ഒരു ചായ കുടിച്ചിട്ട് ‘ചിന്തിച്ചാലോ’!

കൊച്ചി : ദാ നിങ്ങളുടെ മുന്നിലേക്ക് ഒരു കപ്പ് ചായ കൊണ്ടുവന്നു വെക്കുന്നു. ക്ഷീണമകറ്റാൻ ചൂടുചായ ഊതിയൂതി കുടിക്കുമ്പോൾ നിങ്ങൾക്ക് അറിയാമോ, ആരാണ് ലോകത്ത് ആദ്യമായി ചായ കുടിച്ചതെന്ന്? അതിന്റെ ഉത്തരം നിങ്ങൾ തന്നെ തേടിക്കോളൂ. ഇവിടെ കപ്പ ‘കൾച്ചറി’ന്റെ വേദിയിലെത്തി ഒരു ചൂടുചായ ഊതിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഒരുപക്ഷേ ചിന്തിക്കുന്നത് കമ്യൂണിറ്റികളെക്കുറിച്ചായിരിക്കും. കാരണം കമ്യൂണിറ്റികളുടെ ചിന്തകൾ അവിടെ ചായ പോലെ പല സ്വാദിലും കടുപ്പത്തിലും തെളിഞ്ഞു കൊണ്ടേയിരിക്കും.
പാട്ടും ഡാൻസും ഗെയിമും എല്ലാം കൈകോർക്കുന്ന ‘കൾച്ചർ’ വേദിയിൽ നിങ്ങൾക്ക് വ്യത്യസ്തമായ ചിന്തകളുടെ ചായക്കോപ്പയുമായാണ് അബ്രാർ അലിയും സംഘവുമെത്തുന്നത്. ഓരോ നേരത്തും ആവശ്യമുള്ള മധുരത്തിലും കടുപ്പത്തിലും അവർ അത് നിങ്ങളുടെ മുന്നിൽ പകർന്നുകൊണ്ടേയിരിക്കും.
“കൾച്ചറിന്റെ വേദിയിൽ ഇഷ്ടപ്പെട്ട സോണുകളിൽ ആർത്തുല്ലസിക്കുന്നതിനിടെ നിങ്ങളെ ഇടയ്ക്ക് ഞങ്ങൾ പിടികൂടും. എന്നിട്ട് വ്യത്യസ്തമായ അനുഭവങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ഉദാഹരണം പറഞ്ഞാൽ നിങ്ങളുടെ വായയും ചെവിയും മൂടിക്കെട്ടിയ ശേഷം കൺമുന്നിൽ ചില കാഴ്ചകൾ തെളിച്ചാൽ എങ്ങനെയിരിക്കും. അതുപോലെ നിങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടിയ ശേഷം നാവിൻതുമ്പിലേക്ക് ചില വിഭവങ്ങൾ വെച്ചു തന്നാൽ എങ്ങനെയായിരിക്കും അതെല്ലാം നിങ്ങൾ തിരിച്ചറിയുന്നത്. ഇതുപോലെ അനുഭവങ്ങളുടെ വ്യത്യസ്തമായ എത്രയോ ലോകങ്ങളാണ് കൾച്ചറിൽ തുറക്കാനിരിക്കുന്നതെന്നറിയാമോ?” അബ്രാർ അലിയുടെ ചോദ്യം തന്നെ ത്രില്ലടിപ്പിക്കാൻ പോന്നതാണ്.
ഒട്ടേറെ കമ്യൂണിറ്റികളുടെ ചിന്തകളും പ്രവർത്തനങ്ങളും അറിയാനുള്ള വേദിയായി ‘കൾച്ചർ’ മാറുമെന്നാണ് അബ്രാർ പറയുന്നത്.
ആർട്ട് കൾച്ചറിന് കൂടുതൽ ഇടം നൽകിയാണ് കപ്പ ‘കൾച്ചർ’ തെളിയുന്നത്. ആർട്ട്, ക്രാഫ്റ്റ് എന്നിങ്ങനെ വ്യത്യസ്തമായി തെളിയുന്ന ലോകങ്ങളിൽ പെയിന്റിങ്ങും ഒറിഗാമിയും അടക്കം ഒട്ടേറെ ലോകങ്ങൾ നിങ്ങൾക്ക് പരിചയപ്പെടാം. ഡാൻസും പാട്ടും ഫുഡ്ഡും ഗെയിമുമെല്ലാം കൈകോർക്കുന്ന ‘കൾച്ചർ’ വേദിയിൽ കമ്യൂണിറ്റികളുടെ സാന്നിധ്യം കൂടിയാകുമ്പോൾ അതിനെക്കാൾ മികച്ചൊരു ആർട്ട് കൾച്ചർ ലോകം വേറെ തുറക്കാനുണ്ടോ?. അതുകൊണ്ടുതന്നെ നിങ്ങളും വരില്ലേ ‘കൾച്ചറി’ലേക്ക്, ഒരു ചായ കുടിച്ച് നമുക്ക് ഇത്തിരി 'ചിന്തിക്കാമെന്നേ'!
Content Highlights: mathrubhumi kappa cultr, event, celebration of dance music, abrar ali, community curator