'സൽകലാദേവിതൻ ചിത്രഗോപുരങ്ങളെ..'; പാട്ട് പ്രസിദ്ധമായി, പാടിയ ഗംഗാധരൻ മറവിയിലേക്ക് മാഞ്ഞു

പാടിപ്പുകഴ്ത്തപ്പെടാത്ത കലാകാരന്മാരും കുട്ടികളുടെ ആഹ്ലാദമേളയെ സ്വാഗതം ചെയ്യും. തൃശ്ശൂരിലേക്ക് വീണ്ടും സ്കൂൾ കലോത്സവമെത്തുമ്പോൾ നാടിന്റെ പേരുള്ളൊരു സംഗീതകാരനും മൺമറഞ്ഞ ഗായകനായ അച്ഛനും 'സൽകലാദേവിതൻ ചിത്രഗോപുരങ്ങളെ' ഓർമകളിലേക്ക് ആനയിക്കും.
കലാനിലയം നാടകവേദിയുടെ അവതരണഗാനമായ 'സൽകലാദേവിതൻ ചിത്രഗോപുരങ്ങളെ സർഗസംഗീതം മുഴക്കൂ...' എന്നത് ഏതു നാടകത്തിന്റെയും തുടക്കമായി കണക്കാക്കപ്പെട്ടൊരു കാലമുണ്ടായിരുന്നു. പാടിമറഞ്ഞവരിലൊരാൾ തൃശ്ശൂർ സ്വദേശി. മകൻ പേരിനൊപ്പം തൃശ്ശൂർ ഉള്ള ഗായകൻ. Xgen-ന് അറിയാത്ത അവർ, കെപിഎസി ഗംഗാധരൻ എന്ന പി.എം. ഗംഗാധരനും മകൻ നൗഷാദ് തൃശ്ശൂരും.
പാപ്പനംകോട് ലക്ഷ്മണൻ എഴുതി ദക്ഷിണാമൂർത്തി സംഗീതം പകർന്ന് കമുകറ പുരുഷോത്തമനോടും കൊച്ചിൻ അമ്മിണിയോടുമൊപ്പം ഗംഗാധരൻ പാടിയ സൽകലാദേവി കലാനിലയത്തിന്റെ 'ഇന്ദുലേഖ' എന്ന നാടകത്തോടൊപ്പം പ്രസിദ്ധമായി. എന്നാൽ ഗംഗാധരൻ മറവിയിലേക്ക് മാഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച ഗംഗാധരൻ കെപിഎസി നാടക ഗ്രൂപ്പിൽ പാടി കെപിഎസി സംഗാധരൻ എന്ന പേരു 'നേടി'. കെ.എസ്. ജോർജ് കെപിഎസി വിട്ടശേഷം ഗായിക സുലോചനയോടൊപ്പം ഇന്ത്യ മുഴുവൻ ഗാനമേളയുമായി കറങ്ങി. ഇന്ദുലേഖയിലെ 'നിമിഷം മാത്രം മനുജാ', 'വഴിത്തരമാറിയില്ല', 'ശരശയ്യ'യിലെ 'തനിച്ചിരുന്ന് തക്കിടി നോൽക്കും മനുജാ' എന്നിവ ഗംഗാധരന്റേതാണ്. 'അഗ്നിഗോളം' എന്ന നാടകത്തിൽ പി.കെ. ഗോപാലൻ എഴുതി എം.കെ. അർജുനൻ സംഗീതം പകർന്ന 'കുങ്കുമപ്പുകൂടക്കാരി തങ്കപ്പാദസരക്കാരി', 'അച്ചുതണ്ടിൽ തിരിയുന്ന ഭൂഗോളം ഞാനതിലെരിയുന്ന തീഗോളം' എന്ന വിഖ്യാത ഗാനങ്ങൾ പാടിയത് ഗംഗാധരനാണ്!
