണ്ടാകുന്ന പേടിപ്പെടുന്ന മാറ്റങ്ങളെ ആധാരമാക്കി, ഡോ. മാനസയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് പുറത്തിറക്കിയിട്ടുള്ള ലിറിക്കൽ വീഡിയോയാണ് 'വെടിയേറ്റു വീഴുന്ന പ്രണയം'. കവിതയുടെ രചന നിർവഹിച്ചിരിക്കുന്നത് ചലച്ചിത്രഗാനരചയിതാവും കവിയും സംഗീതലേഖകനുമായ മധു വാസുദേവനാണ്. വരികൾക്ക് ഈണം നൽകിയത് സച്ചിൻ ശങ്കർ മന്നത്ത് ആണ്. വീഡിയോ ക്രിയേറ്റർ ശ്രീവിഷ്ണു ഉണ്ണി.

പ്രണയനിരാസം ഹീനമായ കൊലപാതകങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ആകുലതയാണ് ഈ കവിത എന്ന് മധു വാസുദേവൻ പറയുന്നു. 'പ്രണയം എന്ന വാക്കും അനുഭവവും അതിന്റെ ചെറിയ അർത്ഥത്തിൽനിന്നു പുറത്തുവരേണ്ട സമയം എപ്പോഴേ കഴിഞ്ഞു. പ്രണയം മരണത്തിന് പര്യായമായി മാറിപ്പോകുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഉത്‌കണ്ഠയാണ് 'വെടിയേറ്റു വീഴുന്ന പ്രണയം'. ഈ കവിത എഴുതാൻ മാനസ യുടെ നിഷ്ഠൂരമായ കൊലപാതകം സന്ദർഭമായി വന്നു. പ്രണയത്തിന് എപ്പോഴും റോസാപ്പൂവിന്റെ നിറവും മണവുമല്ല ഉള്ളത്. ഈയിടെ പ്രണയത്തിന് പലപ്പോഴും ചോരയുടെ നിറവും രൂക്ഷഗന്ധവും വന്നുചേരുന്നുണ്ട്. ഇതാണ് ഈ കവിതയിലൂടെ പറയാൻ ഞാൻ ആഗ്രഹിച്ചത്. സച്ചിൻ ശങ്കറിന്റെ ഈണവും മൃദുലയുടെ ആലാപനവും ഞാൻ പറയാൻ ശ്രമിച്ചതിനെ പിന്നെയും മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്', മധു വാസുദേവൻ വിശദമാക്കി. 'പുതിയകാലത്തിലെ പ്രണയസങ്കൽപങ്ങളിൽ ഉണ്ടായിട്ടുള്ള പേടിപ്പിക്കുന്ന ചില മാറ്റങ്ങളാണ് ഇതിന്റെ വിഷയം'. മാനസയുടെ നീറുന്ന ഓർമകൾക്കു മുന്നിൽ വീഡിയോ സമർപ്പിച്ചുകൊണ്ട് യൂട്യൂബിൽ നൽകിയിട്ടുള്ള ആമുഖക്കുറിപ്പിൽ മൃദുല വാര്യരും എഴുതുന്നു.

മധു വാസുദേവന്റെ അർഥപൂർണമായ വരികളും മൃദുലയുടെ വശ്യമനോഹരമായ ആലാപനവും സച്ചിൻ ശങ്കറിന്റെ ലളിത സുന്ദരമായ ഈണവും ഈ ലിറിക്കൽ വീഡിയോയെ ശ്രദ്ധേയമാക്കുന്നു. പ്രസിദ്ധ സിത്താർ വാദകൻ രവിശങ്കർ, മഹാത്മാഗാന്ധിജിയുടെ സ്മരണാർത്ഥം നിർമിച്ച മോഹൻകൗൻസ് എന്ന രാഗത്തിലാണ് സച്ചിൻ ഈ കവിത ചിട്ടപ്പെടുത്തിയിരിക്കുത്. എ.ആർ.റഹ്മാന്റെ ശിഷ്യനും ഗായകനുമായ സച്ചിൻ ശങ്കർ, എ.ആർ. റഹ്മാൻ സ്ഥാപിച്ച 'കെ.എം കൺസർവേറ്ററി'യിൽ അഞ്ചുവർഷം സംഗീതാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. മഞ്ജു വാര്യരും സൗബീൻ സാഹിറും പ്രധാന വേഷങ്ങളിൽ എത്തുന്ന 'വെള്ളരിക്കാപട്ടണം' സിനിമയിലെ ഗാനങ്ങൾ ഒരുക്കുന്നത് സച്ചിൻ ശങ്കറും മധു വാസുദേവനും ചേർന്നാണ്.

content highlights : mrudula warrier poem vediyettu veezhunna pranayam lyrical video madhu vasudevan

Content Highlights: