പ്രതിഫലം വാങ്ങാതെ യേശുദാസ് പാടിയ പാട്ട്

യേശുദാസും കെ.പി.ഉദയഭാനുവും. ഫോട്ടോ: ജി.ശിവപ്രസാദ്
യേശുദാസും കെ.പി.ഉദയഭാനുവും. ഫോട്ടോ: ജി.ശിവപ്രസാദ്

ആയിരക്കണക്കിന് അയ്യപ്പ ഭക്തിഗാനങ്ങളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട വരികൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ, മനസ്സ് അറിയാതെ മൂളിപ്പോകുന്ന രണ്ടു വരികളുണ്ട്:

'തവപദ നളിനീ തീർത്ഥത്തിലൊഴുകി,

തളരട്ടെ മമഹൃദയം.....''

പതിറ്റാണ്ടുകൾക്ക് മുൻപ് ദേവസ്വം ബോർഡ് പുറത്തിറക്കിയ ശരണമയ്യപ്പ എന്ന ആൽബത്തിലെ 'ശബരിഗിരീശ്വര സൗഭാഗ്യദായകാ, ശരണം തവ ചരണം'' എന്ന ഗാനത്തിന്റെ പല്ലവിയിലെ വരികൾ. കെ ജി സേതുനാഥിന്റെ രചന. കെപി ഉദയഭാനുവിന്റെ സംഗീതം. യേശുദാസിന്റെ ആലാപനം.

ഉദയഭാനുവും യേശുദാസും റെക്കോഡിങ് വേളയിൽ. ഫയൽ ചിത്രം | മാതൃഭൂമി ആർക്കൈവ്സ്

കുട്ടിക്കാലത്ത് കേട്ടു തുടങ്ങിയതാണ് ആ പാട്ട്. മനസ്സ് തളരാൻ പ്രാർത്ഥിക്കുമോ ആരെങ്കിലും എന്ന് തോന്നിയിരുന്നു അന്ന്. ആ 'തളർച്ച''യുടെ പൊരുൾ എന്തെന്നറിഞ്ഞപ്പോൾ എഴുതിയ സേതുനാഥിനോട് ബഹുമാനം തോന്നി. തീവ്ര ഭക്തനൊന്നുമല്ലെങ്കിലും, ഉദയഭാനുവിന്റെ ഈണവും യേശുദാസിന്റെ ഭാവാർദ്രമായ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന അലൗകിക നാദപ്രവാഹത്തിൽ എന്റെ ഹൃദയവും ഒഴുകി തളരാറുണ്ട്.

'ശരണമയ്യപ്പ''യുടെ ഗ്രാമഫോൺ റെക്കോർഡിൽ ഉദയഭാനുവിന് വേണ്ടി രണ്ടു പാട്ട് പാടി യേശുദാസ്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച 'ജീവപ്രപഞ്ചത്തിൻ ആധാരമൂർത്തിയാം ശ്രീധർമ്മ ശാസ്താവേ'' ആയിരുന്നു രണ്ടാമത്തെ ഗാനം. ചെന്നൈയിലെ എച്ച് എം വി സ്റ്റുഡിയോയിൽ വെച്ചുള്ള റെക്കോർഡിംഗിന് ശേഷം പ്രതിഫലം വാങ്ങാൻ കൂട്ടാക്കാതിരുന്ന യേശുദാസിനെ കുറിച്ച് ഉദയഭാനുച്ചേട്ടൻ പറഞ്ഞതോർമ്മയുണ്ട്. അത്രയും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചിരുന്നു ആ പാട്ടുകൾ. 'എന്നോടുള്ള സ്‌നേഹവും അതിനൊരു കാരണമായിരിക്കാം.' - ഉദയഭാനു.