സിപിഐയുടെ ചകിരിത്തൊഴിലാളി യൂണിയൻ സമരത്തിൽ പങ്കെടുത്തു. ഔപചാരികമായി സംഗീതം പഠിച്ചില്ല. നാടകത്തിലും ആകാശവാണിയിലും പാടിയും പിന്നെ കഥാപ്രസംഗത്തിൽ പയറ്റിയും ഗംഗാധരൻ നിറഞ്ഞു. മദ്രാസിൽ പോയി എച്ച്എംവി കാസറ്റുകൾക്ക് പാടി. ഓർക്കസ്ട്ര ചെയ്തത് എ.ആർ. റഹ്മാന്റെ പിതാവ് ആർ.കെ. ശേഖർ. ഉണ്ണിയാർച്ച, നീലിസാലി എന്നീ സിനിമകളിൽ സപ്പോർട്ട് പാടി. 1988-ൽ 50 വയസിനു മുമ്പ് അന്തരിച്ചു. സാമ്പത്തികമായി ഒന്നും നേടിയില്ല. തൃശ്ശൂർ പട്ടണത്തിനടുത്ത് വടൂക്കരയിൽ അഞ്ച് സെന്റിൽ വീട് പണിത് നൽകിയത് സുഹൃത്തുക്കൾ. അവിടെ ഗംഗാധരന്റെ ഒരേയൊരു ഫോട്ടോ മാത്രം അവരുടെ പക്കൽ.
ഗംഗാധരന് നാലു മക്കൾ- നൗഷാദ് തൃശ്ശൂർ, തൃശ്ശൂർ ബാലഭവനിൽ മൃദംഗം അധ്യാപകനായ ബിജു, ലീന, രേഖ. നൗഷാദ് ഗായകനും കംപോസറുമാണ്. 1984-85 കാലത്തെ സ്റ്റേജ് ഗാനമേള രംഗത്തെ അറിയപ്പെടുന്ന പേരാണ് നൗഷാദ് തൃശ്ശൂർ. കോയമ്പത്തൂർ മല്ലിശ്ശേരി ഓർക്കസ്ട്രയിൽ പാടുമ്പോൾ പ്രായം 17. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകൾ പാടി കൈയടി നേടി. ട്രിച്ചൂർ വേവ്സിൽ ഏഴുവർഷം ഗായകനായി. പിന്നെ ചെന്നൈയിൽ എത്തി, അലഞ്ഞു. മോഹൻലാൽ അഭിനയിച്ച 'കൈയെത്തും ദൂരത്ത്' എന്ന സിനിമയിൽ സോളോ പാടി. ജോൺസൺ അടക്കമുള്ള സംഗീത സംവിധായകരുടെ സിനിമകളിൽ ട്രാക്ക് പാടി. 'സൂത്രധാരൻ' എന്ന സിനിമയിൽ രവീന്ദ്രന്റെ സംഗീത സംവിധാനത്തിൽ നാലുവരി ഖവ്വാലി പാടി. തെലുങ്ക്, തമിഴ് സിനിമകൾക്കും മലയാളത്തിൽ എഴുതിനോക്കി ട്രാക്ക് പാടി. പിന്നെ നാട്ടിലെത്തി കംപോസിങ്ങിൽ ശ്രദ്ധയൂന്നി. വീട്ടിൽത്തന്നെ സ്റ്റുഡിയോ. കുട്ടികൾക്ക് പിയാനോ ക്ളാസ് എടുക്കുന്നു. നിരവധി ഭക്തി ഗാനങ്ങൾ ചിട്ടപ്പെടുത്തി. സ്വാമി അഭയം, ഗുരുപ്രസാദം, ദേവയാനം, ശങ്കരൻകാവിലമ്മ, ചക്കുളത്തമ്മ എന്നിവ ശ്രദ്ധേയമായ ആൽബങ്ങൾ. റഫീക്ക് അഹമ്മദ് എഴുതി വീത് രാഗ് പാടിയ 'ഹൃദയോത്സവ'ത്തിന് സംഗീതം പകർന്നു. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഏറ്റവും ഒടുവിൽ എഴുതി ജയചന്ദ്രൻ അവസാനനാളുകളിൽ പാടിയ 'ഹരികന്യാമൃതം' എന്ന ആൽബത്തിന് സംഗീതമേകിയതും നൗഷാദാണ്.
Content Highlights: Remembering KPAC Gangaradran, the voice behind `Salkala Devithan Chitragopurangale`, and his legacy