പാട്ടിന് അഞ്ചുലക്ഷം വാങ്ങുന്ന കെ.കെ. പറഞ്ഞു; 'ഇതിനൊരു മസാലദോശ മതി'

#എം.ബി. ബാബു
ശബരീഷും കെ.കെ.യും, കെ.കെ
ശബരീഷും കെ.കെ.യും, കെ.കെ

തമിഴിലും ഹിന്ദിയിലും കത്തിനില്‍ക്കുന്ന കാലത്ത് കെ.കെ. മലയാളത്തില്‍ ആദ്യമായി ഒരു പാട്ടുപാടി. വയലറ്റ് എന്ന ആ സിനിമ റിലീസ് ആകാത്തതിനാല്‍ ആദ്യ മലയാളപാട്ടും പുറത്തുവന്നില്ല. 2008-ല്‍ കെ.കെ. പാടിയ ആ പാട്ട് ആദ്യമായി മാതൃഭൂമി ആസ്വാദകര്‍ക്ക് എത്തിക്കുകയാണ്.

കെ.കെ ആദ്യമായി പാടിയ മലയാളം പാട്ട് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആ പാട്ടിനെ ചുറ്റിപ്പറ്റി സംവിധായകന്‍ ശബരീഷിന് ഉണ്ടായ അനുഭവങ്ങള്‍ അവിസ്മരണീയമാണ്. ശബരീഷിന്റെ അമ്മ കുന്നത്ത് ശ്യാമളാദേവിയും കെ.കെ.യുടെ അമ്മ കനകവല്ലിയും സഹോദരങ്ങളുടെ മക്കളാണ്. ഈ ബന്ധത്തിന്റെ പേരിലാണ് തന്റെ ആദ്യസിനിമയില്‍ പാടാനാകുമോ എന്ന് ശബരീഷ് കെ.കെ.യോട് ചോദിച്ചത്. കെ.കെ.യ്ക്ക് തിരക്കേറിയ കാലം. ഒരുപാട്ടിന് അഞ്ചുലക്ഷം പ്രതിഫലം കിട്ടുന്ന കാലം. മുംബൈയില്‍ വന്നാല്‍ ഒന്നോ രണ്ടോ പാട്ട് പാടാമെന്നായി കെ.കെ.

ശബരീഷും സംഗീതസംവിധായകന്‍ ഷമേജ് ശ്രീധറും മുംബൈയ്ക്ക് വണ്ടികയറി. സ്റ്റുഡിയോയും സംവിധാനങ്ങളുമെല്ലാം കെ.കെ. അവിടെ ഒരുക്കിയിരുന്നു.

തൃശ്ശൂരിലെ ജോഫി തരകന്റെ വരികള്‍ക്ക് ഷമേജ് ശ്രീധര്‍ ഈണമിട്ടപ്പോള്‍ കെ.കെ. ലയിച്ച് പാടി. മാതൃഭാഷയിലുള്ള ആദ്യഗാനം. കെ.കെ. ഒരു പാട്ടിന് വാങ്ങുന്ന പ്രതിഫലത്തിന്റെ പത്തിലൊന്നുപോലും ഇല്ലായിരുന്നു ശബരീഷിന്റെ കൈയില്‍. പോകാനൊരുങ്ങിയ കെ.കെ. ശബരീഷിന്റെ തോളില്‍ കൈയിട്ടുകൊണ്ട് പറഞ്ഞു ബന്ധുക്കള്‍ ആണെന്ന് കരുതി പ്രതിഫലം തരാതെ പോകാമെന്ന് കരുതണ്ട. ശബരീഷ് പരുങ്ങുന്നതുകണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വിളിക്കും. തൃശ്ശൂരിലെ പത്തന്‍സ് ഹോട്ടലില്‍നിന്ന് ഒരു മസാലദോശ വാങ്ങിത്തരണം. അതാണ് ഇതിനുള്ള പ്രതിഫലം.

മൂന്നുവര്‍ഷംമുമ്പ് തൃശ്ശൂരിലെ ബന്ധുവിന്റെ കല്യാണത്തിനെത്തിയ കെ.കെ.യെ ശബരീഷ് അവിടെവെച്ച് കണ്ടിരുന്നു. സിനിമകള്‍ എടുക്കുന്നുണ്ടെങ്കില്‍ പറയാനും പാട്ടുപാടാന്‍ തയ്യാറാണെന്നും അറിയിച്ചാണ് കെ.കെ. മടങ്ങിയത്. പട്ടാമ്പി കൊടുമുണ്ട സ്വദേശിയായ എം. ശബരീഷ് ഇപ്പോള്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ ജേണലിസം അധ്യാപകനാണ്.

Content Highlights: KK singer demise, cousin brother sabareesh remembers