'പാലാ പള്ളി' ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ, യൂട്യൂബിനെ ഇളക്കിമറിച്ച് 'കടുവ'യുടെ ഗർജനം

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിജയക്കുതിപ്പ് തുടരുകയാണ്. ജേക്സ് ബിജോയ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ കടുവയേ തേടി മറ്റൊരു നേട്ടംകൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്.
പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനമാണ് യൂട്യൂബ് ടോപ്പ് മ്യൂസിക് ലിസ്റ്റിൽ കയറിയത്. ഈ മാസം അഞ്ചാം തീയതി പുറത്തിറങ്ങിയ ഗാനത്തിന് ഏഴ് മില്ല്യണിലേറെ കാഴ്ചക്കാരേയും ലഭിച്ചു. സോൾ ഫോക് ആണ് ഗാനം തയ്യാറാക്കിയത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ഗാനരചന. അതുൽ നറുകര ആലപിച്ച ഗാനത്തിന് തിയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിച്ചത്.
ജേക്സ് ബിജോയിയാണ് ചിത്രത്തിലെ മറ്റുഗാനങ്ങൾ ഒരുക്കിയത്. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: kaduva movie song, pala palli song, youtube top music video list