പാട്ടിന്റെ ചരണത്തിലുമുണ്ട് അയ്യപ്പഗാനങ്ങളുടെ പതിവ് ചിട്ടവട്ടങ്ങൾ മറികടക്കുന്ന മനോഹര കൽപ്പനകൾ: 'കരളിലെ കാടൊരു പൊന്നമ്പലമേടായ്, സുരഭിലചിന്തകൾ കർപ്പൂര കുണ്ഡമായ്, പങ്കജനയനാ മാമകാത്മാവൊരു പതിനെട്ടാം പടിയായി...'' അടുത്ത ചരണമെത്തുമ്പോഴേക്കും അതൊരു ആത്മവിലാപം കൂടിയാകുന്നു: 'കണ്ണീരു കൊണ്ടൊരു പമ്പയൊഴുക്കാം കരിമല പണിതീർക്കാം, മനസ്സൊരു ശരംകുത്തിയാലാക്കി മാറ്റാം, മകരവിളക്ക് തൊഴാം...'' ഓരോ തവണ കേൾക്കുമ്പോഴും അയ്യപ്പസന്നിധാനത്തിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോകാറുണ്ട് ആ പാട്ട്.

ആകാശവാണിയിൽ വെച്ചുള്ള ബന്ധമാണ് സേതുനാഥുമായി ഭാനുവിന്. ദേവസ്വം ബോർഡ് പ്രസിഡണ്ട് ജി പി മംഗലത്തുമഠത്തിന്റെ നിർദ്ദേശപ്രകാരം അയ്യപ്പഗാന ആൽബം ഒരുക്കുമ്പോൾ ഗാനരചയിതാവായി അതിൽ സേതുനാഥിന്റെയും സാന്നിധ്യം ഉണ്ടാവണം എന്നാഗ്രഹിച്ചു അദ്ദേഹം. ആകാശവാണി ലളിതഗാനങ്ങളിലൂടെ അതിനു മുൻപ് തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിരുന്നു സേതുനാഥ്. എംജി രാധാകൃഷ്ണൻ ഈണമിട്ട വാതുക്കലെത്തുന്ന നേരം ചിരിക്കുന്ന വാസന്തിപ്പൂവാണ് ഭാര്യ, ജയവിജയ സംഗീതം നൽകിയ നേരമില്ലാത്ത നേരത്തു വന്നൊരു കാര്യം പറഞ്ഞ കാറ്റേ തുടങ്ങിയ ലളിതഗാനങ്ങൾ മലയാളികൾ ഏറ്റുപാടിയ കാലം. സേതുനാഥും ജയവിജയയും ചേർന്നൊരുക്കി എം ജി രാധാകൃഷ്ണൻ പാടിയ 'ഹിപ്പീ ഹിപ്പീ ഹിപ്പീ പറന്നൊരായിരം ഹിപ്പി'' അന്നത്തെ മറക്കാനാവാത്ത മറ്റൊരു രസികൻ ഓർമ്മ. 1960 -70 കാലഘട്ടത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംഭാഷണ രചയിതാവും കൂടിയാണ് സേതുനാഥ് - കുടുംബിനി, ഉദ്യോഗസ്ഥ, കാത്തിരുന്ന നിക്കാഹ്, മിടുമിടുക്കി.....

'ശരണമയ്യപ്പ''യിൽ വേറെയുമുണ്ടായിരുന്നു ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരും. പി കുഞ്ഞിരാമൻ നായരും എം കെ അർജ്ജുനനും ചേർന്നൊരുക്കിയ 'മണ്ഡലമാസപ്പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ'' (ജയചന്ദ്രൻ), കൈപ്പള്ളി കൃഷ്ണപിള്ള-ജയവിജയ സഖ്യത്തിന്റെ ശ്രീകോവിൽ നട തുറന്നു (ജയവിജയ) എന്നിവ മറക്കാനാവില്ല.

Content Highlights: K. J. Yesudas refused to take payment for recording songs in the classic 'Saranam Ayyappa' album., The emotional depth of the songs composed by K. P. Udayabhanu deeply touched Yesudas., Ravi Menon reflects on the rich history of classical Malayalam devotional music and lyricist K. G. Sethunath.