സ്വരകന്യകമാർ വീണ്ടുമെത്തി;11 വർഷത്തിന് ശേഷം ഈണങ്ങളുമായി വീണ്ടും മോഹൻ സിത്താര

മോഹൻ സിത്താരയ്ക്ക് ഇതൊരു മടങ്ങിവരവാണ്. 11 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമാസംഗീതസംവിധായകൻ എന്ന നിലയിൽ വീണ്ടുമൊരു ‘അരങ്ങേറ്റം’. മനസ്സിൽ തൊടുന്ന ഈണങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീതസംവിധായകൻ അതേക്കുറിച്ച് പറയുമ്പോൾ കണ്ണുനിറഞ്ഞു, കണ്ഠമിടറി. ‘‘സംഗീതം തന്ന ഊർജം, കൂടെ ദൈവാനുഗ്രഹവും ഉറ്റവരുടെ പ്രാർഥനയും. ഇനിയൊരു മടങ്ങിവരവില്ലെന്ന് ഉറപ്പിച്ചതാണ്. സംഗീതമെന്ന കൂട്ടുകാരൻ ചേർത്തുപിടിച്ച് പറഞ്ഞു, സ്വരകന്യകമാർ വീണ്ടുമെത്തും, വീണമീട്ടുവാനെന്ന്... അത് ശരിയായി.”
കുറച്ചുമാസംമുമ്പ് ദിവസങ്ങളോളം രോഗശയ്യയിലായിരുന്നു ഇദ്ദേഹം. ഇപ്പോഴിത് തിരിച്ചുവരവിന്റെ ഘട്ടമാണ്. അദ്ദേഹത്തിന്റെത്തന്നെ വാക്കുകൾ: “2013-ൽ പുറത്തിറങ്ങിയ ‘അയാൾ’ എന്ന സിനിമയിലായിരുന്നു സിനിമയ്ക്കുവേണ്ടി അവസാനം സംഗീതം ചെയ്തത്. പിന്നെ ചിലതൊക്കെ ചെയ്തു. പലതും പുറത്തുവന്നില്ല. ആരും വിളിക്കാതെയായി. പുറത്തിറങ്ങാറില്ല. പതിയെ ജീവിതം നിശ്ശബ്ദമായി. കൂട്ടിന് സംഗീതവും എഴുത്തും മാത്രം. പുതിയ സംഗീതസംവിധായകർ വന്നു. സംഗീതത്തിലും വന്നു, മാറ്റങ്ങൾ. ആർക്കും വേണ്ടാതായെന്ന തോന്നൽ. ഇതിന്റെ തുടർച്ചയായിട്ടാണ് അസുഖബാധിതനായത്. ഈയിടെ പുറത്തിറങ്ങിയ ‘എഴുത്തോല’ എന്ന സിനിമയിലൂടെയാണ് ഇപ്പോൾ എന്റെ രണ്ടാംവരവ്.”
എഴുത്തോലയിലെ ‘അ, ആ, ഇ, ഈ’ എന്ന പാട്ട് വ്യഞ്ജനാക്ഷരങ്ങളിൽ തുടങ്ങുന്നതാണ്. സംഗീതം ആദ്യം അഭ്യസിക്കുന്ന കുട്ടികൾ പഠിക്കുന്ന മായാമാളവഗൗളരാഗത്തിൽത്തന്നെ ഈ ഗാനം ചിട്ടപ്പെടുത്തിയത് തന്റെ രണ്ടാം അരങ്ങേറ്റം സൂചിപ്പിക്കാനായിരുന്നെന്ന് മോഹൻ സിത്താര പറയുന്നു.
കെെതപ്രത്തിന്റേതാണ് വരികൾ. മധു ബാലകൃഷ്ണന്റെ ആലാപനം. സുരേഷ് ഉണ്ണികൃഷ്ണനാണ് സിനിമയുടെ സംവിധായകൻ. മകൻ അവിൻ മോഹൻ സിത്താര (വിഷ്ണു) സംഗീതസംവിധായകനായും ഗായകനായും അച്ഛനൊപ്പമുണ്ട്. കീബോർഡ് ആർട്ടിസ്റ്റുകൂടിയാണ് അവിൻ. 2013-ൽ പുറത്തിറങ്ങിയ ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് പാട്ടായ ‘വെയിൽച്ചില്ല പൂക്കും നാളിൽ...’ എന്ന ഗാനം സംഗീതം നൽകി ജ്യോത്സ്‌നയ്ക്കൊപ്പം പാടിയത് അവിനാണ്.കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം എന്നീ സിനിമകൾക്കുവേണ്ടിയും സംഗീതസംവിധായകനായി.തമിഴ്സിനിമകളിലും അവിൻ സാന്നിധ്യം അറിയിച്ചു. അച്ഛന്റെ പാട്ടുകൾക്ക് ഓർക്കസ്ട്ര ചെയ്യുന്നത് അവിനാണ്.